ഭാരത സംസ്കാരം- BY ബേസിൽ ജോസ്

 508 total views

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 1

ഭാരതത്തിന്റെ സംസ്കാരിക പാരമ്പര്യത്തെ വ്യക്തമായി വ്യാഖ്യാനിക്കാൻ മാത്രമാണ് ഈ ലേഖനത്തിൽ ശ്രമിക്കു ന്നത്. ഇതെഴുതാൻ ഇടയായ സാഹചര്യം ചില ഹൈന്ദവ സഹോദരൻമാർ ഹൈനവ പാരമ്പര്യത്തെ പുകഴ്ത്തിയും മറ്റുള്ളവരെല്ലാം ഭാരതത്തിന്റെ സംസ്ക്രിതിയെ നശിപ്പിച്ചു എന്നും പറയുകയുണ്ടായി. അതിനൊരു മറുപടി എഴുതണമെന്ന് ചില സഹോദരൻമാര നിർബന്ധിച്ചതുകൊണ്ടുള്ള ഒരു ചെറിയ ഉദ്യമം. ഈ വിഷയത്തിൽ അറിവ് തികഞ്ഞവനല്ല പോരായ്മകൾ മനസിലാക്കിക്കൊണ്ടു തന്നെയുള്ള ഒരു എളിയ ശ്രമം. സ്വാമി ധർമതീർത്ഥ മഹാരാജ് എഴുതിയ ഹൈന്ദവ ദുഷ്പ്രഭുതാ ചരിത്രം എന്ന ഗ്രന്ഥവും ഡോ. ബി. ആർ. അംബേദ്ക്കറുടെ ജതികൾ ഇന്ത്യയിൽ എന്ന ഗ്രന്ഥവും ഇതിന് ആധാരമായിട്ടുണ്ട് എന്ന് ആദ്യമെ പറയട്ടെ.

ഏകദേശം 5000 വർഷത്തെ പരമ്പര്യം മാത്രം ഉണ്ടായിരുന്ന ഭാരത സംസ്ക്കാരത്തെ 10000 വർഷത്തെ പാരമ്പര്യം ആക്കി മാറ്റാൻ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. (മാത്യഭൂമി വരാന്തപ്പതിപ്പ് അര മണിക്കൂർ മുൻപെ പുറപ്പെട്ടതിന്റെ ഗുണങ്ങൾ) ഇനി വേണമെങ്കിൽ 20000 ആക്കാം.

പ്രസിദ്ധരായ നരവംശ ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ ഇന്ത്യൻ ജനത ദ്രാവിഡർ ആര്യൻമാർ മംഗോളിയർ സൈത്യർ എന്നിവർ കലർന്നുണ്ടായ ഒരു സമൂഹം ആണ്. ഭാരതം എന്ന ഈ ഭൂവിഭാഗം ഉണ്ടായപ്പോൾ തന്നെ ഇവിടെ മനുഷ്യരും ഉണ്ടായി എന്ന് ചിന്തിക്കുന്നത് തന്നെ മൗഢൃം ആണല്ലൊ. ആദിമ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു എന്ന് കരുതുന്ന മദ്ധ്യപൂർവ ഏഷ്യയിൽ നിന്ന് തന്നെയാണ് ഭാരതമെന്ന ഈ ഭൂവിഭാഗത്തിലേക്ക് ജനങ്ങൾ കടന്ന് വന്നത്. ചരിത്രപരമായ വസ്തുതകൾക്കനുസരിച്ച് ആദ്യം എത്തിച്ചേരന്നവരാണ് ദ്രാവിഡർ. അങ്ങനെ അവർ ഭാരതത്തിന്റെ ആദിമ വാസികളായി. ദ്രാവിഡർ രണ്ട് വിഭാഗമായി വേർതിരിയപ്പെട്ടു കാട്ടിൽ മാത്രം വസിക്കാൻ ഇഷ്ടപ്പെട്ട ആദിവാസികളും കുറച്ച് കൂടി സംസ്ക്കാരിക അഭിവൃദ്ധി നേടിയ ദ്രാവിഡരും. തുടർന്ന് ആര്യൻമാരും മംഗോളിയരും സൈത്യരും വിവിധ കാലഘട്ടങ്ങളിൽ ഇന്ത്യയിലേക്ക് വന്നു. ഭാരതത്തിലെ ജനങ്ങളുടെ വാസസ്ഥലങ്ങൾ ശ്രദ്ധിച്ചാൽ നമുക്കത് വ്യക്തമായി മനസിലാക്കാൻ കഴിയും. പരസ്പരം ആവോളും യുദ്ധം നടത്തി തളർന്ന് അവർ നല്ല അയൽക്കാരായി ചിലപ്പോഴെക്കെ ഇടകലർന്നും പാർക്കുവാൻ തുടങ്ങി.

1922 ൽ പുരാവസ്തു ഗവേഷകർ പഞ്ചാബിലെ രവി നദിയുടെ തീരത്ത് ഹാരപ്പയിൽ നിന്നും സിന്ധു നദീതീരത്ത് മോഹൻജെദാരോവിലും നിന്നും കണ്ടെടുത്തത് മഹത്തായ ഒരു സംസ്ക്കാരത്തിന്റെ ശേഷിപ്പുകളായിരുന്നു. ആ കാലഘട്ടം BC 2500 ആയിരിക്കാം എന്ന് കണക്കാക്കപ്പെടുന്നു. ഈ സംസ്ക്കാരത്തെക്കുറിച്ചൊ ജനതയെക്കുറിച്ചൊ ഇതിഹാസങ്ങളിലൊ പുരാണങ്ങളിലൊ സൂചനകളില്ല. ആര്യൻമാർ ഇന്ത്യയിൽ വരുന്നതിന് മുൻപ് സിന്ദു ഗംഗാനദീതടങ്ങളിൽ ദ്രാവിഡരുടെ പുരാതന സംസ്ക്കാരം നില നിന്നിരുന്നു എന്ന് നമുക്ക് കാണാം. അത് ഉത്തര ഭാരതത്തിൽ മാത്രമല്ല ദക്ഷിണ ഭാരതത്തിലും ഉണ്ടായിരുന്നു എന്നുള്ളതാണ് യാഥാർത്യം. ആര്യൻമാരുടെ ഭാഷയായ സംസ്കൃതം ഭാരതത്തിന്റെ ആദിമ ഭാഷയെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും പുരാതന ഭാഷകളിൽ ഒന്നാണ് തമിഴ്. തെലുങ്കും കന്നടയുമെല്ലാം സംസ്കൃതത്തിനേക്കാളും പഴയത് തന്നെ.

എന്നാൽ ആര്യൻമാർ സംസ്കാരികമായി അത്രയൊന്നും പുരോഗമിച്ചീടില്ലാത്ത ഇടയജാതിയായിരുന്നു. മാത്രമല്ല അവർ അശ്വാരൂഡരും യുദ്ധ നൈപുണ്യരും ആയിരുന്നു. അവർക്ക് വളരെ എളുപ്പത്തിൽ സമാധാന കാംഷികളായ ദ്രാവിഡരെ തോൽപ്പിക്കാൻ കഴിഞ്ഞു. ദ്രാവിഡർക്ക് ഉറപ്പുള്ള നഗരങ്ങളും കോട്ടകളും ഉണ്ടായിരുന്നത് കൊണ്ട് പലപ്പോഴായി യുദ്ധത്തിൽ സഹായം ആവശ്യപ്പെട്ടുകൊണ്ട് അവർ തങ്ങളുടെ ദേവൻമാരായ ഇന്ദ്രൻ വരുൺ അഗ്നി കാറ്റ് മുതലായ പ്രകൃതി ശക്തി കളോട് നടത്തിയ പ്രാർത്ഥനകൾ ഋക് വേദങ്ങളിൽ കാണാൻ കഴിയും. ആര്യൻമാർ ക്രൂരൻമാരും തങ്ങളുടെ ആരോഗ്യം സമ്പത്ത് എന്നിവയെക്കുറിച്ച് മാത്രം വിചാരമുള്ളവരുമായിരുന്നു. അവർ ദ്രാവിഡരെ അഭിസംഭോദന ചെയ്തിരിക്കുന്നത് ദസ്വുകൾ എന്നാണ്. ദ്രാവിഡരോടുള്ള കടുത്ത എതിർപ്പ് കൊണ്ട് അവരെ അസുരൻമാരെന്നും രാക്ഷസൻമാരെന്നും വാനരൻമാരെന്നും ഒക്കെ അവരുടെ ഗ്രന്ഥങ്ങളിൽ വിളിച്ചീടുണ്ട്.

ആര്യൻമാർ ഭാരതത്തിൽ വരുന്നതിന് മുൻപ് തന്നെ ഇവിടെ സംസ്കാര സമ്പന്നരായ ഒരു ജനത ഉണ്ടായിരുന്നു എന്നുള്ളത് യാഥാർത്യമാണ്.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 2

ഞാൻ ഇന്നലെ എഴുതിയ ലേഖനത്തിലെ ആര്യൻ കുടിയേറ്റത്തെ ചില ഹൈന്ദവ സുഹൃത്തുക്കൾ എതിർക്കുകയും. അത് ക്രൈസ്തവ മിഷനറിമാർ കെട്ടിച്ചമച്ചതാണെന്ന് പറയുകയും ചെയ്തത് കൊണ്ട് ഇന്ന് ആര്യൻ കുടിയേറ്റത്തെക്കുറിച്ച് വിശദമായി എഴുതണം എന്ന് കരുതുന്നു.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹുറു എഴുതുന്നു. ” ഇന്ത്യയിലെ പുരാതന നാഗരികതയെക്കുറിച്ചും ദ്രാവിഡൻമാരെക്കുറിച്ചും ആര്യൻമാരുടെ വരവിനെക്കുറിച്ചും പഴയ കത്തുകളിൽ ഞാൻ എഴുതിയിട്ടുണ്ടല്ലൊ…. ഇന്ത്യയിലൊരു മഹത്തായ സംസ്ക്കാരം ഉണ്ടായിരുന്നത് ആര്യൻമാരുടെ വരവിന് മുമ്പായിരുന്നു…. ആര്യൻമാർ ഇന്ത്യയിൽ പ്രവേശിച്ച കാലത്ത് തന്നെ നമ്മുടെ രാജ്യം നാഗരികത്വം പ്രാപിച്ചു കഴിഞ്ഞിരുന്നു…. ദ്രാവിഡരുടെ ഭാഷകൾ ആര്യ സംസ്കാരത്തിന്റെ സന്താനങ്ങളല്ല.”

ചരിത്ര പണ്ഡിതനായ കെ എം പണിക്കർ എഴുതുന്നു. “ആര്യൻമാർ സംസ്കാരത്തിൽ അധികം പുരോഗമിച്ചിട്ടില്ലാത്ത ഇടയ ജാതിയായിരുന്നു. അവർക്ക് എതിർക്കേണ്ടി വന്ന ഹാരപ്പ നിവാസികളൊ നഗരവാസികളും സംസ്കാര സമ്പന്നരും ആയിരുന്നു. …എന്നാൽ ആര്യൻമാർ ബലശാലികളും അശ്വാരൂഡരുമായിരുന്നത് കൊണ്ട് അവർക്ക് ഹാരപ്പാ നിവാസികളെ കീഴടക്കാൻ കഴിഞ്ഞു.

ഡോ അയ്യപ്പൻ എഴുതുന്നു ” ഭാഷയുടേയും സംസ്കാരത്തിന്റേയും ഐക്യത്തിനാൽ പ്രാചീന ഇറാനിയരും ആര്യരും ഒരേ പ്രാചീന ജനതയുടെ ശാഖകൾ എന്നതിന് ശംശയമില്ല. ഇറാൻ എന്ന പദം തന്നെ ആര്യൻ എന്നതിന്റെ ഒരു സമാന പദമാണ്. ഇറാനിയൻ ഭാഷയുടെ പഴയ രൂപം കാണുന്നത് സൊരാഷ്ട്രരുടെ ഗ്രന്ഥമായ അവെസ്തയിൽ ആണ്. ആര്യൻമാർ കാസ്പിയൻ കടലിന് കിഴക്കുള്ള കെറോസ്മിയയിൽ ഉണ്ടായിരുന്ന ദഹായ് മാരെ ആക്രമിച്ച് കീഴടക്കിയ ചരിത്രം ഖനനത്തിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ആ ദഹായ് നിവാസികളെ വിളിച്ചപേരിന്റെ ഓർമ കൊണ്ടാകാം ഇന്ത്യയിലെ ആദിമ നിവാസികൾക്ക് ദസ്വു എന്ന് ആര്യൻമാർ വിളിച്ചത്.

ബി കെ ഘോഷ് എഴുതുന്നു പേർഷ്യയിൽ നിന്നാണല്ലൊ അര്യൻമാർ ഇന്ത്യയിലേക്ക് പ്രവേശിച്ചത്.

ഹിന്ദുമതം ഒരു ലഘു വീക്ഷണം എന്ന ഗ്രന്ഥത്തിൽ ശ്രീദാനന്ദ സ്വാമി എഴുതുന്നു ഒന്നിലേറെ സുക്തങ്ങളിൽ ഇന്ദ്രനും വരുണും ദസ്യുക്കളേയും ദാസൻമാരേയും തോൽപിച്ചു എന്ന പരാമർശം ഉണ്ട് ദസ്യു എന്ന പദത്തിന് ശത്രു എന്നർത്ഥം. ശത്രുക്കളായ ഇക്കൂട്ടരെ ആര്യൻമാർ ജയിച്ച് കീഴടക്കി.

ഹിന്ദുമതം എന്ന ഗ്രന്ഥത്തിൽ വി. ബാലകൃഷ്ണൻ എഴുതുന്നു. ” ഏറ്റവും പഴക്കമുള്ള സംസ്കാരം സിന്ധു നദീതട സംസ്കാരം ആണ്. BC 2500 ആയപ്പോഴേക്കും ഇത് വളരെയേറെ പുരോഗമിച്ചിരുന്നു. ആര്യൻമാരുടെ ആക്രമണമൊ വെള്ളപ്പൊക്കമൊ മൂലം ഈ സംസ്കാരം നശിച്ച് പോയി. സംസ്ക്രത ഭാഷ സംസാരിക്കുന്ന ഇടയൻമാരാണ് ആര്യൻമാർ. ഇവരുടെ മതത്തിന്റെ അടിസ്ഥാനം ഋഗ്വേദമാണ്. വേദങ്ങളിൽ കാണുന്ന മതം ബഹുദേവന്മാരെ ആരാധിക്കുന്നു. ഈ മതത്തിനും ഇവരുടെ ഐഹിത്യങ്ങൾക്കും ഇറാൻ ഗ്രീസ് റോം തുടങ്ങിയ പ്രദേശങ്ങളിലെ പ്രാചീന ദേവന്മാരോടും ഐതിഹ്യങ്ങളോടും സാമ്യമുണ്ട്.

ആര്യൻമാർ എന്ന പൊതു പേരിലറിയപ്പെടുന്ന ജന വിഭാഗത്തിൽ ഒരു കൂട്ടർ പടിഞ്ഞാറോട്ട് പോകുകയും റോമിലേയും ഗ്രീസിലേയും സംസ്കാരങ്ങൾക്ക് രൂപം നൽകുകയും മറ്റൊരു കൂട്ടർ കിഴക്കോട്ട് പോകുകയും സൈന്ധവസംസ്കാരത്തെ നശിപ്പിച്ച് സ്വന്തം വൈദിക സംസ്കാരം പടുത്തുയർത്തുകയും ചെയ്തു എന്നുള്ളതാണ് വസ്തുത. (അല്ലാതെ അവർ പറയുന്നത് പോലെ ഗ്രീസിൽ നിന്നും റോമിൽ നിന്നും ആളുകൾ ഭാരതത്തിൽ വന്ന് ഭാരതീയ സംസ്കാരം പഠിച്ച ശേഷം അവിടെ സ്ഥാപിക്കുകയായിരുന്നില്ല. അത് യുക്തിക്ക് പോലും നിരക്കുന്നതല്ല.)

ആര്യ കുടിയേറ്റത്തിന്റെ ചരിത്രം ലോകം അംഗികരിക്കപ്പെട്ടതാണ്. മനുഷ്യൻ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയുള്ള കുടിയേറ്റം ഇന്നും ഇന്നലയും തുടങ്ങിയതല്ല. ആര്യൻ കുടിയേറ്റത്തെക്കുറിച്ച് ഇവിടെ പറഞ്ഞതൊന്നും ക്രൈസ്തവ മിഷനറിമാരല്ലന്നു കൂടി ഓർപ്പിക്കട്ടെ

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 3

കഴിഞ്ഞ ദിവസം ഭാരതത്തിലേക്കുള്ള ആര്യൻ കുടിയേറ്റത്തിന്റെ തെളിവുകൾ നിരത്തിയിരുന്നു എന്നാൽ നമ്മുടെ ചില ഹൈന്ദവ സുഹൃത്തുക്കൾ അത് അംഗീകരിക്കാൻ തയ്യാറല്ല എന്നറിയിച്ചു. അവരുടെ അഭിപ്രായത്തിൽ ചുരുക്കം ചില ചരിത്രകാരൻമാരൊ വ്യക്തിത്വങ്ങളൊ പറഞ്ഞത് മാത്രമാണ് ശരി. മറ്റുള്ളവരെല്ലാം ഹിന്ദുവിന്റെ ശത്രുക്കൾ ആണ്. തങ്ങൾക്ക് അനുകൂലമായി പറയാത്തവരെല്ലാം ശരിയല്ല എന്ന് ചിന്തിക്കുന്നത് തന്നെ എത്ര മോശവും ബാലിശവുമാണ്. ഉന്നതമായ സംസ്ക്കാരവും ഉദാത്തമായ മൂല്യങ്ങളും ഉള്ളവർ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. ഇന്ത്യയിലെ ആര്യൻ കുടിയേറ്റത്തെ എതിർക്കുന്നവർക്ക് അതിന് ഉപോത്ബലകമായ തെളിവുകൾ നിരത്താൻ കഴിയുന്നില്ല. ഇത്ര വ്യത്യസ്തമായ ജനത ഭാരതത്തിൽ എങ്ങനെ ഉണ്ടായി എന്നും പറയാൻ കഴിയുന്നില്ല.

അനുകുലമായ ചില തെളിവുകൾ കൂടി നൽകട്ടെ.
1. ആര്യ ഭാഷയായ സംസ്കൃതത്തിന് ഇറാനിയൻ ഗ്രീക്ക് ജർമ്മൻ… ഭാഷകളുമായുള്ള വ്യാകരണപരവും ശൈലീ പരവുമായ സാമ്യം.
2. ഭാരതത്തിലെ ആദ്യമ നാഗരികളിൽ ഒന്നായ ഹാരപ്പ സിദ്ധു നദീതട സംസ്കാരത്തിലെ മത വിശ്വാസത്തിന് ആര്യ മത വിശ്വാസവുമായി സാമ്യമില്ലാത്തത്.
3. DNA പരമായി ആര്യൻമാരുടെ പിൻഗാമികളെന്ന് കരുതുന്ന ഭാരത നിവാസികൾക്ക് ഇറാനിയൻ യൂറോപ്യൻ ജനതക്കുള്ള സാമ്യം.
4. സ്വരാഷ്ട്ര മത ഗ്രന്ഥങ്ങൾക്ക് ഋഗ് വേദവുമായുള്ള സാമ്യം .
5. പുരാതന കാലത്തിന്റെ മുഖമുദ്രയായിരുന്നു കുടിയേറ്റം.
6. ഭാരതീയ ജനതയുടെ ജനിതകപരമായ വ്യത്യാസം ( വിഭിന്ന ജനതകളുടെ സങ്കരമാണ് ഭാരതീയ ജനത. കുടിയേറ്റങ്ങൾ നടന്നീട്ടില്ലെങ്കിൽ ദക്ഷിണ ഉത്തര പൂർവ്വ പശ്ചിമ ഭാരതീയർ തമ്മിൽ ഇത്ര വ്യത്യാസം എങ്ങനെ വന്നു)

ഇറാനും ഇറാഖും ഒക്കെ ഭാരതത്തിന്റെ ഭാഗമായിരുന്നു. അത് കൊണ്ട് ആര്യൻമാർ ഇന്ത്യക്കാർ തന്നെ എന്നൊരു വാദവും ചിലർ ഉന്നയിച്ച് കണ്ടു. അവർ പറയുന്ന BC 8000ത്തിൽ സുശക്തമായ ഒരു രാജഭരണം ഇന്ത്യയിൽ നിലനിന്നിരുന്നു എന്ന് പറയുന്നത് യുക്തിസഹമല്ല. BC 2500 ലൊ 2000 ത്തിലെ പോലും ഇങ്ങ് കന്യാകുമാരി മുതൽ ഇറാൻ വരെയുള്ള വിസ്തൃതമായ ഒരു ഭൂപ്രദേശം ഒരു രാജ്യമായി ഭരിക്കുക അസാധ്യമാണ്. മാത്രമല്ല ഒരു ഭരണ സംവിധാനത്തിൻ കീഴും നിൽക്കാതെ സഞ്ചരിക്കുന്ന നൊമാഡ്സ് / ജിപ്സികൾ അഥവ ഇടയജാതി ആ കാലഘട്ടത്തിൽ സർവ്വസാധാരണമായിരുന്നു.

പ്രിയ ശ്രോതാക്കളെ മതം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിശദ്ധീകരിക്കപ്പെടേണ്ടതാണ്. ഒരാൾക്ക് എന്തും വിശ്വസിക്കാം മറ്റൊരാളുടെ യുക്തിക്ക് അത് ബോധ്യപ്പെടേണ്ടതില്ല. എന്നാൽ ചരിത്രം അങ്ങനെയല്ല വസ്തുതകളുടെ അടിസ്ഥാനത്തിൽ വേണ്ടെ വ്യാഖ്യാനിക്കപ്പെടുവാൻ.

അവർ അംഗീകരിക്കുന്ന ബാലഗംഗാധര തിലകിന്റെ അഭിപ്രായത്തിൽ ആര്യൻമാർ ദ്രുവ പ്രദേശത്ത് നിന്ന് കുടിയേറിയവരാണ്. (ആര്യ കുടിയേറ്റം അദ്ദേഹം അംഗീകരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലൊ) അംബേദ്കർ ആര്യ കുടിയേറ്റത്തെ അംഗീകരിക്കുന്നില്ല എന്ന് അവർ പറയുകയുണ്ടായി ശരിയാണത് ചാതുർവർണ്യവ്യവസ്ഥതിയിലേക്കുള്ള ഭാരതീയരുടെ പരിവർത്തനത്തെക്കുറിച്ച് അദ്ദേഹത്തിന് മറ്റൊരു അഭിപ്രായം ആണുള്ളത്. (ജാതി വ്യവസ്ഥയെക്കുറിച്ചുള്ള വിവരണത്തിൽ നമുക്ക് ആ ഭാഗം വിശദമായി ചിന്തിക്കാവുന്നതാണ്.) എന്നാൽ ഭാരതീയർ ദ്രാവിഡർ, ആര്യർ, മംഗോളിയർ, സൈത്യർ എന്നിവരുടെ സങ്കരമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു കാര്യം കൂടി ചേർത്ത് പറയട്ടെ ഇന്ത്യ നന്നാവണമെങ്കിൽ ഹിന്ദുമതം നശിക്കണമെന്നും. ഹിന്ദു മതം ഹിറ്റ്ലറുടെ നാസിസത്തേക്കാൾ ഭീകരമാണെന്നും അംബേദ്ക്കർ പറഞ്ഞത് അവർ വിശ്വസിക്കുന്നുണ്ടൊ എന്നറിയില്ല.

ഭാരതത്തിലേക്കുള്ള വിവിധ ജനതയുടെ കുടിയേറ്റത്തെ എതിർക്കുന്നവർ ചില ചോദ്യങ്ങൾക്ക് മറുപടി നൽകട്ടെ. ഭാരതത്തിൽ ഒരു ജന വിഭാഗം എങ്ങനെ ഉണ്ടായി? അവർ മറ്റ് സ്ഥലങ്ങളിൽ നിന്ന് കുടിയേറി വന്നവരൊ ഇവിടെ സ്വയംഭൂവായവരോ? മൂന്ന് വശവും സമുദ്രത്താൽ ചുറ്റെപ്പെട്ട ദക്ഷിണ ഭാരതത്തിലേക്ക് ജനങ്ങൾ കടന്ന് വരണമെങ്കിൽ അത് ഉത്തര ഭാരതത്തിൽ നിന്നായിരിക്കണം. അങ്ങനെ ഉത്തര ഭാരതത്തിൽ നിന്നും വന്ന് ദക്ഷിണ ഭാരതത്തിൽ താമസമുറപ്പിച്ച ഭാരതീയരും ഇപ്പോൾ ഉത്തര ഭാരതത്തിൽ വസിക്കുന്ന ഭാരതീയരും തമ്മിൽ നിറത്തിൽ സംസ്കാരത്തിൽ ആരാധനാ രീതികളിൽ ഭാഷയിൽ ഇത്ര വ്യത്യാസം എങ്ങനെ വന്നു? ഒരേ വംശം തന്നെയായിരുന്നുവെങ്കിൽ ഒരേ മതം തന്നെയായിരുന്നുവെങ്കിൽ ഇത്രയും വൈജാത്യങ്ങൾ വരുമായിരുന്നുവൊ? ഭാരതത്തിലെ പൂർവ്വ ദിക്കിൽ താമസിക്കുന്നവർക്ക് മംഗോളിയരുമായുള്ള സാമ്യം അവരുടെ മുഖത്ത് നോക്കി എങ്ങനെ നിഷേധിക്കാൻ കഴിയുന്നു? ഒരിക്കലെങ്കിലും അവരെ കണ്ടീടുള്ളവർക്ക് ഇതര ഭാരതീയരും അവരും ഒര് വംശമായിരുന്നു എന്ന് എങ്ങനെ പറയാൻ കഴിയും? ഗോത്ര സംസ്കാരം ഇന്നും കാത്ത് സൂക്ഷിക്കുന്ന അവരും മറ്റ് അനേക ഗോത്ര വർഗങ്ങളും വേദിക സംസ്കാരവുമായി ഒരു ബന്ധവും ഇല്ലന്ന് പറയുന്നില്ലെ?

അപ്പോൾ ഭാരതീയ ജനത തന്നെ സ്വയം വിളിച്ച് പറയുന്നു കടന്ന് വരവുകളെ കുറിച്ച്. കാലഘട്ടങ്ങളിൽ വ്യത്യാസം കാണുമായിരിക്കും.

ഭാരതീയർ എല്ലാവരേയും സ്വാഗതം ചെയ്യുന്നവരാണെന്നും ഭാരതത്തിലേക്ക് കടന്ന് വന്ന അധിനിവേശക്കാർ ഭാരതത്തെ തകർത്തു എന്നും പറയുകയുണ്ടായി. അത് തികച്ചും ശരിയാണ്. ആ വിഷയത്തെക്കുറിച്ച് യുക്തിസഹമായി നമുക്കൊന്ന് ചിന്തിക്കാം. അധിനിവേശങ്ങൾ എല്ലാക്കാലത്തും വലിയ നാശങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതോടപ്പം ചില നേട്ടങ്ങളും. ഭാഷയും കലയും സംസ്കാരവും വികസിക്കുന്നു എന്നതാണ് നേട്ടം. മുഗളരും (മുസ്ലീങ്ങൾ ) പശ്ചാത്യരും (ക്രിസ്ത്യാനികൾ ) ആണ് ഭാരതത്തെ തകർത്തതെന്ന് ചിലർ പറയുന്നു. മുഗളരുടെ ആഗമനം മൂലം ഇസ്ലാം മതത്തിന് വലിയ സ്വാധീനം ഭാരതത്തിൽ ഉണ്ടായി അനന്തര ഫലമായി ഭാരതം മൂന്ന് രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു എന്നത് വസ്തുതയാണ്. എന്നാൽ സുശക്തമായ ഭരണ സംവിധാനം ഉണ്ടായതും കലയും ഭാഷയും പരിപോഷിപ്പിക്കപ്പെട്ടതും നല്ല റോഡുകൾ ഉണ്ടായതും ചരിത്രങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതും നേട്ടങ്ങൾ തന്നെയാണ്. പശ്ചാത്യ അധിനിവേശം കൊണ്ട് ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കപ്പെട്ടത് വലിയൊരു കോട്ടമാണ്. എന്നാൽ ഏകീക്രത നിയമ സംവീധാനമുണ്ടായതും നാട്ടുരാജ്യങ്ങളായിരുന്ന ഭാരതം ശക്തമായ രാജ്യമായി തീർന്നതും റെയിൽവെ സംവിധാനം കടന്ന് വന്നതും പല അനാചാരങ്ങളും അവസാനിച്ചതും പല ഭാഷകൾക്കും ലിപിയും വ്യാകരണവും ഉണ്ടായതും നേട്ടങ്ങൾ തന്നെയാണ്. (മുഗളരുടേയും പശ്ചാത്യരുടേയും അധിനിവേശങ്ങൾ കൊണ്ടുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും മറ്റൊരവസരത്തിൽ വിശദമായി ചിന്തിക്കാം)

എന്നാൽ ഭാരതത്തിന് ഒരിക്കലും മറക്കുവാനും പൊറുക്കുവാനും കഴിയാത്ത ഒരു അധിനിവേശത്തെ നമ്മൾക്കെങ്ങനെയാണ് തമസ്കരിക്കാൻ കഴിയുക. ലോകത്തിലെ ഏറ്റവും പൗരാണികവും വികസിതവുമായ സംസ്കാരങ്ങളിൽ ഒന്നായിരുന്നു ഭാരത സംസ്കാരം. (അതിനെക്കുറിച്ച് വിശദമായി അടുത്ത ഭാഗത്ത് എഴുതുന്നതാണ്) ഭാരതത്തിലെ മനുഷ്യർ എല്ലാവരും ഉച്ഛ നീചത്വങ്ങളില്ലാതെ സാഹോദര്യത്തോടെ വസിച്ചിരുന്നു. എന്നാൽ ആ സംസ്ക്കാരത്തെ മുച്ചൂടും നശിപ്പിച്ച് ഭാരതീയരെ വിഭജിച്ച് തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാക്കി ജാതി വ്യവസ്ഥതികളുടെ തടവറക്കകത്തടച്ച ആര്യ മത അധിനിവേശത്തോളം വരികയില്ല മറ്റൊരു അധിനിവേശവും. മുഗളരുടെ അധിനിവേശം കൊണ്ടുണ്ടായ അപചയത്തെ നാം മറികടന്ന് കൊണ്ടിരിക്കുന്നു. നമ്മെ കൊള്ളയടിച്ച ബിലാത്തികൾ ഷയിക്കുകയും നാം വളരുകയും ചെയ്തു. എന്നാൽ പരസ്പരമുള്ള വൈവാഹിത ബന്ധം വിലക്കി ഒന്നിച്ചാഹാരം കഴിക്കാനൊ കിണറിലെ വെള്ളം പോലും പങ്കിടാൻ കഴിയാതെ ഇന്ത്യയെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിച്ച ആ അധിനിവേശം ഇന്നും ഒരു ശാപമായി ഓരോ ഭാരതീയന്റെയും മുതുകത്തിരിക്കുന്നു. ഉത്തര ഭാരതത്തിൽ വർഷങ്ങൾ താമസിച്ച എനിക്കറിയാം ആ അധിനിവേശത്തിന്റെ ദോഷങ്ങൾ എന്ത് മാത്രമുണ്ടെന്ന്. എന്നാൽ ആ ആര്യ വേദ സംസ്കാരം ഭാരതത്തിൽ ഉണ്ടാക്കിയ അപചയത്തെ അംഗീകരിക്കാൻ എന്ത് കൊണ്ടാണ് നിങ്ങൾ തയ്യാറാകത്തത്. നല്ലത് ആര് ചെയ്താലും അത് നല്ലതെന്നും മോശമായത് ആര് ചെയ്താലും അത് മോശമെന്നും അംഗീകരിക്കാൻ കഴിയുന്നതല്ലെ മാന്യത?

ഇനി ആര്യ കുടിയേറ്റം ഉണ്ടായില്ല എന്ന് വന്നാലും ഞങ്ങൾ ഭാരതീയരെ ജാതിയുടെ അടിസ്ഥാനത്തിൽ കൂടിയ വനും കുറഞ്ഞവനുമായി വിഭജിക്കാൻ നിങ്ങൾക്കാരാണ് അധികാരം നൽകിയത്?

ഈ ആര്യവേദ സംസ്കാരം ഉണ്ടാക്കിയ ജാതി വ്യവസ്ഥതിയിൽ നിന്ന് നമ്മൾ ഭാരതീയർക്ക് എന്നെങ്കിലും ഒരു മോചനം ഉണ്ടാകുമൊ? ഒരു ഭാരതീയൻ എന്ന നിലയിൽ ഭാരതത്തിന്റെ പൈതൃകത്തിലും സംസ്കൃതിയിലും ഞങ്ങൾ അഭിമാനിക്കുന്നു. എന്നാൽ ഞങ്ങളുടെ അനുവാദം കൂടാതെ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഈ ദുഷിച്ച ജാതി സബ്രദായത്തെ ഞങ്ങൾ ഭാരതീയർ എതിർക്കുന്നു.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 4

ചില ദിവസങ്ങളായി ഭാരതീയ സംസ്കാരത്തെക്കുറിച്ച് നാം ചിന്തിച്ച് വരികയായിരുന്നുവല്ലൊ. ഇന്നലെ എഴുതിയ ഭാഗങ്ങൾക്ക് ഹൈന്ദവ സഹോദരങ്ങളിൽ നിന്ന് ഒരു മറുപടിയും ലഭിക്കാത്തത് കൊണ്ടും ചില പഠിതാക്കളുടെ താത്പര്യപ്രകാരവും ഭാരതത്തിന്റെ ഭൂമി ശാത്രപരമായ പ്രത്യേകതകകൾ കൂടി മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.

(ഇന്നത്തെ പത്രത്തിൽ (17-04-2018) സിന്ദു നദീതട സംസ്കാരത്തിന്റെ നാശത്തിന്റെ കാരണം കടുത്ത വരൾച്ചയാണെന്ന് ഖൊരക്പൂർ IIT യുടെ ഒരു പoന റിപ്പോർട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ചരിത്രകാരൻമാരുടെ അഭിപ്രായങ്ങൾ വരുന്നതുവരേയും നമുക്ക് കാത്തിരിക്കാം)

ഓരോ രാഷ്ട്രത്തിന്റേയും ചരിത്ര ഗതിയെ നിർണയിക്കുന്നതിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ആ രാജ്യത്തിന്റെ ഭൂമി ശാസ്ത്രം. ഇന്ത്യക്ക് വലിപ്പം കൊണ്ട് ഏഴാം സ്ഥാനവും ജനസംഖ്യയിൽ രണ്ടാം സ്ഥാനവുമാണുള്ളത്. പർവ്വതവും സമുദ്രവും ഭാരതത്തെ മറ്റ് രാഷ്ട്രങ്ങളിൽ നിന്ന് വേർതിരിച്ച് നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ ഭൂഖണ്ഡത്തെ മൂന്നായി തിരിക്കാവുന്നതാണ്.
1. ഹിമാലയ പർവ്വതം ഉൾപ്പെട്ട പർവ്വത മേഖല
2. സിന്ധുഗംഗാ സമതലം
3. ദക്ഷിണ ഉപദ്വീപ് അഥവാ അർദ്ധ ദ്വീപ്

പർവ്വതങ്ങൾ
ഇന്ത്യയുടെ ചരിത്രത്തിൽ പർവ്വതങ്ങൾക്ക് വലിയ സ്ഥാനം ഉണ്ട്. ഹിമാലയ പർവ്വതം ഒരു കോട്ട കണക്കെ ഇന്ത്യയുടെ അതിർത്തി എല്ലാ കാലത്തും സംരക്ഷിച്ചീട്ടുണ്ട്. അത് പോലെ കൈബർ, ബോളൻ മുതലായ ചുരങ്ങൾ വഴി മറ്റു രാജ്യങ്ങളിലേക്കുള്ള സഞ്ചാരവും സാധ്യമാണ്. ഇന്ത്യയുടെ സാമുഹൃഘടനയിലും സാംസ്കാരിക ജീവിതത്തിലും സ്വാധീനം ചെലുത്തുവാൻ ഈ പർവ്വത നിരക്ക് കഴിഞ്ഞീട്ടുണ്ട്. ഉത്തര ഭാരതത്തിന്റെ കാലവസ്ഥ നിർണയിക്കുന്നതിൽ ഹിമാലയത്തിന്റെ പങ്ക് വലുതാണ്.
വിന്ധ്യ പർവ്വതം ഡെക്കാൻ പീഠഭൂമിയെ ഉത്തരേന്ത്യയിൽ നിന്ന് വേർപിരിക്കുകയും പല വൈദേശിക ആക്രമണങ്ങളിൽ നിന്നും ദക്ഷിണ ഭാരതത്തെ സംരക്ഷിച്ച് നിർത്തുകയും ചെയ്തിട്ടുണ്ട്. പശ്ചിമ പൂർവ്വ ഘട്ടങ്ങളും ദക്ഷിണേന്ത്യൻ ചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിന്റെ സമുദ്രതീരത്ത് വന്നിറങ്ങിയ പോർച്ചുഗീസുകാർക്ക് ഇന്ത്യയെ കീഴടക്കാൻ കഴിയാത്തതിന് ഒരു കാരണം പശ്ചിമഘട്ടമായിരുന്നു.

നദികൾ
ഇന്ത്യയിലെ നദികളെ നാലായി തരം തിരിക്കാം.
1. ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ
2. ഡെക്കാൻ നദികൾ
3. തീരപ്രദേശ നദികൾ
4. ഉൾനാടൻ നദികൾ
നദികൾ ഇന്ത്യയുടെ ചരിത്രത്തിലും സാംസ്കാരിക വികാസത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രാചീന സംസ്കാരങ്ങളെല്ലാം ഉരുത്തിരിഞ്ഞത് നദീതടങ്ങളിലായിരുന്നു. ഇന്ത്യയെന്ന പേരും ഹിന്ദുവെന്ന പേരും സിന്ധു നദിയുടെ സംഭാവനയാണല്ലൊ. ഗംഗാനദിക്ക് ഭാരത ചരിത്രത്തിലും സംസ്കാരത്തിലും അതുല്യമായ സ്ഥാനമാണുള്ളത്. എറ്റവും അധികം ജനങ്ങൾ വസിക്കുന്നത് ഗംഗാതടത്തിലാണ്. ഗോദാവരി യമുനാ ബ്രഹ്മപുത്ര മഹാനദി കൃഷ്ണ കാവേരി നർമ്മദ തപ്തി തുടങ്ങിയ നികൾക്കും ഭാരത ചരിത്രത്തിലും സംസ്കാരത്തിലും വലിയ സ്ഥാനം തന്നെയാണുള്ളത്.

കാലാവസ്ഥ

ഒരു രാജ്യത്തിന്റെ കാലാവസ്ഥക്ക് അവിടത്തെ ജനങ്ങളുടെ സ്വഭാവത്തിലും സമ്പദ് വ്യവസ്ഥയിലും വലിയ പ്രാധാന്യം ഉണ്ട്. ഇന്ത്യയിലെ കാലാവസ്ഥയെ പൊതുവെ നാലു ഘടകങ്ങളായി തിരിക്കാം.
1. ശൈത്യകാലം – ഡിസംബർ മുതൽ മാർച്ച് വരെ
2. വേനൽക്കാലം ഏപ്രിൽ – മെയ്
3. വർഷക്കാലം – ജൂൺ – സെപ്റ്റബർ
4. തെക്കുപടിഞ്ഞാറൻ കാലവർഷം – ഒക്ടോബർ – നവംബർ
വളരെ തണുപ്പുള്ള ഹിമാലയൻ പർവ്വത മേഖലയും ധാരാളമായി മഴ ലഭിക്കുന്ന സ്ഥലങ്ങളും. ഒട്ടും മഴയില്ലാത്ത മരുഭൂ പ്രദേശങ്ങളും ഭാരതത്തിന്റെ പ്രത്യേകതകൾ ആണ്.

ഭാരതം വ്യത്യസ്തമായ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമാണ്. വ്യത്യസ്ത മനുഷ്യരുടെ ആവാസ ഭൂമികൂടിയാണത്. നര വർഗ്ഗ വിഭാഗങ്ങളുടെ കാഴ്ചബംഗ്ലാവ് എന്ന് ഭാരതത്തെ വിളിക്കുന്നതിൽ തെറ്റില്ല. ലോകത്തിൽ ഏറ്റവും അധികം ഭാഷകൾ സംസാരിക്കുന്ന രാജ്യവും ഭാരതം തന്നെ. ഈ വൈജാത്യങ്ങൾ തന്നെയാണ് ഭാരതത്തിന്റെ സൗന്ദര്യവും.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 5

ഇന്നലെ ഭാരതത്തിന്റെ ഭൂവിഭാഗത്തെക്കുറിച്ച് അൽപമായി ചിന്തിപ്പാൻ ഇടയായല്ലൊ. മനുഷ്യവാസം എന്ന് ഭാരതത്തിൽ ആരംഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകൾ നമുക്ക് ലഭിച്ചിട്ടില്ല. ശിലാപാളികൾ കൊണ്ടുള്ള കത്തികളും മറ്റ് ഉപകരണങ്ങളും ഭാരതത്തിന്റെ പല ഭാഗത്ത് നിന്നും കണ്ടെത്തിയത് കൊണ്ട് ശിലായുഗത്തിലൊ ഉപരി ശിലായുഗത്തിലൊ ഭാരതത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് കരുതാം. ആ മനുഷ്യ ജാതി എങ്ങനെ ഇവിടെ എത്തിച്ചേർന്നു? സംസ്കൃതികളുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന മധ്യ പൂർവ്വ ഏഷ്യയിൽ നിന്ന് തന്നെയാണ് ഭാരതത്തിലേക്കും മനുഷ്യൻ കടന്ന് വന്നിരിക്കുക. ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ ഭാരതത്തിലേക്ക് ആദ്യം കടന്ന് വന്നവരാണ് ദ്രാവിഡർ. അങ്ങനെ അവർ ആരംഭിച്ച നാഗരികതയാണ് സിന്ധു നദീ തട സംസ്കാരം. ഭാരതത്തെക്കുറിച്ച് ലഭ്യമായ ചരിത്രത്തെളിവുകൾ ഈ സംസ്കാരത്തെക്കുറിച്ചുള്ളതാണ്. അത് കൊണ്ട് ഇന്ന് നമുക്കത് മനസിലാക്കാൻ ശ്രമിക്കാം.

സിന്ധു നദീതട സംസ്കാരം
1922 ൽ സിന്ധു നദീതട സംസ്കാരം കണ്ടെത്തുന്നത് വരെ ഭാരതീയരെ ഒരു അപരിഷ്ക്രത ജാതിയായിട്ടായിരുന്നു പശ്ചാത്യർ ഗണിച്ചിരുന്നത്. ഇന്ത്യയിൽ ഉന്നതമായ ഒരു സംസ്കാരം ഉടലെടുത്ത കാലത്ത് യൂറോപ്പ് മനുഷ്യവാസം ഇല്ലാത്ത കാട് മാത്രമായിരുന്നു. 1922ൽ സർ അലക്സാണ്ടർ കണ്ണിംഗ്ഹാമിനും ആർ.ഡി ബാനർജിക്കും മോഹൻ ജദോരോയിൽ നിന്നും ചില മുദ്രകൾ ലദിച്ചു തുടർന്ന് അവിടെ പഠനം നടത്തിയ സർ ജോൺ മാർഷൽ പൂർണ വികാസം പ്രാപിച്ച ഒരു നാഗരിക സംസ്കാരത്തിന്റെ തെളിവുകൾ പുറത്ത് കൊണ്ട് വന്നു.

കാലഘട്ടം
സിന്ധു തട സംസ്കാരത്തിന്റെ കാലവും വ്യാപ്തിയും നിർണയിക്കുന്നതിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ ഐക്യം ഇല്ല. ഈ സംസ്കാരം പടുത്തിയർത്തിയത് ദ്രാവിഡരൊ അവർക്ക് മുൻപുള്ളേ പ്രോട്ടോ ആസ്ത്രോയിലുഡുകളോ ആണെന്ന് ചിന്തിക്കുന്നു. എന്നാൽ ദ്രാവിഡർ ആ സംസ്കാരം സ്ഥാപിച്ചു എന്ന ചിന്തക്കാണ് മുൻഗണന ലഭിച്ചിരിക്കുന്നത്.

സിന്ധു നദീതട സംസ്കാരം നിലനിന്ന കാലഘട്ടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ട്. ഫാദർ ഹിറാസിന്റെ അഭിപ്രായത്തിൽ BC 5000 ത്തിനടുത്താണ് ഈ സംസ്കാരം സ്ഥാപിക്കപ്പെട്ടത്. പിഗട്ടിന്റെ അഭിപ്രായത്തിൽ BC 4000 ആണ്. ഈ സംസ്കാരത്തെക്കുറിച്ച് വളരെയധികം പഠനം നടത്തിയിട്ടുള്ള ദീക്ഷിതും രാമപ്രസാദ് ചന്ദയും അഭിപ്രായപ്പെടുന്നത് BC 2900 ആണെന്നാണ്. സിന്ധു സംസ്കാരാവശിഷ്ടങ്ങൾ പുറത്ത് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച ജോൺ മാർഷൽ 3250 മുതൽ 2750 വരെയുള്ള കാലഘട്ടമാണ് പറയുന്നത്. എന്നാൽ പുരാവസ്തു ഗവേഷകർ കാല നിർണയത്തിന് സ്വീകരിച്ചിരിക്കുന്ന ശാസ്ത്രീയ സമീപനത്തിന്റെ വെളിച്ചത്തിൽ BC 2300 മുതൽ 1750 വരെയുള്ള കാലഘട്ടമാണ് വെളിപ്പെടുത്തുന്നത്.

സിന്ധു നദീതട സംസ്കാരം സിന്ധു നദീ തടത്തിൽ മാത്രം ഉള്ള ഒരു സംസ്കാരം ആണെന്നാണ് ആദ്യകാലത്ത് വിശ്വസിച്ചിരുന്നത് എന്നാൽ ഉത്തർ പ്രദേശ് രാജസ്ഥാൻ ഗുജറാത്ത് ഹരിയാന തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ ഒരു സംസ്കാരം ഉണ്ടായിരുന്നതിന്റെ തെളിവുകൾ പിൽക്കാലത്ത് ലഭിച്ചു. അത്കൊണ്ട് സിന്ധു നദീതട സംസ്കാരത്തെ ഭാരതത്തിലെ പൊതുവായ സംസ്കാരം എന്ന് വിളിക്കാം. ഒരു പക്ഷെ ഈ സംസ്കാരം ഭാരതത്തിന് പുറത്തുള്ള പല സംസ്കൃതികളുടേയും സമകാലികമായിരുന്നിരിക്കാം. കാരണം ഇറാൻ ഇറാക്ക് ചൈന തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയ സംസ്കാരങ്ങളുമായ് ഇതിന് സാദൃശൃം ഉണ്ടെന്നത് തന്നെ.

സിന്ധു നദീതട സംസ്കാരത്തിന്റെ സവിശേഷതകൾ
സിന്ധു നദീതട സംസ്കാരം സമ്പൂർണ വളർച്ച പ്രാപിച്ച ഒരു നാഗരിക സംസ്കാരം ആയിരുന്നു. സിന്ധു തടത്തിലെ ഓരോ നഗരത്തിലും സുശക്തമായി സംരക്ഷിക്കപ്പെട്ട ഓരോ കോട്ടകൾ ഉണ്ടായിരുന്നു. ശാസ്ത്രീയമായ നഗരാസൂത്രണ നിയമങ്ങൾക്ക് വിധേയമായിട്ടാണ് നഗരങ്ങൾ നിർമിക്കപ്പെട്ടിരുന്നത്. നഗരങ്ങളുടെ പടിഞ്ഞാറെ പ്രാന്തങ്ങളിൽ 400 മീറ്റർ നീളത്തിലും 200 മീറ്റർ വീതിയിലും ഉള്ള ഓരോ കോട്ടകൾ ഉണ്ടായിരുന്നു. അടിയിൽ ചുട്ട കല്ല് പാകി ഈ മൺ കോട്ട സംരക്ഷിക്കപ്പെട്ടിരുന്നു. പ്രധാന പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്തിരുന്നത് ഈ കോട്ടക്കകത്തായിരുന്നു. പ്രധാന റോഡുകൾ വീതി കൂടിയതും വളവുകൾ ഇല്ലാത്തതുമായിരുന്നു. വീടുകൾ എല്ലാം ഒരു പൊതു പ്ലാൻ അനുസരിച്ച് നിർമിച്ചിരുന്നു. ചതുരത്തിലുള്ള ഒരു നടുമുറ്റവും അതിന് ചുറ്റും അനേകം മുറികളുമായിട്ടാണ് മിക്ക വീടുകളും കാണപ്പെടത്. എല്ലാ കെട്ടിടങ്ങൾക്കും കുളിമുറികൾ ഉണ്ടായിരുന്നു കുളിമുറികളിൽ നിന്നുള്ള വെള്ളം അഴുക്ക് ചാലിലൂടെ ദൂരെ ഒഴുക്കിക്കളഞ്ഞിരുന്നു.
അവിടുത്തെ നിർമ്മിതികളിൽ വളരെ ശ്രദ്ധേയമായത് സ്നാന ഘട്ടമാണ് 39 അടി നീളവും 23 അടി വീതിയും 8 അടി താഴ്ചയുമായി ചുറ്റും അനേകം സ്നാന മുറികളും ഉള്ളതായിരുന്നു അത്. ആ സംസ്കാരത്തിലെ ജനങ്ങൾ ശുചിത്വത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. 280 അടി നീളവും 78 അടി വീതിയുമുള്ള ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. അത് ഭരണ കേന്ദ്രം ആകാൻ സാധ്യതയുണ്ട്.

സാമൂഹ്യ ജീവിതം
സിന്ധുതsത്തിലെ ജനങ്ങൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടവരായിരുന്നു. കച്ചവടക്കാർ, ക്രഷിക്കാർ, വിവിധ കൈത്തൊഴിലുകൾ ചെയ്യുന്നവർ, ശില്പികൾ, കത്ത പണിക്കാർ മരപ്പണിക്കാർ, പുരോഹിതൻമാർ, അധ്യാപകർ, ഷുരകർ, തൂപ്പുകാർ മുതലായ പലരും അവിടെ ഉണ്ടായിരുന്നു. ഗോതമ്പ്, എള്ള്, ബാർലി, പയറ്, മുതലായ ധാന്യങ്ങൾ കൃഷി ചെയ്യപ്പെട്ടിരുന്നു. പരുത്തി ക്യഷി ചെയ്യുകയും നൂൽനൂറ്റ് വസ്ത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. പശു കാള ആട് കോഴി പന്നി എന്നിവയും വളർത്തിയിരുന്നു. പശുവിനോട് പ്രത്യേക ആദരവൊന്നും ആ ജനതക്കില്ലായിരുന്നു. ഭാരം ചുമക്കുന്നതിന് കാളയെ ആണ് ഉപയോഗിച്ചിരുന്നത്. കുതിരകളുടെ അഭാവം ശ്രദ്ധേയമാണ്. സ്ത്രീകൾ ധാരാളം ആഭരണങ്ങൾ ധരിച്ചിരുന്നു. ഗ്രഹോപകരണങ്ങൾ മിക്കവാറും കളിമണ്ണ് കൊണ്ടുണ്ടാക്കിയതായിരുന്നു. ധാരാളം കളിപ്പാട്ടങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ജനങ്ങൾ ഒഴിവു സമയങ്ങളിൽ ധാരാളം വിനോദങ്ങളിലും ഏർപ്പെട്ടിരുന്നു.

ലിപി / ഭാഷ
സിന്ധു സംസ്കാരത്തിന്റെ മറ്റൊരു സവിശേഷത ആ ജനതക്ക് സ്വന്തമായ ഒരു ലിപിയും ഭാഷയും ഉണ്ടായിരുന്നു എന്നതാണ്. ഇരുന്നൂറ്റെഴുപതോളം ചിഹ്നങ്ങൾ ഉള്ള ഈ ഭാഷക്ക് സുമേരിയൻ ഭാഷയുമായൊ അല്ലെങ്കിൽ പ്രാചീന തമിഴ് ഭാഷയുമായി സാമ്യമുണ്ടെന്ന് കരുതപ്പെടുന്നു.

കല
വളരെ കലാപരമായ കഴിവുകൾ ഉള്ള ഒരു ജനതയായിരുന്നു അവർ. വളരെ മനോഹരമായ പല പ്രതിമകളും ലഭിച്ചിട്ടുണ്ട്. അവിടെ നിന്നും ലഭിച്ച നർത്തകിയുടെ പ്രതിമ നൃത്തകലക്കുള്ള പ്രാധാന്യം എടുത്ത് കാണിക്കുന്നു.

വളരെ പുരോഗമിച്ച ഒരു നഗര സംസ്കാരം ഇന്ത്യയിൽ നിലവിലിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ആ സംസ്കാരം ആദിമ ഭാരതീയരുടെ അഥവാ ദ്രാവിഡരുടെ സംസ്കാരമെന്ന് പൊതുവെ വിലയിരിത്തപ്പെടുന്നു. സിന്ധു ജനതയുടെ മത വിശ്വാസം കുറച്ച് കൂടി വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 6

സിന്ധു നദീതട സംസ്കാരത്തിന്റെ പ്രത്യേകതകളെക്കുറിച്ച് നാം അൽപമായി ചിന്തിച്ചുവല്ലൊ. ഉന്നതമായ സാമുഹൃബോധം ഉള്ള ഒരു സംസ്കാരം ആയിരുന്നു അത്. ഒരു ജനതയുടെ നിലനിൽപിന് ആവശ്യമായ എല്ലാ തൊഴിലുകളും ചെയ്യുന്നവർ അവിടെ ഉണ്ടായിരുന്നു. ചെയ്യുന്ന തൊഴിലിന് അനുസരിച്ച് സാമൂഹ്യഘടനയിൽ വ്യത്യാസം ഒന്നും ഇല്ലായിരുന്നു. അവിടെ കണ്ടെത്തിയ വീടുകൾ എല്ലാം ഒരേ പോലെ ഉള്ളതായിരുന്നു. എല്ലാവർക്കും ഒരുപോലെ പൊതുനിരത്തിലൂടെ സഞ്ചരിക്കുവാനും പൊതുസംവിധാനങ്ങൾ ഉപയോഗിക്കുവാനും കഴിഞ്ഞിരുന്നു.

ഇന്ത്യയുടെ പുരാതന സാമൂഹിക ഘടനയുടെ ഒരു പരിച്ഛേദനമായിരുന്നു ആ സംസ്കാരം. കൂടിയവനും കുറഞ്ഞവനും ഇല്ലാത്ത ജാതീയ വേർതിരുവുകൾ ഇല്ലാത്ത സംസ്കാരം. ഇന്ത്യയെ വിഭജിക്കുന്ന വർണ്ണവിവേചനം പിൽക്കാലത്താണ് ഇന്ത്യയിലേക്ക് കടന്ന് വന്നത്.

മതം
സിന്ധു നദീതട സംസ്കാരത്തിലെ മതം ഏതാണ്? വ്യക്തമായ മറുപടി പറയുക അസാധ്യമാണെങ്കിലും ലഭ്യമായ തെളിവുകളിലൂടെ ചില നിഗമനങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും. ഉത്ഖനനങ്ങളിലൂടെ ധാരാളം മുദ്രകളും മൂർത്തികളും ലഭിച്ചിട്ടുണ്ട്. എന്നാൽ അവക്ക് ആരാധനയുമായ് ബന്ധമില്ലെന്നും മതാചാരങ്ങൾ ഇല്ലാത്ത ഒരു സംസ്കാരം ആയിരുന്നു അവിടെ നിലനിന്നിരുന്നത് എന്ന് ചിലർ അഭിപ്രായപ്പെട്ടു കണ്ടു. എന്നാൽ അത് തെറ്റാവാനാണ് സാധ്യത. കാരണം എതെങ്കിലും തരത്തിലുള്ള ആരാധന എല്ലാ സംസ്കാരങ്ങളിലും ഉണ്ട്. ആമസോൺ വനങ്ങളിൽ ഇന്നും മുഖ്യധാരയുമായി അകന്നു കഴിയുന്നവരിൽ പോലും എതെങ്കിലും തരത്തിലുള്ള ആരാധനാ രീതികൾ കാണാൻ കഴിയും.
അവിടെ നിന്നും ധാരാളം സ്ത്രീരൂപങ്ങൾ ലഭിച്ചിരുന്നത് കൊണ്ട് മാതൃ ആരാധന ഉണ്ടായിരുന്നു എന്നനുമാനിക്കാം. ദേവീ സങ്കൽപം അഥവാ മാതൃ സങ്കൽപം എല്ലാ പ്രാചീന ആരാധനകളിലും സർവ്വസാധാരണമായിരുന്നു. പുരുഷരൂപങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വളഞ്ഞ കൊമ്പുകൾ കൊണ്ട് അലംകൃതമായ ശിരോവസ്ത്രം ധരിച്ച ആന കടുവ പോത്ത് ആയ എന്നീ മൃഗങ്ങളാൽ ചുറ്റപ്പെട്ട ഉധ്യത ലിംഗത്തോടെ പത്മാസനത്തിൽ ഇരിക്കുന്ന ഒര് രൂപമാണ്. അതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ശിവൻ എന്ന ദേവ സങ്കൽപം വേദങ്ങളിലൊന്നും കാണാൻ കഴിയില്ല പിന്നെ അതെങ്ങനെ ഹൈന്ദവ മതത്തിൽ എത്തി ഒരു പക്ഷെ ദ്രാവിഡരുടെ ഈ ദേവ സങ്കൽപത്തിന്റെ പരിഷ്ക്രത രൂപമായിരിക്കാം ശിവൻ. ചിലർ അഭിപ്രായപ്പെടുന്നത് മൃഗങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നത് കൊണ്ട് അത് കന്നുകാലികളുടെ ദേവനായിരിക്കാം. ഈ അഭിപ്രായം ശരിയാകണം, കാരണം ആ സംസ്കൃതിയിൽ മൃഗ സമ്പത്തിന് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. മൃഗ സമ്പത്തിന്റെ അഭിവൃദ്ധി സന്താന വളർച്ചയിലാണല്ലൊ. അതു കൊണ്ടായിരിക്കാം ഉധ്യത ലിംഗത്തോടെയുള്ള രൂപം. എന്നാൽ മറ്റൊരു ശംശയം സ്വഭാവികമായും ഉയരാം അവരുടെ പ്രധാന മൃഗമായ കാളയുടെ രൂപം കാണാനില്ല. കാളക്ക് ആ സംസ്കൃതിയിൽ ദേവ ദാവം കൽപിച്ചിരുന്നത് കൊണ്ട് ഒഴിവാക്കിയതായിരിക്കാം. മറ്റൊരഭിപ്രായം അതിന് ശിവൻ എന്ന ദേവസങ്കൽപവുമായി യാതൊരു ബന്ധവും ഇല്ല പുരാതന കാലത്ത് ലിംഗാരാധന സർവ്വസാധാരണമായിരുന്നു. മറ്റേതൊരു സമകാലിക സംസ്കൃതിയേയും പോലെ വൃക്ഷാരാധന, മൃഗാരാധന, നാഗാരാധന എന്നിവയും നിലവിൽ ഇരുന്നതായി കണ്ടെടുത്ത മുദ്രകളിൽ നിന്നും മനസിലാക്കാം. അതോടൊപ്പം തന്നെ ഫലപുഷ്ടിയുടെ ചിഹ്നം എന്ന നിലയിൽ പിളർന്നതും ഉരുണ്ടതുമായ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്.
വിഗ്രഹങ്ങൾക്ക് പുഷ്പങ്ങൾ അർപ്പിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ വേദ/ആര്യൻ കാലത്ത് യജ്ഞങ്ങൾ /യാഗങ്ങൾ ആണ് നിലവിൽ ഇരുന്നത്.

സിന്ധുതട സംസ്കാരം ഇന്ന് കാണുന്ന ഏതെങ്കിലും മതത്തിന്റെ ഭാഗമായിരുന്നു എന്ന് ചിന്തിക്കുക അസാധ്യമാണ്. ആ കാലഘട്ടങ്ങളിൽ രൂപീകൃതമായ മറ്റേതൊരു സംസ്കൃതിയുടെ മത രീതികൾ പോലെ തന്നെ പ്രാകൃത ആരാധനകളുള്ള സംസ്കാരം ആയിരുന്നു സിന്ധു നദീതട സംസ്കാരം.

സിന്ധു നദീതട സംസ്കാരം ഒരു മതാധിഷ്ഠിത സംസ്കാരമല്ലായിരുന്നു. മാനവികതക്ക് പ്രാധാന്യം കൊടുത്ത് ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി രൂപീകൃതമായതായിരുന്നു. മതമായിരുന്നില്ല ഈ സംസ്കാരത്തെ നിയന്ത്രിച്ചിരുന്നത്. മതം സംസ്കൃതിയുടെ ഭാഗം മാത്രമായിരുന്നു.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 7

സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച് നാം പഠിച്ച് വരികയായിരുന്നുവല്ലൊ. മാനവ വികാസത്തിന് ഗണ്യമായ സംഭാവനകൾ നൽകിയവരായിരുന്നു ഈ സംസ്കൃതിയിൽ ജീവിച്ചിരുന്നവർ. അവർക്ക് ആ കാലഘട്ടത്തിലെ മറ്റ് സംസ്കൃതികളുമായി വലിയ ബന്ധം ഉണ്ടായിരുന്നു.

സിന്ധു സംസ്കാരത്തിന് മറ്റ് സംസ്കാരങ്ങളുമായുള്ള ബന്ധം
സിന്ധു സംസ്കാരത്തിൽ ജീവിച്ചിരുന്നവർക്ക് മറ്റ് സംസ്കാരവുമായി വലിയ ബന്ധം ഉണ്ടായിരുന്നു. ഇതര സംസ്കാരങ്ങളിൽ ഉണ്ടായിരുന്നതും ആ സംസ്കൃതികളിൽ മാത്രം ലഭ്യമായത് ( സമുദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ) ഇവിടെ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞത് ആ ബന്ധത്തെ ഉറപ്പിക്കുന്ന തെളിവുകളാണ്. ഇന്ത്യയുടെ തന്നെ മറ്റ് ഭാഗങ്ങളിൽ ജീവിച്ചിരുന്ന ജനതകളേയും പുറത്തുള്ള ജനതകളെയും തമ്മിൽ ബനധിപ്പിക്കുന്ന ഒരു വ്യാപാര പാത നിലവിൽ ഇരുന്നു. ഇതു വഴി കച്ചവടം നടത്തിയിരുന്ന വ്യാപാര വർഗമാകാം ഈ സംസ്കാരങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുന്ന കണ്ണി. അങ്ങനെയുള്ള ബന്ധങ്ങളിലൂടെയാണ് എല്ലാകാലത്തും സംസ്കാരങ്ങൾ വികാസം പ്രാപിച്ചിട്ടുള്ളത്.

സിന്ധു സംസ്കാരം നശിക്കുവാനുള്ള കാരണങ്ങൾ
സിന്ധു സംസ്കാരം നശിക്കുവാനുള്ള കാരണങ്ങൾ പലതാണ്. നമുക്ക് ഈ കാര്യത്തെ ഒന്ന് വസ്തുനിഷ്ഠമായി ചിന്തിക്കാം.
ഈ സംസ്കാരം ആരംഭ കാലം മുതലെ ചലനാത്മകം (വികസന സാധ്യത ഇല്ലാത്തത് ) അല്ലാതായി എന്ന് ആർ എസ് ശർമ അഭിപ്രായപ്പെടുന്നു. എന്നാൽ അത് വിശ്വാസ്യയോഗ്യമല്ല. കാലങ്ങൾ കൊണ്ടാണ് സംസ്കാരങ്ങൾ രൂപപ്പെടുന്നത്. അത് ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു. ആ ഒരു സംസ്കാരം മാത്രം വളരാതെ നശിച്ചു എന്ന് ചിന്തിക്കുന്നത് ശരിയല്ല. സിന്ധു ജനതയുടെ ക്യഷി സമ്പ്രദായം നാശോന്മുഖമായത് നാശത്തിന് കാരണമായി തീർന്നു എന്ന് ഡോക്ടർ കൊസാമ്പി അഭിപ്രായപ്പെടുന്നു. വസ്തു നിഷ്ടമായി ചിന്തിക്കുമ്പോൾ അത് തെറ്റാകാനാണ് സാധ്യത വളരെ ആസൂത്രിതമായ ഒരു നഗരം രൂപപ്പെടുത്താൻ കഴിഞ്ഞ വർക്ക് പ്രാഥമിക ആവശ്യമായ ആഹാര കാര്യത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ശരിയല്ല. വരൾച്ച കൊണ്ട് ആ സംസ്കാരം നശിച്ചു എന്ന് കഴിഞ്ഞ ദിവസം വായിക്കാൻ കഴിഞ്ഞു. നദീതടത്തിൽ വസിച്ചിരുന്നത് കൊണ്ട് ജലദൗർഭല്യം ഉണ്ടാകുക സാധ്യമല്ല. മറ്റൊരു സാധ്യത മഴയെ മാത്രം അശയിച്ചു ഒരു കാർഷിക സംസ്കാരം ആയിരുന്നുവെങ്കിൽ മഴ കുറഞ്ഞപ്പോൾ കൂടുതൽ മഴയുള്ള സ്ഥലത്തേക്ക് കുടിയേറിപ്പാർത്തിരിക്കും. വെള്ളപ്പൊക്കം കൊണ്ട് ആ സംസ്കാരം നശിച്ചു എന്ന് പറയപ്പെടുന്നു. അത് ശരിയാകാം കാരണം വെള്ളപ്പൊക്കം കൊണ്ട് നശിച്ച പട്ടണം പിന്നേയും പുതുക്കി പണിതതിന്റെ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ചിട്ടുണ്ട്. പുറമെ നിന്ന് വന്ന ആക്രമണകാരികൾ (ആര്യൻമാർ) സിന്ധു സംസ്കാരത്തെ നശിപ്പിച്ചു എന്ന് പറയപ്പെടുന്നു. കാരണം യുദധത്തിൽ മരിച്ചവരെ ഒന്നിച്ച് അടക്കിയത് പോലെയുള്ള ശവപ്പറമ്പുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. കുടിയേറ്റങ്ങളും വർഗങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ആ കാലഘട്ടത്തിൽ സർവ്വസാധാരണമായിരുന്നു. അത് കൊണ്ട് ആര്യൻ കുടിയേറ്റം അവഗണിക്കാൻ കഴിയാത്ത ഒരു കാരണമായി ഇന്നും നിലനിൽക്കുന്നു. (ആര്യൻ കുടിയേറ്റത്തെക്കുറിച്ച് മുൻപ് നിരത്തിയ തെളിവുകൾ വായനക്കാർ ഓർക്കുമല്ലൊ)

സിന്ധു നദീതട സംസ്കാരത്തിന് മുൻപേ ആര്യകാലം അഥവാ വേദ കാലഘട്ടം ഉണ്ടായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടു കണ്ടു. ആ രണ്ട് സംസ്കാരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ അത് ശരിയല്ല എന്ന് തെളിയുന്നു.
സൂര്യൻ, ചന്ദ്രൻ , കാറ്റ്, അഗ്നി, തുടങ്ങിയ പ്രകൃതി ശക്തികളായിരുന്നു വേദകാലത്തെ ദൈവങ്ങൾ. യാഗമായിരുന്നു പ്രധാന ആരാധനാ രീതി. മദ്യത്തിന്റെ ഉപയോഗം വേദകാലത്തെ പ്രത്യേകതയായിരുന്നു. വേട്ടയാടി പിടിക്കുന്ന മൃഗത്തെ ആഹരിക്കുന്നതിന് മുൻപ് ഒരു ഭാഗം തന്റെ ദൈവത്തിന് അർപ്പിക്കുന്നതായിരുന്നു യാഗങ്ങൾ. ഓരോ വീടുകളിലും അത് നടന്നിരുന്നു. അതിന് വേണ്ടി പ്രത്യേകിച്ച് പുരോഹിതൻമാർ ഉണ്ടായിരുന്നില്ല.
ഒരു സംസ്കാരത്തിൽ നിന്ന് മറ്റൊരു സംസ്കാരം ഉരുത്തിരിയുമ്പോൾ അല്ലെങ്കിൽ വികാസം പ്രാപിക്കുമ്പോൾ മതപരമായ കാര്യങ്ങളിൽ വലിയ ഐക്യത രൂപപ്പെടാറുണ്ട്. എന്നാൽ വേദകാലത്തെ മതവും സിന്ധു കാലത്തെ മതവും തമ്മിൽ വലിയ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നത് കൊണ്ട് ഈ രണ്ട് സംസ്കാരങ്ങൾ സമകാലികമോ ഒന്നിന്റെ തുടർച്ചയായി മറ്റൊന്നാ അല്ലെന്ന് മനസിലാക്കാം.

സിന്ധു നദീതട സംസ്കാരത്തിന് മുമ്പെ ഭാരതത്തിൽ മനുഷ്യവാസം ആരംഭിച്ചിരിക്കാം. എന്നാൽ ലഭ്യമായ തെളിവുകളിൽ ഭാരതത്തിലെ പൗരാണിക സംസ്കാരം ഇത് തന്നെയാണ്. വിവിധ കാരണങ്ങൾ കൊണ്ട് ഈ സംസ്കാരം നശിക്കുകയും ഭാരതത്തിന്റെ ഇതര സ്ഥലങ്ങളിലേക്ക് കുറിയേറുകയും. തുടർന്ന് നടന്ന കുടിയേറ്റങ്ങളുടെ ആക്രമണങ്ങളുടെ ഫലമായി മറ്റ് സംസ്കാരങ്ങളുമായി കൂടിച്ചേർന്ന് ഒരു സംസ്കാരം രൂപപ്പെട്ടതാകാം.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 8

ആദിമ ഭാരതീയർ എന്ന് വിളിക്കപ്പെടുന്ന ദ്രാവിഡ രെക്കുറിച്ച് നാം പഠിച്ചല്ലൊ. ദ്രാവിഡർക്ക് ശേഷം ഉടലെടുത്ത ആര്യ സംസ്കൃതിയെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാം.

ആര്യൻമാരുടെ കടന്ന് വരവ് ഇന്ത്യാ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്. ആര്യൻ എന്ന വാക്കിന്റെ അർത്ഥം കുലീനതയുള്ളവൻ എന്നാണ്. കാഴ്ചയിൽ പൊക്കമുള്ളവരും വെളുത്തവരുമായിരുന്നു ആര്യർ. അവർ ഇന്ത്യയിൽ കടന്ന് വന്ന് സ്വദേശികളായ ദ്രാവിഡരെ കീഴടക്കി ആധിപത്യം സ്ഥാപിച്ചു. മാത്രമല്ല തങ്ങളുടേതായ ഒരു ജീവിതരീതിയും സംസ്കാരവും ഉത്തരേന്ത്യയിൽ പടുത്തുയർത്തി.

വേദങ്ങളിൽ പ്രതിപാധിച്ചിരിക്കുന്ന സൂചനകളിൽ നിന്ന് ആ സംസ്കാരം യമുന സതലജ് നദികളുടെ ഇടയിൽ ആണ് നിലനിന്നിരുന്നത് എന്ന് കാണാം. സരസ്വതി എന്ന നദി ഇന്ന് ഇല്ലെങ്കിലും വേദകാലത്ത് പ്രധാനപ്പെട്ട നദിയായിരുന്നു.

ആര്യൻമാർക്ക് തദ്ദേശീയരായ ദ്രാവിഡരെ പുച്ഛമായിരുന്നു ഋഗ് വേദത്തിൽ മുഴുവൻ നിറഞ്ഞ് നിൽക്കുന്ന അർത്ഥനകൾ തങ്ങളുടെ ശത്രുക്കളായ ദ്രാവിഡരെ നശിപ്പിക്കുവാൻ ഇന്ദ്രനോട് സഹായം ചോദിച്ചുള്ളതാണ്. അവരെ ദസ്യുക്കൾ എന്നും രാക്ഷസൻമാർ എന്നുമൊക്കെ വിളിച്ചിട്ടുണ്ട്. കാഴ്ചയിൽ കറുത്തവരായ ദ്രാവിഡ രെ വെളുത്തവരായ ആര്യൻമാർക്ക് വെറുപ്പായിരുന്നു. എന്നാൽ കാലാന്തരത്തിൽ അനവധി യുദ്ധങ്ങൾ നടത്തി തളർന്ന അവർ പരസ്പരം വിവാഹബന്ധത്തിൽ ഏർപ്പെടുകയും ഒരു സമ്രിശ ജാതി ഇന്ത്യയിൽ രൂപപ്പെടുകയും ചെയ്തു.

സാമൂഹൃ വ്യവസ്ഥ
വേദകാലത്ത് ആര്യ സമുദായം പല ഗോത്രങ്ങളായി പിരിഞ്ഞിരുന്നു. ഓരോ ഗോത്രവും ഏതാനും കുലങ്ങൾ കൂടിച്ചേർന്നതാണ്. പല കുടുംബങ്ങൾ ചേർന്നതാണ് കുലങ്ങൾ. മരുമക്കത്തായ സമ്പ്രദായമാണ് നിലവിൽ ഇരുന്നത്. ഏകഭാര്യത്വവും ഏക ഭർത്വത്തവും നിക്ഷ്കർഷിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നതമായ സ്ഥാനം ഉണ്ടായിരുന്നു.

രാഷ്ട്രീയ ഘടന
തിരഞ്ഞെടുക്കപ്പെട്ട രാജാക്കൻമാരെക്കുറിച്ചുള്ള പരാമർശം ഋഗ് വേദങ്ങളിൽ കാണുന്നത് കൊണ്ട് രാജാക്കൻമാർ ഭരിച്ചിരുന്നു എന്ന് മനസിലാക്കാം. അതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഗോത്ര സമിതിയും ഭരണം നിർവ്വഹിച്ചിരുന്നതായ് കാണാൻ കഴിയും.

സമ്പദ് ഘടന
വേദകാലത്തെ സമ്പദ്ഘടന കൃഷിയിലും ഗ്രാമീണ ജീവിതത്തിലും അധിഷ്ഠിതമായിരുന്നു. കന്നുകാലി വളർത്തൽ ഒരു മുഖ്യ വരുമാനമാർഗമായിരുന്നു. കന്നുകാലികളുടെ മോഷണം പല യുദ്ധത്തിനും കാരണമായതായി വേദങ്ങളിൽ കാണാൻ കഴിയുന്നുണ്ട്.

ആഹാരം 
ഗോതമ്പും യവവും പ്രധാന കൃഷിയായിരുന്നു. സോമം സുര എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന മദ്യം ധാരാളം ഉപയോഗിച്ചിരുന്നു. അവർ മാംസാഹാരികളായിരുന്നു. കാളയും പശുവും വേട്ടയാടിപ്പിടിച്ചിരുന്ന എത് മൃഗത്തേയും അവർ ആഹരിച്ചിരുന്നു.

മതം
ഋഗ്‌വേദകാലത്തെ മതം പ്രകൃതി ശക്തികളെ ആരാധിക്കുന്നതായിരുന്നു. മനുഷ്യർ ഭയപ്പെട്ടിരുന്ന എന്തിനേയും ആരാധിക്കുന്നത് പ്രാചീന കാലത്തിന്റെ പ്രത്യേകത ആയിരുന്നു. ഇന്ദ്രൻ, വരുൺ, അഗ്നി, വായു തുടങ്ങിയവയെല്ലാം അവരുടെ ദൈവങ്ങളായിരുന്നു. ഇടിമിന്നലിനെ മനുഷ്യൻ ഏറെ ഭയപ്പെട്ടതുകൊണ്ട് ഇടിമിന്നലിന്റെ ദേവനായ ഇന്ദ്രന് ഋഗ് വേദത്തിൽ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. തങ്ങൾ വേട്ടയാടിക്കൊണ്ടുവരുന്നതിൽ ഒരു പങ്ക് തങ്ങളുടെ ദൈവത്തിന് അർപ്പിക്കുന്നത് പുരാതനകാലത്തെ പതിവാണ് അത് ആര്യർക്കും ഉണ്ടായിരുന്നു അതിനെ യാഗം എന്ന് വിളിക്കുന്നു. ഗോത്രം ഒരുമിച്ച് കൂടിയാഗം കഴിക്കുമ്പോൾ അതിനെ യജ്ഞം എന്ന് വിളിച്ചിരുന്നു. മറ്റൊരു മതങ്ങളിലും കാണാത്ത രീതിയിൽ ദേവൻമാർക്ക് മനുഷ്യരൂപം കൽപിക്കപ്പെട്ടിരുന്നു. മനുഷ്യർക്ക് ഇഷ്ടപ്പെട്ട മദ്യം മാംസം നെയ്യ് എന്നിവയായിരുന്നു അവരുടെ ആഹാരവസ്തുക്കൾ.

പിൽക്കാല മാറ്റങ്ങൾ
ഋഗ്‌വേദകാലത്തിന് ശേഷം ആര്യൻമാരുടെ രാഷ്ടീയ സാമൂഹൃ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പഞ്ചാബിൽ നിന്ന് അവർ ഗംഗാതടത്തിലേക്ക് വരികയും ഉത്തരഭാരതം മുഴുവൻ അവരുടെ അധീനതയിൽ ആകുകയും ദ്രാവിഡർ പൂർണമായും ദക്ഷിണ ഭാരതത്തിലേക്ക് പിൻതള്ളപ്പെടുകയും ചെയ്തു. ഭാരതത്തിലെ കാലാവസ്ഥ ആര്യരുടെ ശരീരഘടനയിലും മാറ്റങ്ങൾ കൊണ്ടുവന്നു. പല പ്രധാന രാജ്യങ്ങളും ഉടലെടുത്തു. കൗരവരുടെ ഹസ്തിനപുരം പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം ഇക്ഷാകുകളുടെ കോസലം ബൃഹദ്രഥരുടെ മഗധം തുടങ്ങിയവയായിരുന്നു അവ. അതോടൊപ്പം സാമുഹൃഘടനയിലും മാറ്റങ്ങൾ കടന്ന് വന്നു. വർണവ്യവസ്ഥതിയിലേക്കും വഴുതി വീണു.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 9

ആര്യൻമാരുടെ ജീവിത രീതികളെക്കുറിച്ചായിരുന്നുവല്ലോ നാം പഠിച്ചുകൊണ്ടിരുന്നത്. വായനാക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ചില വിവരണങ്ങൾ കൂടി നൽകട്ടെ.

ആരോഗ്യം ധനം സമൃദ്ധി ഇവ മാത്രമായിരുന്നു ആര്യൻമാരുടെ ലഷ്യങ്ങൾ. അത് നേടാനുള്ള മാർഗം മാത്രമായിരുന്നു അവർക്ക് മതം. അവർ എല്ലാ കാലത്തും എല്ലാ ആവശ്യങ്ങൾക്കുമായി തങ്ങളുടെ ദേവൻമാരോട് പ്രാർത്ഥിച്ച് കൊണ്ടിരുന്നു. ആ പ്രാർത്ഥനകളാണ് വേദങ്ങൾ. ഋക്കുകളുടെ അഥവാ മന്ത്രങ്ങളുടെ എഴുത്തുകാരായിരുന്നു ഋഷിമാർ. ഋഷിമാരുടെ ഇടയിൽ സ്ത്രീകളും പുരുഷൻമാരും ഉണ്ടായിരുന്നു. മൈത്രേയി, ഗാർഗ്ഗി, ലോപമുദ്ര തുടങ്ങിയ സ്ത്രീകൾ ഉദാഹരണം. രാജാക്കൻമാരും ഋഷിമാരും ഉൾപ്പടെ എല്ലാവരും വിസ്സ് അഥവാ വിസ്സാസ് എന്നറിയപ്പെട്ടിരുന്നു. അവരാകാം പിന്നീട് വൈശ്യർ എന്നയാത്.

ആ കാലഘട്ടത്തിൽ ദ്രാവിഡരുമായ് യുദ്ധം സർവ്വസാധാരണമായിരുന്നു. എല്ലാവർക്കും യുദ്ധത്തിന് ഒരുങ്ങിയിരിക്കേണ്ടതുള്ളത്കൊണ്ട് സാമൂഹിക ജീവിതം അതിനനുസരിച്ച് ക്രമീകരിച്ചിരുന്നു. ആ ക്രമീകരണമാകാം നാല് ആശ്രമ ഘട്ടങ്ങളായുള്ള ജീവിതം ബ്രഹ്മചര്യം, ഗ്യഹസ്ഥം, വാനപ്രസ്ഥം, സന്യാസം. യൗവ്വനകാലം വരെ ഒരു ആര്യൻ ബ്രഹ്മചാരിയായി വീട്ടിലും ഗുരുകുലത്തിലും ഇരിക്കുന്നു. സമയമാകുമ്പോൾ അവൻ ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നു. കുടുംബത്തിന്റെ കൃഷി, മറ്റ് തൊഴിലുകൾ മുതലായവ നോക്കി നടത്തി അവൻ സമൂഹത്തിന് വേണ്ടി ജീവിക്കുന്നു. മക്കളെ കുടുംബ കാര്യങ്ങൾ ഏൽപ്പിക്കാം എന്നാകുമ്പോൾ അവൻ കുടുംബം വിട്ട് ശത്രുക്കളിൽ നിന്ന് അവരെ സംരക്ഷിക്കേണ്ടതിന് വേണ്ടി വനങ്ങളിൽ പോയി താമസിക്കുന്നു അതാണ് വാനപ്രസ്ഥം. വാർധ്യക്യത്തിൽ അവൻ എല്ലാറ്റിൽ നിന്നും വിരമിച്ച് സ്വസ്ഥനായിരിക്കുന്നു അതാണ് സന്യാസം.

ആര്യൻമാർക്ക് ദ്രാവിഡ രോടുള്ള ശത്രുതയെ / വെറുപ്പിനെ ചിലർ അംഗീകരിക്കാൻ തയ്യാറാകാത്തത് കൊണ്ട് ചില തെളിവുകൾ കൂടി നൽകട്ടെ. ഋഗ്‌വേദം 100-8 ഞങ്ങൾ ഇതാ നാലുപുറവും ദസ്വുക്കളാൽ ചുറ്റപ്പെട്ടിരിക്കുന്നു… അവർ മനുഷ്യരല്ല ശത്രുനാശകനായ ദൈവമെ ഈ രാക്ഷസന്മാരെ നശിപ്പിക്കേണമെ. രാമായണം തന്നെ ദ്രാവിഡ രാജാവായ രാവണനെതിരെയുള്ള യുദ്ധമാണല്ലൊ. രാവണനെ വർണിച്ചിരിക്കുന്നത് രാക്ഷസനായിട്ടാണ്. രാമനെ സഹായിക്കുന്ന മറ്റ് ദ്രാവിഡ രാജാക്കൻമാരെയൊക്കെ വാനരൻമാരായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് അല്ലാതെ ഇന്നത്തെ കുരങ്ങുകൾ ആയിരുന്നില്ല അവർ മറിച്ച് ദ്രാവിഡർ അഥവാ ഇന്ത്യയുടെ ആദിമവാസികൾ ആയിരുന്നു. ദേവൻമാരും അസുരന്മാരും തമ്മിലുള്ള യുദ്ധം വേദങ്ങളിലെ പ്രധാന വിഷയമാണല്ലൊ. ആരാണ് ഈ അസുരന്മാർ അവരാണ് ദ്രാവിഡർ. മഹാഭാരതത്തിലും അനേകം രാക്ഷസരാജാക്കൻമാരെക്കുറിച്ച് പറയുന്നുണ്ട് ഭീമൻ വരിച്ച ഹിഡുംബി ഒരു രാക്ഷസിയായിരുന്നു തന്റെ പുത്രനായ ഘടോൽകചനും അങ്ങനെ തന്നെ. ആരാണവർ വനങ്ങളിലെക്ക് ആട്ടിയോടക്കപ്പെട്ട ദ്രാവിഡർ. ആര്യ രാജാക്കൻമാരുടെ സാമന്തരായി തീർന്നിട്ടും അവരെ വാനരരെന്നും രാക്ഷസരെന്നും വിളിക്കാനാണ് ആര്യൻമാർക്ക് തോന്നിയത്.

പ്രാചീന കാലത്ത് ഒരേ വംശങ്ങൾ തമ്മിൽ ഒരുമിച്ച് താമസിക്കുകയും അവരുടെ ഇടയിൽ ഉച്ഛനീചത്വങ്ങൾ ഇല്ലാതെയുമിരുന്നു. കാരണം മറ്റ് വംശങ്ങളുമായി യുദ്ധം സർവ്വസാധാരണമായിരുന്നു. ഒന്നിച്ച് നിൽക്കേണ്ടത് ശത്രുവിനെതിരെ പോരാടാൻ ആവശ്യമായിരുന്നു.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 10

ഇന്ത്യയിൽ വർണ വ്യവസ്ഥതി എങ്ങനെ നിലവിൽ വന്നു എന്ന് ചിന്തിക്കുന്നതിന് മുൻപ് ഹിന്ദു എന്ന ശബ്ദത്തിന്റെ ഉറവിടം മനസിലാക്കുന്നത് നന്നായിരിക്കും

ഹിന്ദു എന്ന പദത്തിന് മതപരമായ അർത്ഥം ഇല്ല. പേർഷ്യക്കാർ സിന്ധു നദിക്ക് നൽകിയ പേരാണ് ഹിന്ദു കാരണം പേർഷ്യൻ ഭാഷയിൽ ‘സ’ എല്ലാം ‘ഹ’ എന്നാണ് ഉച്ചരിക്കുന്നത്. അങ്ങനെ സിന്ധു ഹിന്ദുവായി. സിന്ധു നദീ യുടെ മറുകരയിൽ താമസിക്കുന്നവരെയെല്ലാം പൊതുവായ് വിളിച്ചപേരാണ് ഹിന്ദുക്കൾ. ബൈബിളിൽ എസ്ഥേറിന്റെ പുസ്തകത്തിൽ അഹശ്വരോശിന്റെ കാലത്ത് ഹിന്ദു ദേശം മുതൽ കൂശ് വരെ നൂറ്റിയിരുപത്തേഴ് സംസ്ഥാനങ്ങൾ വാണ അഹശ്വരോശ് ഇവൻ തന്നെ… എന്ന് കാണുന്നു. എബ്രായ ഭാഷയിൽ ഹോദീഷ് എന്ന പദവും പേർഷ്യൻ ഭാഷയിൽ ഹിദുഷ് എന്ന പദവും ഉപയോഗിച്ചിരിക്കുന്നു.

പ്രാചീന പേർഷ്യയിലെ അഹമെനീസ് ശാസനങ്ങളിലും പിന്നീട് അറബികളുടെ രചനകളിലും ഉപയോഗിച്ച് വന്ന ഹിന്ദുഷ്, അൽ ഹിന്ദു തുടങ്ങിയ ഭൂമി ശാസ്ത്ര പരമായ പദങ്ങളിൽ നിന്നാണ് ഈ വാക്ക് ഉണ്ടായിട്ടുള്ളത്. സിന്ധു നദിക്കക്കരെ താമസിക്കുന്നവരെ സൂചിപ്പിക്കാനായിരുന്നു ഈ പദം ഉപയോഗിച്ചിരുന്നത് എന്ന് റോമിലെ ഥാപ്പർ എഴുതുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു എന്ന പദം ഇല്ല. ഹിന്ദു എന്നത് ഒരു മതമായിരുന്നുവെങ്കിൽ വേദങ്ങളിൽ ആ പദം ഉപയോഗിച്ച് കണ്ടേനെ. എ.ഡി എട്ടാം ശതകത്തിലെ താന്ത്രിക ഗ്രന്ഥത്തിൽ ആണ് ഹിന്ദു എന്ന പദം ആദ്യമായി ഇന്ത്യയിൽ ഉപയോഗിച്ചിരിക്കുന്നത്. അതും ജനത എന്ന അർത്ഥത്തിൽ.

ഗ്രീക്കുകാർക്ക് ‘ഹ’ എന്ന പദം ഇല്ല പകരം ‘ഇ ‘ എന്ന പദം ഉപയോഗിക്കുന്നു. അങ്ങനെ ഹിന്ദു ഇന്ത്യയായി. അറമായ ഭാഷയിൽ ഹിന്ദുവിന് ഉപയോഗിച്ചിരിക്കുന്നത് ഹെന്തോ എന്ന പദമാണ് അതിന്റെ മറ്റൊരു വകഭേദം ആണ് ഇന്ത്യ. അപ്പോൾ ഹിന്ദു എന്ന പദവും ഇന്ത്യ എന്ന പദവും നമുക്ക് പേർഷ്യക്കാരും ഗ്രീക്കുകാരും സംഭാവന ചെയ്തതാണെന്ന് മനസിലാക്കാം.

വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയിലേക്ക് കടന്ന് വന്ന ദ്രാവിഡർ, ആര്യർ, മംഗോളിയർ, സ്തൈര്യർ തുടങ്ങിയവരും ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധിസം, ജൈനിസം, സിക്കിസം, തുടങ്ങിയ മതങ്ങളും ഇന്ത്യയിലേക്ക് കടന്ന് വന്ന ഇസ്ലാം ക്രിസ്തുമതം യഹൂദാ മതം പാർസി മതം തുടങ്ങിയ മതങ്ങളും എണ്ണമറ്റ ഗോത്രങ്ങളും ചേർന്ന് എല്ലാവരേയും ആണ് ഹിന്ദുക്കൾ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 11

ഹിന്ദു ശബ്ദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നാം കഴിഞ്ഞ ദിവസം മനസിലാക്കിയല്ലൊ. ഇന്ത്യൻ ജനതയുടെ വികാസം വിവിധ ഘട്ടങ്ങളിലൂടെയാണ് സംഭവിച്ചത്. പ്രാചീന കാലത്ത് നിലനിന്നിരുന്ന സിന്ധു സംസ്കാരവും തുടർന്ന് വന്ന വേദ സംസ്കാരവും അതിന് ശേഷം രണ്ട് സംസ്കാരങ്ങളും ചേർന്ന ഒരു പൊതു സംസ്കാരം നിലവിൽ വന്നു. മത വിശ്വാസങ്ങളിൽ ആ കൂടിച്ചേരൽ വളരെ പ്രകടമായി കാണാൻ കഴിയും. സിന്ധു സംസ്കാരത്തിൽ പ്രകടമായ ലിംഗാരാധന ശിവൻ എന്ന ദേവ സങ്കൽപം ഒക്കെ വേദിക സംസ്കാരം ഉൾക്കൊള്ളുകയും. വേദങ്ങളിൽ ഇല്ലായിരുന്ന വിഷ്ണു സങ്കൽപം ശക്തമാകുകയും ചെയ്തു. വേദകാലഘട്ടം കഴിഞ്ഞതോട് കൂടി ശക്തരായ ദ്രാവിഡ രാജാക്കന്മാർ ഉടലെടുക്കുകയും ദ്രാവിഡർ അവഗണിക്കാൻ കഴിയാത്ത ഒരു സമൂഹമായി തീരുകയും ചെയ്തു. വേദിക കാലത്തിന് ശേഷമുള്ള ഇന്ത്യ ചരിത്രത്തെക്കുറിച്ച് മനസിലാക്കാൻ കഴിയുന്നത് പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും ആണ്.

പ്രാചീന കാലഘട്ടത്തിൽ ദൈവങ്ങൾക്ക് വലിയ പ്രസക്തി ഇല്ലായിരുന്നു. പ്രക്യതി ശക്തികളെയായിരുന്നു ദൈവങ്ങളായി കണ്ട് ആരാധിച്ചിരുന്നത്. അവർക്ക് മനുഷ്യരൂപം കൽപ്പിച്ച് കൊടുത്ത് വിഗ്രഹങ്ങൾ നിർമിക്കാനും ക്ഷേത്രങ്ങൾ പണിയാനും തുടങ്ങിയത് ഏറെ കാലത്തിന് ശേഷമാണ്.

പ്രാചീന കാലത്ത് നിലവിൽ ഇരുന്ന കാർഷിക സംസ്കാരത്തിൽ തൊഴിലുകൾ അതിനനുസരിച്ച് ക്രമീകരിച്ചിരുന്നു. എന്നാൽ ഇരുമ്പിന്റെ കണ്ടുപിടുത്തം മനുഷ്യജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്നു. വിവിധ തരത്തിലുള്ള കൈത്തൊഴിലുകൾ നിലവിൽ വന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയരാൻ തുടങ്ങി. അതോടു കൂടി യാഗം കഴിക്കുന്ന ശീലത്തിലും വലിയ വർദ്ധനവ് ഉണ്ടായി. ആദ്യകാലത്ത് ഗ്രഹനാഥൻമാർ കുടുംബങ്ങളിൽ യാഗം നടത്തിയിരുന്നു. എന്നാൽ സമ്പത്ത് വർദ്ധിച്ചപ്പോൾ രാജാക്കൻമാരും പ്രഭുക്കൻമാരും യാഗാർപ്പണത്തിന് വേണ്ടി പ്രത്യേകം ആളുകളെ നിയമിക്കാൻ തുടങ്ങി. യാഗാർപ്പണം ഒരു ആദായമുള്ള തൊഴിലായി തീർന്നതോട് കൂടി പലരും അതിലേക്ക് ആകർഷിക്കപ്പെട്ടു. എന്നാൽ പുരോഹിതൻമാരായി തീർന്നവർ തങ്ങളെ ഒരു വ്യത്യസ്ത വർഗമായി കരുതാനും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ജീവിതരീതികൾ പുലർത്തുവാനും തുടങ്ങി. ആ കാലഘട്ടങ്ങളിൽ വേദങ്ങളും മന്ത്രങ്ങളും വാമൊഴിയായാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. അങ്ങനെ ആരാധനയുടെ കുത്തക പുരോഹിത വർഗത്തിന് കൈവന്നു. അത് പാരമ്പര്യമായി തുടരാനും തുടങ്ങി. വർണവ്യവസ്ഥതിയുടെ തുടക്കം ഇങ്ങനെയായിരുന്നു ആരംഭിച്ചത്.

താരതമ്യേന അച്ചടക്കമുള്ള ഒരു സാമൂഹ്യ വ്യവസ്ഥതിയിൽ നിന്നും കുത്തഴിഞ്ഞ ഒരു വ്യവസ്ഥതിയിലേക്കുള്ള പരിവർത്തനം ഈ കാലഘട്ടങ്ങളിൽ സംഭവിച്ചു. മഹാഭാരത കഥകളിൽ കാണാൻ കഴിയുന്നത് കുത്തഴിഞ്ഞ ജീവിതമാണ്. രാജ്യത്തിന്റെ സമ്പത്ത് ദുർവ്യയം ചെയ്തു കൊണ്ട് നടത്തപ്പെടുന്ന മാസങ്ങൾ നീണ്ടു നിൽക്കുന്ന യാഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. യാഗാചാര്യൻമാർക്ക് അളവറ്റ പൊന്നും പണവും കൊടുക്കാൻ തുടങ്ങി. അത് പോലെ നിസ്സാര കാര്യത്തിന് പോലും യുദ്ധങ്ങൾ പതിവായി തീർന്നു. ഈ കുത്തഴിഞ്ഞ വ്യവസ്ഥതി പുരോഹിത വർഗം സമർത്ഥമായി ഉപയോഗപ്പെടുത്തുകയും പലവിധ പൂജാകർമ്മങ്ങളും യാഗങ്ങളും പുതുതായി നിയമിക്കുകയും ചെയ്തു. അവർക്ക് ഈ ചടങ്ങുകളിലൂടെ ലഭിച്ചിരുന്ന ആദായം വളരെ വലുതായിരുന്നു.

മദ്യപാനം ചൂതുകളി സംഗീത നൃത്ത വിനോധങ്ങൾ എന്നിവ വർദ്ധിച്ചു. രാജാക്കന്മാർ വിശ്വസ്തതയും ചുമതലാബോധവും മറന്ന് സുഖദോഗങ്ങളെ അന്വേഷിക്കാൻ തുടങ്ങി. ധർമ്മിഷ്oൻ എന്നറിയപ്പെട്ടിരുന്ന യുധിഷ്oരൻ പോലും തന്റെ രാജ്യത്തെയും സഹോദരൻമാരേയും സ്വന്തം ഭാര്യയെപ്പോലും ചൂതുകളിയിൽ നഷ്ടപ്പെടുത്തി അപ്പോൾ മറ്റുള്ളവരുടെ ധാർമ്മിക നിലവാരം നമ്മുക്കാലോചിക്കാൻ കഴിയുമല്ലൊ. അതോടൊപ്പം മദ്യപാനം വലിയ അളവിൽ സമൂഹത്തിൽ വർദ്ധിച്ചു. മദ്യം കഴിക്കുന്നവരാണ് സുരൻമാർ അത് കഴിക്കാത്തവരാണ് അസുരൻമാർ എന്നൊരു വാദവും ഉണ്ട്. അത് ശരിയാണെങ്കിൽ ആര്യൻമാരുടെ പൊതു സവിശേഷതയാണ് മദ്യപാനം ദ്രാവിഡർ അഥവാ അസുരർ ആ ശീലം ഇല്ലാത്തവരായിരുന്നു എന്ന് ചിന്തിക്കാം.

കുത്തഴിഞ്ഞ സാമുഹൃഘടന പുരോഹിതൻമാർക്ക് തങ്ങളുടെ വ്യവസ്ഥതി നടപ്പിൽ വരുത്താൻ കഴിയുന്ന ഒരു സാഹചര്യം ഒരുക്കി. അവർ അതിന് വേണ്ടി ധാരാളം വേദങ്ങളും ബ്രാഹ്മണ്യങ്ങളും സൃഷ്ടിച്ചുണ്ടാക്കി. അവരെ കൂടാതെ യാഗം കഴിക്കാൻ കഴിയാത്തവണ്ണം നിയമങ്ങളും ഉണ്ടാക്കി. തങ്ങളുടെ എല്ലാ ദുഷ്ടതയേയും ന്യായീകരിക്കുവാനും തങ്ങൾക്ക് സാമ്പത്തിക ലാഭം ഉണ്ടാകുവാനും ഉദ്ദേശിച്ചുള്ളവയായിരുന്നു എല്ലാം. ചിലത് നമുക്കൊന്ന് നോക്കാം.

കൊട്ടാര പുരോഹിതനെ നിയമിച്ചീട്ടില്ലാത്ത രാജാവിന്റെ നിവേദ്യങ്ങൾ ദൈവം സ്വീകരിക്കയില്ല. അവന് അഞ്ച് സംഹാരാഗ്നികൾ ഉണ്ട്. വാക്കിലെ അഗ്നി പാദത്തിലെ അഗ്നി ചർമ്മത്തിലെ അഗ്നി ഹ്രദയത്തിലെ അഗ്നി ജനനേന്ദ്രിയത്തിലെ അഗ്നി. ഈ അഞ്ച് അഗ്നികളേയും രാജാവ് തൃപ്തിപ്പെടുത്തണം. (അയിത്രേയ ബ്രാഹ്മണ്യ പേജ് 212 ) ഇത് വായിക്കുന്ന ആർക്കും ജഡീക മോഹങ്ങൾ നിവർത്തിക്കാൻ വേണ്ടി സൃഷ്ടിച്ച നിയമമാണെന്ന് മനസിലാകുമല്ലൊ.
സകല ധർമ്മനീതികളുടേയും അടിസ്ഥാന ബ്രാഹ്മണനാകുന്നു അവർ പറയുന്നത് സകല മനുഷ്യർക്കും പ്രമാണമാണ്. കുറച്ച് കൂടി തെളിവുകൾ നമുക്ക് നാളെ പരിശോധിക്കാം.

ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കിയവർ സ്വയം മുകളിൽ പ്രതിഷ്ഠിക്കുകയും മറ്റുള്ളവരുടെ ചിലവിൽ ഒന്നും ചെയ്യാതെ ജീവിക്കാകുന്നു ഒരു വ്യവസ്ഥതി കെട്ടിപ്പടുത്തു. അതിനേക്കാളും വലിയ ക്രൂരത മറ്റുള്ളവരെ സാമൂഹൃ വ്യവസ്ഥതിയുടെ പുറത്ത് നിർത്തി എല്ലാ അവകാശങ്ങളും നിഷേധിച്ചു എന്നതാണ്.

നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം
ഭാഗം 12

വർണവ്യവസ്ഥതിയിലേക്കുള്ള നമ്മുടെ പരിവർത്തനത്തെക്കുറിച്ച് നാം പഠിച്ച് വരികയായിരുന്നുവല്ലോ. കുടുംബനാഥൻ യാഗത്തിന് നേതൃത്വം കൊടുത്തിരുന്ന സാമുഹൃവ്യവസ്ഥതി മാറി യാഗത്തിനും പൂജാകർമ്മങ്ങൾക്കും പ്രത്യേകം പുരോഹിതന്മാർ ആവശ്യമുള്ള ഒരു സാമൂഹ്യക്രമം പതുക്കെ സൃഷ്ടിക്കപ്പെട്ടു ആ വരേണ്യവർഗം മറ്റുള്ളവരേക്കാൾ ശേഷ്ഠൻമാർ ആകാൻ വേണ്ടി സ്വയം നിയമങ്ങളും സ്രഷ്ടിച്ചു. രാജാക്കൻമാർക്കൊ പ്രഭുക്കൻമാർക്കൊ അതൊരു ദോഷമായി തോന്നാത്തത് കൊണ്ടും പുരോഹിത വർഗം അധികാരികളെ പ്രീണിപ്പിക്കുന്നതിന് വേണ്ടി ധാരാളം ശ്ലോകങ്ങളും കീർത്തനങ്ങളും രചിക്കാൻ തുടങ്ങിയതും ധാരാളം പുരോഹിതൻമാർ ഉള്ളത് മാനമായി കരുതിയതും കൊണ്ട് അവർ പുരോഹിത വാഴ്ചയെ പ്രോത്സാഹിപ്പിച്ചു.

പുരോഹിതവ്യവസ്ഥയുടെ ആരംഭകാലത്ത് അവർക്ക് പോലും ഇത്ര കഠിനമായ വർണവ്യവസ്ഥതി സൃഷ്ടിക്കണമെന്ന് ആഗ്രഹം ഉണ്ടായിക്കാണില്ല എന്നാൽ കാലങ്ങൾ കൊണ്ടാണ് അത് രൂപപ്പെട്ടത്. അവർ ആദ്യം ചെയ്തത് സ്വയം മറ്റുള്ളവരിൽ നിന്നും മാറി നിന്ന് സംഘടിച്ചു. മറ്റുള്ള ആളുകളുമായുള്ള വിവാഹം ആദ്യം തടയപ്പെട്ടു. പെൺകുട്ടികളെ ചെറുപ്പത്തിൽ കല്യാണം കഴിപ്പിക്കാൻ തുടങ്ങി. വിധവാ വിവാഹം നിഷിധമാക്കി. പ്രായമാകുമ്പോഴാണല്ലാ സ്വന്ത ഇഷ്ടം നിവർത്തിക്കാൻ കഴിയുകയുള്ളൂ. വേദകാലത്ത് വിധവാ വിവാഹം നിലനിന്നു എന്ന് കാണുന്ന അനേകം തെളിവുകൾ വേദങ്ങളിൽ കാണാനുണ്ട്. ഋഗ് വേദം x 18-8 ൽ സ്ത്രീയെ എഴുന്നേൽക്കുക നീ മരിച്ച ഒരാളോടുകൂടെ എന്തിന് കിടക്കുന്നു ജീവിക്കുന്നവരുടെ ലോകത്തിലേക്ക് വന്ന് നിന്നെ കല്യാണം കഴിക്കാനാഗ്രഹിച്ചു നിന്റെ കൈ പിടിക്കുന്ന പുരുഷന്റെ ഭാര്യയായി തീരുക എന്ന് എഴുതിയിരിക്കുന്നു.

പുരോഹിതൻ ഉയർന്ന ജാതിയാണെന്നും അവനെ എല്ലാവരും ബഹുമാനിക്കണം എന്ന നിയമം എഴുതിയുണ്ടാക്കിയത് അവൻ തന്നെയാണെന്നുള്ളതാണ് യാഥാർത്ഥ്യം. അവരാൽ എഴുതപ്പെട്ട ചില നിയമങ്ങൾ നമുക്കൊന്ന് നോക്കാം.

ധർമ്മം നിലനിർത്തുവാനാണ് ബ്രാഹ്മണൻ ജനിക്കുന്നത്. ഭൂമിയിലുള്ളതെല്ലാം ബ്രാഹ്മണന്റെ സ്വത്താണ്….. അവന്റെ ഔദാര്യത്തിൽ സകലരും ജീവിക്കുന്നു.
സകല ധർമ നീതികളുടേയും അടിസ്ഥാനം ബ്രാഹ്മണനാകുന്നു. ദേവൻമാരുടെ സന്നിധിയിലും അവൻ ഒരു ദേവനാണ്. അവൻ പറയുന്നത് സകല മനുഷ്യർക്കും പ്രമാണമാണ്.
ഭൂമിയിൽ നിന്ന് ഒരു നിക്ഷേപം കിട്ടിയാൽ പകുതി ബ്രാഹ്മണന് കൊടുക്കണം.
ബ്രാഹ്മണനിൽ നിന്നും നികുതി വസൂലാക്കാൻ പാടില്ല. അവന് വേണ്ടതെല്ലാം രാജാവ് കൊടുക്കണം. (മനുസ്മൃതി)

അതിനേക്കാൾ ഭീകരമാണ് മറ്റുള്ളവർക്ക് (അവർണന്) വേണ്ടി അവർ ഉണ്ടാക്കിയ നിയമങ്ങൾ.

ഉയർന്ന ജാതിയിലുള്ളവരെക്കുറിച്ച് ഒരു ശുദ്രൻ എന്തെങ്കിലും ചീത്ത പറഞ്ഞാൽ അവന്റെ നാവ് അറുക്കണം. (ആപസ്തംഭാ I l I – 10)
ഒരു ദ്വിജനെ അധിക്ഷേപിക്കുകയൊ ദേ ഹോപദ്രവം ഏൽപിക്കുകയാ ചെയ്യുന്ന ശുദ്രൻ എത് അവയവം മൂലം ആ കുറ്റം ചെയ്തുവൊ ആ അവയവം വെട്ടിക്കളയണം. ശുദ്രൻ വേദമന്ത്രോച്ചാരണം കേട്ടാൽ അവന്റെ ചെവികളിൽ അരക്കൊ ഈയമൊ ഉരുക്കി ഒഴിക്കണം. അവൻ വേദമന്ത്രം ചൊല്ലിയാൽ അവന്റെ നാവറുക്കണം. അതവൻ മനപാഠമാക്കിയാൽ അവന്റെ ശരീരം മുഴുവനും വെട്ടി കക്ഷണമാക്കണം . (ഗാതമ X II )
ഒരു ശുദ്രന് സ്വത്ത് സമ്പാധിക്കാൻ അവകാശമില്ല. ശുദ്രന്റെ സ്വത്ത് ബ്രാഹ്മണന് ബലാൽക്കാരമായി കൈവശമാക്കാം. (ആപസ്തംബ)

ഈപ്പറഞ്ഞ കാര്യങ്ങൾ ഒരു ദിവസം കൊണ്ടല്ല നടപ്പിൽ വരുത്തിയത്. പല നൂറ്റാണ്ടുകളിലൂടെ രാജാധികാരത്തിന്റെ സഹായത്താൽ ആണ് ഇത് നടപ്പിൽ വരുത്തിയത്. ചിലർക്കെങ്കിലും പുരോഹിതർ ഒരു പ്രത്യേകജാതിയായി തീരുകയും മറ്റുള്ളവർക്ക് മുകളിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തപ്പോൾ എന്ത് കൊണ്ട് ആരും എതിർത്തില്ല എന്ന് ശംശയം തോന്നുമായിരിക്കും. ഇരുമ്പ് കണ്ടു പിടിച്ചത് ജിവിത നിലവാരത്തിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടാക്കിയെന്ന് ഞാൻ മുൻപ് പറഞ്ഞല്ലോ. അതോട് കൂടി വിവിധ കൈത്തൊഴിലുകൾ രൂപപ്പെടു ആയുധങ്ങളുടേയും പണിയായുധങ്ങളുടേയും നിർമാണം കരകൗശലം ശിൽപ നിർമാണം തുടങ്ങിയ ഉദാഹരണം. ഈ തൊഴിലുകൾ കാലക്രമേണ പാരമ്പര്യമായി തലമുറകളിലേക്ക് പകരപ്പെടുവാൻ തുടങ്ങി. അത് പോലെ തന്നെ രാജാധികാരവും ആയി തീർന്നു അത് കൊണ്ട് തന്നെ പുരോഹിത വൃത്തി പാരമ്പര്യമായി തീർന്നതിനോട് ആർക്കും എതിർപ്പ് തോന്നിയില്ല കാരണം എല്ലാവരേയും തുല്യരായി പരിഗണിച്ചിരുന്നുവല്ലൊ. അവർ സ്വയം ശ്രേഷ്ഠരെന്ന് എണ്ണിയപ്പോഴും ആരും എതിർത്ത് കാണില്ല കാരണം ബാക്കി ജനമെല്ലാം ഒരേ പോലെ പരിഗണിക്കപ്പെട്ടിരുന്നുവല്ലോ. (ആര്യൻമാരോട് കൂടിച്ചേരാതിരുന്ന ദ്രാവിഡർ അന്നും സമൂഹത്തിന് പുറത്തായിരുന്നു) അത് മാത്രമല്ല ക്ഷേത്രങ്ങൾ നിലവിൽ വരാനും അവിടെ അവരുടെ സേവനം ആവശ്യവുമായിരുന്നു. തൻ മുലം ദൈവങ്ങളുടെ സേവ ചെയ്യുന്നവർ എന്ന നിലയിൽ അവരെ ബഹുമാനിക്കാൻ ജനം തയ്യാറാക്കുകയും ചെയ്തു.

എന്നാൽ പുരോഹിത വർഗം മറ്റുള്ളവരുടെ മേൽ ദൈവത്തിന്റെ പേരിൽ അധികാരം പ്രയോഗിക്കാനും നിയമങ്ങൾ അടിച്ചേൽപ്പിക്കാനും തുടങ്ങിയപ്പോൾ പലരും എതിർത്തു. അവർ പുരോഹിതന്മാർക്കെതരെ രചിച്ചതാണ് ഉപനിഷത്തുക്കൾ. വളരെ പണ്ഡിതോചിതമെന്ന് ലോകം അംഗീകരിക്കുന്ന ഉപനിഷത്തുകളുടെ രചയിതാക്കൾ പുരോഹിതൻമാരല്ല. അതിന് ഹൈന്ദവ മതവുമായി ബന്ധവുമില്ല. ബ്രാഹ്മണമേധാവിത്വത്തിനെതിരെയുള്ള ആശയപരമായ സമരമാണത്. പക്ഷെ അതെല്ലാം വിസ്മൃതിയിൽ ആകുകയും വർണവ്യവസ്ഥതിയിലേക്ക് നാം വഴുതി വീഴുകയും ചെയ്തു.

ghgfhfghfgghdsf

fdgdfgdsfgdf

Author: JOHNSON G VARGHESE

Hi, I am Johnson G Varghese, Pastor and Bible Teacher @ Church of God in India, Living at Kerala,Kollam Dist.