വേദപുസ്തകശാസ്ത്രം

 2,168 total views

1.ആമുഖം
2.ബൈബിളിലെ ആലങ്കാരികഭാഷകൾ-വിശകലനം
3.ബൈബിളിൻറെ​ ഉദ്ദേശം
4.ബൈബിൾ​​ എഴുതപ്പെട്ടത് എപ്പോൾ
5.പഴയ-പുതിയനിയമം എഴുതപ്പെട്ട കാലഘട്ടം
6.ബൈബിൾ എഴുതിയത് ആർ
7.ബൈബിൾ​ എഴുതപ്പെട്ട സ്ഥലങ്ങൾ
8.വേദപുസ്തകത്തിൻറെ ആധികാരികത
9.ബൈബിൾ മൊത്തത്തിൽ
10.ആദ്യബൈബിൾ ഏത് ഭാഷയിൽ
11.മലയാളം ബൈബിളിൻറെ ഉത്ഭവം
12.ബൈബിൾ വിഭജനം
13.വേദപുസ്തകത്തിന് ബൈബിളിൽ പറയപ്പെടുന്ന പേരുകൾ
14.വേദപുസ്തകത്തിൻറെ പ്രത്യേകതൾ
15.ദൈവവചനത്തിൻറെ ശക്തി
16.മനുഷ്യനിൽ ദൈവവചനത്തിൻറെ കർത്തവ്യങ്ങൾ
17.ദൈവ വചനത്തിൻറെ മറ്റ് പേരുകൾ
18.ദൈവവചനത്തോടുള്ള മനുഷ്യൻറെ സമീപനരീതി
19.ബൈബിളിലെ എന്താണ് ദൈവവചനം
20.ബൈബിളിൽ മറഞ്ഞിരിക്കുന്ന ബൈബിൾ
21.പഴയനിയമത്തിലെ പഴകീയനിയമം
22.പഴയനിയമവും-പുതിയനിയമവും താരതമ്യപഠനം
23.യേശുക്രിസ്തു-ദൈവവചനം
24.ഉപസംഹാരം

1.ആമുഖം

‘Biblia’എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ‘Biblia’ എന്ന വാക്ക് ഉണ്ടായത്. ‘Biblia’ എന്ന വാക്കിൻറെ അർത്ഥം ഇംഗ്ളീഷിൽ Books എന്നാണ്. ബൈബിളിനെ നാം വേദപുസ്തകം എന്നു വിളിക്കുന്നു. എന്നാൽ വേദപുസ്തകം എന്ന പേർ ബൈബിളിൽ പറയുന്നില്ല. ബൈബിളിൻറെ പരിഭാഷകൻമാർ സത്യവേദപുസ്തകം എന്ന പേർ നൽകിയെന്നേയുള്ളൂ. വേദം എന്നു പറഞ്ഞാൽ അറിവ് നൽകുന്നത് എന്നർത്ഥം. അറിവുകളുടെ ഒരു ശേഖരമാണ് ബൈബിൾ. എന്നാൽ അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ രചിച്ചതല്ല ബൈബിൾ. വിവിധ എഴുത്തുകാർ, വിവിധ ഭാഷകളിൽ, വിവിധ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് എഴുതിയ 66 പുസ്തകങ്ങളുടെ സമാഹാരമാണ് നമ്മുടെ കൈകളിൽ ഇപ്പോൾ ഇരിക്കുന്ന ബൈബിൾ. എഴുതിയവരിൽ തന്നെ പലരും അന്യോന്യം കണ്ടിട്ടില്ലായെങ്കിലും ഒരേ വിഷയത്തിൻറെ പലഭാഗങ്ങൾ അവർ ഒരുപോലെ അനാവരണം ചെയ്തിരിക്കുന്നു. ഇങ്ങനെ വിവിധ എഴുത്തുകാർ വിവിധ സാഹചര്യങ്ങളിലും, സ്ഥലങ്ങളിലും, ഭാഷകളിലും, കാലദൈർഘ്യത്തിലും ബൈബിൾ എഴുതിയെങ്കിലും ഇത് ഒരു വ്യക്തിയുടെ ഗ്രന്ഥം പോലെയിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും അത്ഭുതകരമായ വിഷയം. ഇത് ബൈബിളിന് മാത്രം അവകാശപ്പെടാവുന്ന മേൻമയാണ്. ചുരുക്കത്തിൽ 66 ദൈവീക പുസ്തകങ്ങളുടെ സമഗ്രമായ ഒരു ലൈബ്രറിയാണ് ബൈബിൾ എന്നു തന്നെ പറയാം. ലോകത്തോടുള്ള ദൈവത്തിൻറെ ഉദ്ദേശവും ദൈവപ്രവർത്തികളുടെ ആകെ തുകയും ആണ് ബൈബിൾ നമ്മോടു അറിയിക്കുന്നത്. ദൈവം മനുഷ്യൻറെ ഉള്ളിൽ നൽകിയ (Inspiration) ആത്മപ്രേരണയാൽ എഴുതിയതാണ് ബൈബിൾ.

2.ബൈബിളിലെ ആലങ്കാരികഭാഷകൾ-വിശകലനം

വിശുദ്ധവേദപുസ്തകം പരിശുദ്ധാത്മ പ്രചോദിതം (inspired) ആകുന്നു. ഇതിൽ പ്രകൃത്യായുള്ള അർത്ഥത്തിൽ (natural sense) ഗ്രഹിക്കേണ്ട കാര്യങ്ങളോടൊപ്പം ആലങ്കാരിക ഭാഷ (figurative language) ഉപയോഗിച്ചും പലകാര്യങ്ങളും വിവരിച്ചിട്ടുണ്ട്. അല്പം കൂടി വ്യക്തമായി പറഞ്ഞാൽ വേദപുസ്തകത്തിൽ വർണ്ണനാതീതമായതിന് അർത്ഥബോധം ഉളവാക്കുവാൻ വാക്കുകൾകൊണ്ട് ചിത്രങ്ങൾ (pictures in words) വരയ്ക്കാറുണ്ട്. യഹോവ എൻറെ ഇടയനാകുന്നു. (സങ്കീ.23:1) എന്ന് ദാവീദ് പറയുമ്പോൾ ദൈവം (യഹോവ) സാക്ഷാൽ ഇടയനാകുന്നു എന്നും, തീർച്ചയായും ആടുകളെ പാലിക്കുന്നവനാണ് എന്നും ഇതിനർത്ഥമില്ല. എന്നാൽ ഇടയൻ തൻറെ ആടുകളെ എപ്രകാരം നിഷ്ക്കളങ്കമായി സ്നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നുവോ അതുപോലെ ദൈവവും തൻറെ ജനത്തെ എത്രത്തോളം അഗാധമായി കരുതുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇപ്രകാരമുള്ള ‘വാക്കുകൾകൊണ്ടുള്ള ചിത്ര’ രചയ്ക്കാണ് ആലങ്കാരിക ഭാഷ എന്ന് പേർ പറയുന്നത്. ആലങ്കാരിക ഭാഷാ പ്രയോഗം പലവിധത്തിൽ ഉണ്ട്

1. സൂചക പദാലങ്കാരം (Metonymy)

സൂചിതപദത്തിന് പകരം ഉപയോഗിക്കുന്ന അലങ്കാരമാണിത്. അതായത് ഉപയോഗിക്കുന്ന പദം അതുമായി ബന്ധപ്പെട്ട് സൂചിതമാകുന്ന മറ്റൊന്നിനെ കാണിക്കുന്നു. ‘മെറ്റോനിമിയ ‘ (Metonymia) എന്ന ഗ്രീക്ക് പദം ‘മെറ്റ’ (meta, മാറ്റത്തെ കാണിക്കുന്നത്), ‘ഒനിമ’ (Onoma, പേര്) എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നും ഉത്ഭവിച്ചതാണ്. അപ്പോൾ ‘മെറ്റോ-നിമിയ’ എന്നതിന് ‘പേരിൽ ഉള്ള മാറ്റം’ എന്നർത്ഥം കൈവരുന്നു. ഉദാഹരണം നരച്ചമുടി=പ്രായം (ലേവ്യ.19:32); ചെങ്കോൽ=രാജത്വം(ഉല്പ.49:10)

2. ഉപലക്ഷണാലങ്കാരം (Synecdoche)

മൊത്തമായതിനെ (whole) കാണിപ്പാൻ എന്തിൻറെയെങ്കിലും ഒരു ഭാഗത്തെ കാണിക്കുന്നു. ‘സൈൻ’ (syn=ഒരുമിച്ച്), ‘എക്ഡെഷെസ്ത്തായ്’ (to receive,ലഭിപ്പാൻ) എന്നീ രണ്ട് ഗ്രീക്ക് പദങ്ങൾ ചേർന്ന് ഉണ്ടായതാണ് ‘സൈനക്ഡോഷെ’ (synecdoche) എന്ന വാക്ക്. പ്രസ്തുത പദത്തിന് ‘ഒരുമിച്ച് ലഭിപ്പാൻ’ എന്നർത്ഥം കല്പിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണം മനുഷ്യൻ (Man)=മാനവരാശി(ഉല്പ.2:7)

3.ദൃഷ്ടാന്തം( സാദൃശ്യം, Simile)

ഒന്നിനെ മറ്റൊന്നിനോട് ഉപമിയ്കുന്നതിനാണ് ദൃഷ്ടാന്തം എന്ന് പറയുന്നത്. ലത്തീൻ ഭാഷയിൽ ‘സിമിലിസ്’ (similis) എന്നതിന് ‘പോലെ’ (like) എന്നർത്ഥം. ഉദാഹരണം ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ =അനുഗ്രഹിക്കപ്പെട്ടവൻ.(സങ്കീ.1:3), കാറ്റ് പാറ്റുന്ന പതിർപോലെ = ദുഷ്ടൻമാർ(സങ്കീ.1:4)

4.രൂപകാലങ്കാരം (Metaphor)

ഒന്ന് മറ്റൊന്നിനെപ്പോലെ അല്ല, അതുതന്നെയാണ് എന്ന് ഇത് വിവക്ഷിക്കുന്നു. ഇവിടെ താരതമ്യത്തിന് സ്ഥാനം ഇല്ല. ഉദാഹരണം ഞാൻ(യേശുക്രിസ്തു) ലോകത്തിൻറെ വെളിച്ചം ആകുന്നു (യോഹ.8:12). നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു(മത്ത.5:13). ‘മെറ്റാഫെറെയിൻ’ (metapherein)എന്ന ഗ്രീക്ക് പദം രൂപപ്പെട്ടിരിക്കുന്നത് ‘മെറ്റാ’ (meta=beyond, അപ്പുറം), ‘ഫെറെയിൻ'(pherein=carry,വഹിക്കുക) എന്ന് രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. ഉപയോഗിക്കുന്ന പദത്തിന് അത് വഹിക്കുന്നതിനെക്കാൾ അപ്പുറത്തെ അർത്ഥം ഉണ്ടെന്ന് ഇത് വെളിവാക്കുന്നു.

5. പ്രതീകം (അടയാളം, ചിഹ്നം, Symbol)

ഗ്രീക്ക് ഭാഷയിൽ ‘സിൻ’ (syn) എന്നതിന് ‘ഒരുമിച്ച്’ (കൂടെ, together) എന്നും ‘ബാല്ലെയ്ൻ’ (ballein) എന്നതിന് ‘എറിയുന്നതിന്'(to throw) എന്നും ഉള്ള അർത്ഥമാണുള്ളത്. അപ്പോൾ ‘സിംബാല്ലെയ്ൻ’ എന്ന് ഗ്രീക്ക് പദം ‘ഒരുമിച്ച് എറിയുന്നതിന്’ എന്നർത്ഥം നൽകുന്നു. ഗ്രഹിക്കുവാൻ പ്രയാസം ഉള്ള ആശയത്തിൻറെയും(abstract idea), ദൃശ്യമായ/പ്രത്യക്ഷമായ അടയാളത്തിൻറെയും(visible sign) സംയോഗം(combination) അഥവാ ഒരുമിച്ചുള്ള നില്പിനെ ഇത് കാട്ടുന്നു. ഇവിടെ രണ്ടാമത്(later) പറഞ്ഞത് ആദ്യത്തേതിനെ (former)അല്ലെങ്കിൽ മുൻ പ്രസ്താവിച്ചതിനെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണം ചായപ്പണി ചെയ്തതോ(painted), കൊത്തുപണി ചെയ്തതോ(sculptured) ആയ വസ്തു, കൈയ്യുടെ സ്ഥാനം മുതലായവ.
                     പ്രതീകം/അടയാളം/ചിഹ്നം നടന്നതിനെയോ ഇനിയും നടക്കുവാനുള്ളതിനെയോ(prototype) ചൂണ്ടിക്കാട്ടാം. ഉദാഹരണം മോശെ മരുഭൂമിയിൽ താമ്രം കൊണ്ടുള്ള സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിൽ തൂക്കിയത് (സംഖ്യ.21:4-9) മനുഷ്യപുത്രൻറെ (യേശുക്രിസ്തുവിൻറെ) ക്രൂശാരോഹണത്തെ സൂചിപ്പിക്കുന്നു(യോഹ.3:14). പ്രതീകം സ്വഭാവിക ഗുണത്തെ അഥവാ നന്മ(attributes)യെയും കാണിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ചുരുക്കത്തിൽ പ്രതീകം സംഭവ്യമായതിനെയും, സംഭവിപ്പാനുള്ളതിനെയും(prototype) അഭേദ്യഗുണത്തെ/സഹജഗുണത്തെയെയും(attributes) പ്രതിപാദിക്കുന്നു. കൂടാതെ അംഗീകൃത അർത്ഥമുള്ള പൊതവായ ഒന്നിനെയും പ്രതീകം സൂചിപ്പിക്കുന്നതായി പറയാം. അതായത് മറ്റൊന്നിന് വേണ്ടി നിലകൊള്ളുന്നതെന്തോ അതാണ് പ്രതീകം. ഉദാഹരണമായി പറഞ്ഞാൽ മഴവില്ല് ദൈവത്തിൻറെ സ്നേഹം,വിശ്വസ്തത എന്നിവയുടെ പ്രതീകമാണ്(ഉല്പ.9:13-16,യെഹ.1:28, വെളി.4:3). ഇവ്വിധ അർത്ഥതലങ്ങളിലൂടെയാണ് പ്രതീകങ്ങളെ നോക്കികാണേണ്ടത്.

6. മാതൃക(ഇനം, type)

പിന്നീട് പ്രത്യക്ഷപ്പെടുവാൻ പോകുന്ന ഏതോ ഒന്നിനെ(something) അഥവാ വ്യക്തിയെയോ സൂചിപ്പിക്കുന്നു. ഉദാഹരണം ആദം(First Adam) ക്രിസ്തുവിനെ(Second Adam) പ്രതിനിധാനം ചെയ്യുന്നു. മറ്റൊരു ഉദാഹരണം നോക്കാം. നോഹയുടെ പെട്ടകത്തിൽ എട്ടുപേർ വെള്ളത്തിൽ കൂടി രക്ഷപ്പെട്ടു(ഉല്പ.7:23, 1പത്രൊ.3:20-21). ഇത് സ്നാനത്തിന് ഒരു മുൻകുറിയാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.

7.ആളത്തസങ്കല്പം(Personification)

മാനുഷ്വതം അതായത് സചേതനത്വം അഥവാ ജീവനില്ലാത്തതിന് ജീവൻ ഉണ്ടെന്ന് സങ്കൽപ്പിച്ച് പറയുന്നതാണിത്. ഉദാഹരണം സങ്കീ.68:32,148:3,യിരെ.4:31

8.ഉപമ(Parable)

ഗുണപാഠ കഥയ്ക്കാണ് ഉപമയെന്ന് പറയുക. ഇതിൻറെ പ്രത്യേകത പ്രമുഖമായൊരു ആത്മീയ സത്യം (ഗുണപാഠം) അത് ഉൾക്കൊള്ളുന്നു എന്നതാണ്. ഉദാഹരണ മത്തായി 13, മർക്കൊ. 4. ലൂക്കൊ.12:16-21, ലൂക്കൊ.15 മുതലായവ.

9. അന്യോപദേശം(സാദൃശോക്തി,Allegory)

വിപുലീകരിച്ച രൂപകാലങ്കാരമാണിത്(metephor). അതായത് പല രൂപകാലങ്കാരങ്ങൾ കൂടി സത്യം ഇത് വെളിപ്പെടുത്തുന്നു. ഗ്രീക്ക് ഭാഷയിലെ ‘അല്ലെഗോറിയ'(allegoria)എന്ന പദം ‘അല്ലോസ്'(allos,മറ്റത്). ‘അഗോറിയൂയ്ൻ'(agoreuein,പറയുക) എന്നീ രണ്ട് ഗ്രീക്ക് വാക്കുകൾ കൂടി ചേർന്നതാണ് ‘മറ്റൊന്നായി പറയുക’ എന്നർത്ഥം. ‘അല്ലെഗോറിയ’ എന്ന പദത്തിന് ഇപ്രകാരം ലഭ്യമാകുന്നു. ഉദാഹരണം സങ്കീ.80:8-15, സദൃ.5:3-5, സഭാ.12:3-7, യോഹ.15:1-8, 1കൊരി.3:10-15 ആദിയായവ.

3.ബൈബിളിൻറെ ഉദ്ദേശം

ബൈബിൾ എന്ന് പറയുന്നത് മനുഷ്യർക്ക് ദൈവം കാലാകാലങ്ങളായി നൽകിയിരിക്കുന്ന അരുളപ്പാടുകളാണ് ബൈബിൾ എന്നുള്ളത്. ആത്യന്തകരമായി ദൈവം ബൈബിളിനെ ലോകമാനവജാതികൾക്ക് നൽകിയിരിക്കുന്നതിൻറെ ഉദ്ദേശം യോഹന്നാൻ 20:31 വ്യക്തമാക്കുന്നു,‘യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടുന്നതിനും വിശ്വസിച്ചിട്ടു അവൻറെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടുന്നതിനും ഇതു എഴുതിയിരിക്കുന്നു‘. ആകയാൽ ബൈബിൾ പൂജിക്കുവാനുള്ളതല്ല, ജീവരക്ഷയ്ക്കായി പ്രയോഗിക്കുവാനുള്ള ആയുധമാണ്.

4.ബൈബിൾ എഴുതപ്പെട്ടത് എപ്പോൾ

ബൈബിൾ എഴുതപ്പെട്ടത്, ഒരു പ്രത്യേക കാലയളവിലോ, പ്രത്യേക സമയത്തോ വച്ചല്ല എഴുതിയത്. വിവിധ എഴുത്തുകാർ വിവിധ ഭാഷകളിൽ, വിവിധ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് എഴുതിയ പുസ്തകങ്ങളെ സമാഹരിച്ച്കൊണ്ടാണ് ആദ്യ ബൈബിൾ പ്രസിദ്ധീകരിച്ചത്. എഴുത്തുകാർ മിക്കവരും പലരും അന്യോന്യം കാണുകയോ സംസർഗ്ഗം പുലർത്തുകയോ ചെയ്തിട്ടില്ല. ഒടുവിലത്തെ എഴുത്തുകാരൻ ജനിക്കുന്നതിന് 1450 വർഷങ്ങൾക്ക് മുൻപ് ആദ്യഎഴുത്തുകാരൻ അന്തരിച്ചു. പഴയനിയമം എഴുതപ്പെട്ടത് 1500 to 400BC കൊല്ലം മുമ്പും പുതിയനിയമം എഴുതിയത് 40 to 90AD കാലഘട്ടത്തിലുമാണ്. നാം വായിക്കുന്ന പഴയനിയമവും യഹൂദൻമാരുടെ ബൈബിളും ഒന്നു തന്നെയാണ്. എന്നാൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നതിന് ചില വ്യതിയാനങ്ങൾ ഉണ്ടെന്നുമാത്രം. യഹൂദൻമാരുടെ ബൈബിളിനെ Tanak(Hebrew Bible) എന്നാണ് പറയുന്നത്.

5.പഴയ-പുതിയ നിയമം എഴുതപ്പെട്ട കാലഘട്ടം

പഴയനിയമ കാലഘട്ടം
പുതിയനിയമ കാലഘട്ടം
ഉത്പത്തി BC-1491 യാക്കോബ് AD-48
ഇയ്യോബ് BC-1400 മത്തായി AD-50
പുറപ്പാട് BC-1490 1തെസ്സലൊന്യക്യർ AD-52
ലേവ്യപുസ്തകം BC-1490 2തെസ്സലൊനിക്യർ AD-52
സംഖ്യപുസ്തകം BC-1451 1കൊരിന്ത്യർ AD-56
ആവർത്തനപുസ്തകം BC-1451 2കൊരിന്ത്യർ AD-57
യോശുവ BC-1427 റോമർ AD-58
ന്യായാധിപൻമാർ BC-1406 എഫെസ്യർ AD-60
രൂത്ത് BC-1312 ഫിലിപ്പ്യർ AD-60
1ശമൂവേൽ BC-1055 കൊലൊസ്യർ AD-60
2ശമൂവേൽ BC-1018 ഫിലേമോൻ AD-60
ദിനവ്യത്താന്തം BC-1015 ഗലാത്യർ AD-60
ഉത്തമഗീതം BC-1013 ലൂക്കോസ് AD-63
സദൃശ്യവാക്യങ്ങൾ BC-1000 അപ്പൊ.പ്രവർത്തി AD-64
സഭാപ്രസംഗി BC-1000 എബ്രായർ AD-64
1രാജാക്കൻമാർ BC-850 1തിമൊഥെ. AD-64
യോവേൽ BC-850 തീത്തോസ് AD-64
യോനാ BC-800 1പത്രൊസ് AD-64
ആമോസ് BC-780 2പത്രൊസ് AD-65
ഹോശേയ BC-750 2തിമൊഥെ. AD-67
മീഖാ BC-740 മർക്കൊസ് AD-68
യെശയ്യാവ് BC-700 യൂദാ AD-68
സെഫന്യാവ് BC-700 1യോഹന്നാൻ AD-90
സെഫന്യാവ് BC-630 2യോഹന്നാൻ AD-90
നഹൂം BC-620 3യോഹന്നാൻ AD-90
ഹബഹൂക്ക് BC-600 യോഹന്നാൻ സുവി AD-90
യിരെമ്യാവ് BC-580 വെളിപ്പാട് AD-96
വിലാപങ്ങൾ BC-580
2രാജാക്കൻമാർ BC-580
ഓബദ്യാവ് BC-580
യെഹെസ്ക്കേൽ BC-570
ദാനീയേൽ BC-535
ഹഗ്ഗായി BC-520
സെഖര്യാവ് BC-520
എസ്ഥേർ BC-500

6.ബൈബിൾ എഴുതിയത് ആര്

വിശുദ്ധ വേദപുസ്തകം 66 പുസ്തകങ്ങൾ ആയി 40 വ്യക്തികളാൽ എഴുതപ്പെട്ടു. മൂന്ന് ഭൂഖണ്ഡങ്ങളിലുള്ള 12 രാജ്യങ്ങളിലാണ് അവർ ജീവിച്ചിരുന്നത്. വിവിധ സംസ്ക്കാരങ്ങളിലും സാഹചര്യങ്ങളിലും ജീവിച്ചവരായിരുന്നു അവർ. എഴുത്തുകാരിൽ ചിലരായ ദാവീദ്, ശലോമോൻ, എന്നിവർ രാജാക്കൻമാരും ദാനീയേൽ, നെഹമ്യാവ്, എന്നിവർ രാജ്യതന്ത്രജ്ഞൻമാരും എസ്രാ,മോശെ,യിരെമ്യാവ്, എന്നിവർ പുരോഹിത പ്രവാചകൻമാരും പൌലോസ്, ലൂക്കോസ്, എന്നിവർ ബുദ്ധിജീവികളും ഡോക്ടർമാരും, പത്രൊസ്,യാക്കോബ്, എന്നിവർ മീൻപിടുത്തക്കാരായ സാധാരണക്കാരും മത്തായി ചുങ്കം പിരിവുകാരനുമായിരുന്നു.

7.ബൈബിൾ എഴുതപ്പെട്ട സ്ഥലങ്ങൾ

ബൈബിൾ എഴുതുവാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ വളരെ വ്യത്യസ്തങ്ങളാണ്. സീനായ്, മോവാബ് സമഭൂമികൾ, കൊട്ടാരം, കെബാർ നദിതീരം, ദേവാലയം, ശൂശൻ രാജധാനി, യെരീഹോ, ബെഥേൽ, കാരഗ്യഹങ്ങൾ, പത്മൊസ് ദ്വീപ്, എന്നീ സ്ഥലങ്ങൾ അവയിൽ ഉൾപ്പെടുന്നു.

8.വേദപുസ്തകത്തിൻറെ ആധികാരികത

‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു’ ‘യഹോവ കൽപിച്ചു’, ‘യഹോവയുടെ വചനം എനിക്കുണ്ടായി’, എന്നീ പ്രയോഗങ്ങൾ പഴയനിയമത്തിൽ 3800 പ്രാവശ്യം കാണാം. ബൈബിൾ‍ എഴുതുവാൻ ദൈവം തന്നെയാണ് തൻറെ ദാസൻമാർ‍ക്ക് നിയോഗം കൊടുത്തിരിക്കുന്നത്. (പുറ.17:14, 24:4, സംഖ്യ.33:2, ആവ.31:24, യിരെ.30:1, 36:1,2,4, ഹബ.2:2). പഴയനിയമ എഴുത്തുകാരെ യേശുക്രിസ്തുവും അപ്പോസ്തലൻമാരും പൂർ‍ണ്ണമായി അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. യേശുക്രിസ്തു പഴയനിയമം ദൈവവചനം തന്നെയെന്ന് സ്ഥിരീകരിച്ചതിൻറെ തെളിവാണ് ‘ന്യായപ്രമാണവും പ്രവാചൻമാരും’ എന്ന പ്രയോഗം കൊണ്ട് നാം മനസ്സിലാക്കുന്നത്.(മത്താ. 5:17). ബൈബിൾ ദൈവത്തിൻറെ വചനമാണെന്നും ദൈവത്തിൻറെ ആ വചനത്തോട് ആർ‍ക്കെങ്കിലും കൂട്ടുവാനോ കുറയ്ക്കുവാനോ കഴിയില്ല എന്നും നിവർ‍ത്തീകരിക്കപ്പെടേണ്ട ദൈവവചനം നിവർ‍ത്തിക്കപ്പട്ടെങ്കൽ മാത്രമേ ആകാശവും ഭൂമിയും ഒഴിഞ്ഞ് പോവുകയുള്ളൂ എന്നും കർ‍ത്താവായ യേശുക്രിസ്തു വ്യക്തവും സ്പഷ്ടവുമായി പ്രഖ്യാപിച്ചിട്ടുണ്ട്.(മത്താ.5:18, ലൂക്കോ.16:16). സ്വയം പൂർ‍ണ്ണത പ്രഖ്യാപിക്കുന്ന ഒരേ ഗ്രന്ഥം ബൈബിൾ തന്നെയാണ്. അപ്പോസ്തലനായ പത്രൊസ് വേദപുസ്തകത്തിൻറെ ആധികാരികതയെ കുറിച്ചു ഇപ്രകാരം വ്യക്തമാക്കുന്നു. “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താലുളവാകുന്നതല്ല എന്നും ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യൻറെ ഇഷ്ടത്താൽ വന്നതല്ല. ദൈവകൽപനയാൽ മനുഷ്യർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രെ”.(പത്രൊ.1:20,21) അപ്പോസ്തലനായ പൌലോസ് വേദപുസ്തകത്തിന‍്‍റെ ആധികാരികതയെക്കുറിച്ച് 2 തിമൊഥെയൊസ് 3-മദ്ധ്യായം 16-മത്തെ വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകുന്നു”. (All scripture is given by inspiration of God)

9.ബൈബിൾ മൊത്തത്തിൽ

വിവരണം
പഴയനിയമത്തിൽ
പുതിയനിയമത്തിൽ
മൊത്തത്തിൽ
പുസ്തകങ്ങൾ
39
27
66
അദ്ധ്യായങ്ങൾ
929
260
1189
വാക്യങ്ങൾ
23214
7959
31173
വാക്കുകൾ
5,93,493
1,81,253
7,74,746
അക്ഷരങ്ങൾ
27,28,100
8,38,380
35,66,480
മധ്യപുസ്തകം
സദ്യശ്യവാക്യം
2തെസ്സലൊനിക്യർ
മീഖാ,നഹൂം
മധ്യഅദ്ധ്യായം
ഇയ്യോബ് 29
റോമർ 13,14
സങ്കീർത്തനം 117
മധ്യവാക്യം
2ദിനവ്യത്താന്തം 20:7
അപ്പൊ.പ്രവ.17:17
സങ്കീർത്തനം 118:8
വലിയ അദ്ധ്യായം
സങ്കീർത്തനം 119
ചെറിയ അദ്ധ്യായം
സങ്കീർത്തനം 117
വലിയപുസ്തകം
സങ്കീർത്തനം
അപ്പൊ.പ്രവൃത്തി
ചെറിയപുസ്തം
ഓബദ്യാവ്
2യോഹന്നാൻ
2 യോഹന്നാൻ
ചെറിയവാക്യം
പുറപ്പാട് 20:15(മലയാളം)- 1ദിന.1:1(ഇംഗ്ളീഷ്)
യോഹന്നാൻ 11:35
യോഹന്നാൻ 11:35(9അക്ഷരം)
വലിയവാക്യം
യോശുവ 8:33
എസ്ഥേർ 8:9, യോശുവ 8:33
ബൈബിലെ മൊത്തം ചോദ്യങ്ങൾ
3294
ബൈബിളിലെ മൊത്ത കൽപനകൾ
6468
ബൈബിളിലെ വാഗ്ദത്തങ്ങൾ
1260
ബൈബിളിലെ പ്രവചനങ്ങൾ
8000-ൽ പരം

10.ആദ്യ ബൈബിൾ ഏത് ഭാഷയിൽ

പഴയനിയമം ആദ്യമായി എഴുതപ്പെട്ടത് എബ്രായ,കൽ‍ദയ(അരാമ്യ), ഗ്രീക്ക് ഭാഷകളിലാണ്. എന്നാൽ കുറെ ഭാഗമൊഴിച്ചാൽ ബാക്കി മുഴുവൻ ഭാഗവും പുരാതനഭാഷയായ എബ്രായ ഭാഷയിൽ തന്നെയാണ് പഴയനിയമം എഴുതിയിരിക്കുന്നത്. ബാബിലോന്യ അടിമത്വത്തിന് ശേഷം എബ്രായഭാഷ മരിച്ചുവെന്ന് തന്നെ പറയാം. അടിമകളായിപ്പോയ യിസ്രായേല്യർ‍ അവർ‍ പോയ സ്ഥലത്തെ ഭാഷ പഠിച്ചിരുന്നതിനാൽ സ്വന്ത ഭാഷ മറന്നുപോയി. യിസ്രായേല്യർ പിൽ‍ക്കാലത്ത് യെരുശലേമിലേക്ക് തിരികെ വന്നപ്പോൾ എസ്രാ ശാസ്ത്രി ന്യായപ്രമാണപുസ്തകം എബ്രായഭാഷയിൽ‍ വായിച്ചെങ്കിലും ജനത്തിന് മനസ്സിലാകാത്തതിനാൽ‍ അരാമ്യഭാഷയിൽ‍ അതു പൊരുൾ തിരിച്ചു കൊടുത്തതായി കാണാം(നെഹ.8). ക്രിസ്തുവിന് 280 കൊല്ലം മുമ്പ് (BC-280) മിസ്രയീം രാജാവായിരുന്ന ടോളമി ഫിലഡെൽ‍ഫസിൻറെ (Ptolemy philadelphus) കൽപന പ്രകാരം പഴയനിയമം മുഴുവനും ഗ്രീക്ക് ഭാഷയിലേക്ക് വിവർ‍ത്തനം ചെയ്തു. ഇത് അലക്സാണ്ടറിൻറെ ബൃഹത്തായ വായനശാല വിപുലീകരിക്കുന്നതിനോടുള്ള ബന്ധത്തിലായിരുന്നവെങ്കിലും അലക്സാണ്ട്രിയായിൽ‍ പാർ‍ത്തിരുന്ന ആയിരക്കണക്കിന് യെഹൂദൻമാർ‍ക്ക് ഇത് വളരെ പ്രയോജനമായിത്തീർ‍ന്നു. ഈ വിവർ‍ത്തനമാണ് പൊതുവെ സെപ്റ്റുവജിന്‍റ് (Septuagint) എന്നറിയപ്പെടുന്നത്. ഇതാണ് യേശുക്രിസ്തുവിൻറെ കാലത്ത് പാലസ്തീനിൽ‍ പൊതുവായി ഉപയോഗിക്കപ്പെട്ടതും യേശുക്രിസ്തുവും മറ്റ് എഴുത്തുകാരും ഉപയോഗിച്ചതും. കർ‍ത്താവായ യേശുക്രിസ്തുവിൻറെ ക്രൂശീകരണസമയത്ത് “നസറായനായ യേശു യെഹൂദൻമാരുടെ രാജാവ്’ എന്ന മേലെഴുത്ത് മൂന്ന് ഭാഷകളിൽ‍ എഴുതിവച്ചു. അത് യഥാക്രമം എബ്രായ,റോമ,യവന ഭാഷകളിലായിരുന്നു. ഇതിൽ‍ ഗ്രീക്ക് സംസാരഭാഷയും,റോമൻ ഔദ്യോഗിക ഭാഷയും എബ്രായ മതപരമായ ഭാഷയും ആയിരുന്നു. അതുകൊണ്ട് വിവിധ തുറകളിലുള്ള എല്ലാവരും അത് വായിപ്പാനിടയായി. വിശുദ്ധ വേദപുസ്തകം 2018 ഭാഷകളിൽ‍ തർ‍ജ്ജിമ ചെയ്തിട്ടുണ്ട്. വിശ്വവിഖ്യാതനായ ഇംഗ്ളീഷ് സാഹിത്യകാരൻ ഷേക്സ്പിയറിൻറെ പുസ്തകങ്ങൾ‍ ഏതാണ്ട് 50 ഭാഷകളിൽ‍ മാത്രമേ തർ‍ജ്ജിമ ചെയ്തിട്ടുള്ളു. ഇംഗ്ളീഷിൽ‍ ബൈബിളിൽ‍ വിവർ‍ത്തനം ചെയ്യപ്പെട്ടത് AD-1382-ൽ‍ ജോണ്‍ വൈക്ളിഫ് എന്ന വ്യക്തിയാൽ‍ ചെയ്യപ്പെട്ടു. ഓക്സ്ഫോർ‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്നു അദ്ദേഹം. AD-1454-ൽ‍ അച്ചടി യന്ത്രം കണ്ട് പിടിച്ച Johannes Gutenberg എന്ന വ്യക്തിയാണ് ബൈബിൾ‍ ആദ്യമായി പ്രിന്‍റ് ചെയ്തത്. 1456 ആഗസ്റ്റ് 24-ന് ലാറ്റിൻ ഭാഷയിൽ‍ വേദപുസ്തകം അച്ചടിച്ചു. അതാണ് വൾ‍ഗേറ്റ് ബൈബിൾ‍(vulgate bible). 1457-ൽ‍ അദ്ദേഹം തന്നെ സങ്കീർ‍ത്തനങ്ങൾ‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

11.മലയാളം ബൈബിളിൻറെ ഉത്ഭവം

ബോംബെ കുരിയർ പ്രസിൽ 1811-ൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയതാണ് മലയാളത്തിലെ ആദ്യത്തെ ബൈബിൾവിവർത്തനം. ഡോ.ക്ലോഡിയസ് ബുക്കാനൻറെ നിർദ്ദേശാനുസരണം കോട്ടയത്തെ സിറിയന് ബിഷപ്പായിരുന്ന മാർ ഡയനേഷ്യസ് ഒന്നാമൻറെ മേൽ നോട്ടത്തിലാണ് പ്രസ്തുത വിവർത്തനം തയ്യാറാക്കിയത്. സുറിയാനിയിൽ നിന്ന് നേരിട്ടായിരുന്നു വിവർത്തനം. പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പോസ്തലപ്രവർത്തികളും മാത്രമേ 1811-ൽ ഇപ്രകാരം ചെയ്തിരുന്നുവുള്ളു. കേരളത്തിൽ മലയാളം അച്ചടി ഇല്ലാതിരുന്നതിനാൽ ബോംബെയിലെ കുരിയർ പ്രസിലാണ് മലയാളം അച്ചുകൾ കൊത്തിയുണ്ടാക്കി ഇതിൻറെ മുദ്രണം നിവർത്തിച്ചത്. എന്നാൽ ഈ ബൈബിളിന് വലിയ പ്രചാരം കിട്ടിയില്ല. കാരണം അന്നത്തെ തമിഴ് കലർന്ന അതിൻറെ ഭാഷയുടെ പരിമിതിയാലും മറ്റു തടസ്സങ്ങളും ആയിരുന്നു അതിൻറെ കാരണം. ഇതിന് 9-അര ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുൾള 504 പേജുകളാണ് ഉണ്ടായിരുന്നത്. പിന്നീട് 1829-ൽ രണ്ട് ആശാരിമാരുടെയും ഒരു തട്ടാൻറെയും സഹായത്തോടെ കോട്ടയം സി.എം.എസ്. പ്രസിൽ റവ.ബഞ്ചമിൻ ബെയിലിയുടെ നേതൃത്വത്തിൽ താൻ തന്നെ രൂപ കൽപന ചെയ്തുണ്ടാക്കിയ ഒരുപ്രസിലാണ് ആദ്യമായി കേരളത്തിൽ പുതിയനിയമ പരിഭാഷ അച്ചടിച്ചത്. 1839-ൽ പഴയ നിയമത്തിലെ മോശൈക പഞ്ചഗ്രന്ഥങ്ങളും 1842-ൽ സമ്പൂർണ്ണ ബൈബിൾ വിവർത്തനവും ബെയിലി തന്നെ തയാറാക്കി. ഇതാണ് മലയാള ഭാഷയിലെ ആദ്യത്തെ ബൈബിൾ. എന്നാൽ ബെയിലിയുടെ പുതിയനിയമ പരിഭാഷ പരിഷ്കരിച്ചുകൊണ്ട് 1868-ൽ മംഗലാപുരത്ത് നിന്നും ബഹുഭാഷ പണ്ഡിതനായ ഹെർമ്മൻ ഗുണ്ടർട്ട് നമ്മുടെ കർത്താവും രക്ഷിതാവും ആയ യേശുക്രിസ്തുവിൻറെ പുതിയ നിയമം എന്ന് നാമകരണം ചെയ്ത്കൊണ്ട് മലയാളം പുതിയനിയമ പരിഭാഷപ്രസിദ്ധീകരിച്ചു. ഇതിനോടകം മലയാള ഭാഷയ്ക്കുണ്ടായ പുരോഗതിക്കനുസരിച്ച് വേദപുസ്തക വിവർത്തനത്തിനും സാരമായ മാറ്റം വരുത്തി. സി.എം.എസുകാരും ബാസൽ മിഷൻമാരും ഒരുമിച്ച് ഒരു സമ്പൂർണ്ണ​ ബൈബിൽ 1910-ൽ മംഗലാപുരം പ്രസ്സിൽ നിന്നും മുദ്രണം ചെയ്തു. ഇതാണ് ഇന്ന് പ്രൊട്ടസ്റ്റൻഡ് വിഭാഗങ്ങൾക്കിടയിൽ പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം.

12.ബൈബിൾ വിഭജനം

വേദപുസ്തകത്തെ പ്രധാനമായും രണ്ടായിതിരിക്കാം. അവ ക്രമത്തിൽ‍ പഴയനിയമം(OLD TESTAMENT), പുതിയനിയമം(NEW TESTAMENT)എന്നിങ്ങനെയാണ്. TESTAMENT എന്നുവച്ചാൽ‍ ഉടമ്പടി എന്നർ‍ത്ഥം. പഴയനിയമത്തെ തന്നെ കർ‍ത്താവായ യേശുക്രിസ്തു മൂന്നായി തരം തിരിച്ചിരിക്കുന്നു (ലൂക്കോസ്.24:44) അവ യഥാക്രമംന്യായപ്രമാണം, പ്രവാചകപുസ്തകം, സങ്കീർത്തനം എന്നിങ്ങനെയാണ്.
1. ന്യായപ്രമാണം:(TORAH-LAWS) ഇവ മോശെയാൽ‍ എഴുതപ്പെട്ടഉൽപത്തി, പുറപ്പാട്, ലേവ്യപുസ്തകം,സംഖ്യപുസ്തകം, ആവർ‍ത്തനപുസ്തകം എന്നീ അഞ്ച്പുസ്തകങ്ങളാണ്. ഇവയെ പഞ്ചഗ്രന്ഥ പുസ്തകം(PENTATEUCH–പെന്‍റ്ററ്റ്യൂക്ക്) എന്നുംവിളിക്കാം. ഇവ പഴയനിയമത്തിൻറെ അടിസ്ഥാനപുസ്തകങ്ങളായി നിലകൊള്ളുന്നു. എന്നാൽ‍ ഇന്ന് യേശുക്രിസ്തുവിൻറെ പാപപരിഹാരബലിയുടെ നിഴലായും ഇത് വേദപുസ്തകത്തിൽ‍ നിലകൊള്ളുന്നു.
2. പ്രവാചകപുസ്തകം: ഇവയിൽ‍ തന്നെ മൂന്ന് വിഭാഗങ്ങൾ‍ ഉണ്ട്. (1).ചരിത്ര പുസ്തകം, അവ തന്നെ യഥാക്രമം യോശുവ മുതൽ‍ എസ്ഥേർ‍ വരെയുള്ള 12പുസ്തകം. ഇവയെ ചരിത്രപുസ്തകം(Historical Books) എന്നു പറയുന്നു. കാരണം യിസ്രായേലിൻറെ ചരിത്രങ്ങൾ‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ‍ ആണ് ഇവ. (2). വലിയ പ്രവാചകം പുസ്തകം: അവ യഥാക്രമം,യെശയ്യാവ്,യിരെമ്യാവ്, യെഹെസ്കേൽ‍, വിലാപങ്ങൾ‍,ദാനീയേൽ‍ എന്നീ അഞ്ച് പുസ്തകങ്ങളാണ്. അവയിൽ‍ യിരെമ്യാവ് തന്നെയാണ് വിലാപങ്ങളും‍ എഴുതിയത്.(3).ചെറിയ പ്രവാചകപുസ്തകം: അവ യഥാക്രമം ഹോശെയാ മുതൽ‍ മലാഖി വരെയുള്ള 12 പുസ്തകങ്ങളാണ്.
3. സങ്കീർ‍ത്തനപുസ്തകം: അവ യഥാക്രമം ഇയ്യോബ് മുതൽ‍ ഉത്തമഗീതം വരെയുള്ള 5 പുസ്തകങ്ങളാണ്. ഇവയെ കാവ്യപുസ്തകങ്ങൾ‍ എന്നും വിളിക്കുന്നു. ന്യായപ്രമാണം എന്നു പറയുന്നത് മുകളിൽ‍ ഒന്നാം വിഭാഗത്തിൽ പറഞ്ഞിരിക്കുന്ന മോശെമുഖാന്തരം യിസ്രായേൽ‍ ജനത്തിന് മരുഭൂമിയിൽ‍ ദൈവം തന്നെ ആരാധിക്കുന്നതിന് വേണ്ടികൊടുത്ത ന്യായപ്രമാണം (Torah-laws) ആണ് അവ പുറപ്പാടിൽ‍ തുടങ്ങി ആവർ‍ത്തന പുസ്തകത്തിൽ‍ അവസാനിക്കുന്നു. ഇനി പഴയനിയമത്തിൻറെ രണ്ടാം ഭാഗം എന്നുപറയുന്നത് മോശ എഴുതിയ പഞ്ചൈകപുസ്തകം (pentateuch-പെന്‍റ്റ്യൂക്ക്) ഒഴിച്ചുള്ള മുകളിൽ രണ്ടാം വിഭാഗത്തിൽ‍ പറഞ്ഞിരിക്കുന്ന പ്രവാചകപുസ്തകങ്ങളും(Book of Proprecy) മൂന്നാംവിഭാഗത്തിൽ‍ പറഞ്ഞിരിക്കുന്ന സങ്കീർ‍ത്തന പുസ്തകങ്ങളും ആണ്. ഇതിൽ‍ പഴയനിയമത്തിലെ ന്യായപ്രമാണഭാഗം യിസ്രായേൽ‍ ജനത്തിന് മരുഭുമിയിൽ‍ ആരാധിക്കുവാൻ ദൈവം കൊടുത്ത ക്രമം ആണ്. ബാക്കിയുള്ള പ്രവാചകപുസ്തകത്തിലും സങ്കീർ‍ത്തനപുസ്തകത്തിലും പുതിയ നിയമ പദ്ധതിയായ യേശുവിൻറെ ജനനം, മരണം, ഉയിർ‍ത്തെഴുന്നേല്‍പ്പ്, പരിശുദ്ധാത്മാവിൻറെ പകർ‍ച്ച,യേശുക്രിസ്തുവിൻറെ മഹത്വ പ്രത്യക്ഷത, പുതിയ ആകാശം പുതിയഭൂമി, സഹസ്രാബ്ദ വാഴ്ച, അന്ത്യന്യായിവിധി,പലിവിധ വിഷയങ്ങൾ‍, എന്നിവയും ഇവ കൂടാതെ പഴയനിയമത്തിൽ‍ തന്നെ നടക്കേണ്ടുന്ന കാര്യങ്ങളും ഈ പറയപ്പെട്ട പുസ്തകങ്ങളിൽ‍ മുൻകൂട്ടി പ്രവചിച്ചിരിക്കുന്നു. വരുവാനുള്ള ഈ രക്ഷയെകുറിച്ച്‍ പ്രവാചകൻമാർ‍ ഇങ്ങനെ മുൻകൂട്ടി തന്നെ പ്രവചിച്ചിരുന്നുവെങ്കിലും അവർ‍ക്കത് പ്രാപിക്കാൻ കഴിഞ്ഞിരുന്നില്ല മറിച്ച് അവർ‍ ദൈവം മോശെ മുഖാന്തരം കൊടുത്ത ന്യായപ്രമാണത്തിൻറെ കർ‍മ്മത്തിൻ കീഴിലായിരുന്നു.
പുതിയനിയമത്തെ മൂന്നായി തിരിക്കാം
1. ചരിത്രപുസ്തകം: ഇവ ആദ്യ നാല് സുവിശേഷങ്ങളും അപ്പൊസ്തലപ്രവൃത്തികളുടെ പുസ്തകങ്ങളുമാണ്.
2. ലേഖനങ്ങൾ: റോമർ മുതൽ യൂദാ വരെയുള്ള 21 പുസ്തകങ്ങളാണ്.
3. പ്രവചനപുസ്തകം: ഇത് വെളിപ്പാട് പുസ്തകമാണ്.
നാം ഇന്ന് കാണുന്ന ബൈബിളിലെ അദ്ധ്യായങ്ങളും വാക്യങ്ങളുമായുള്ള വിഭജനം മാനുഷിക കണ്ട്പിടിത്തം ആണ്. പുരാതന യഹൂദൻമാർ അവരുടെ സിനഗോഗിലെ സർവ്വീസിന് വേണ്ടി ചില സെക്ഷൻ ആയിട്ട് മാത്രമാണ് തിരിത്തിരുന്നത്.
AD 1250 വരെ ബൈബിൾ അദ്ധ്യായങ്ങളായി വിഭജിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്നാൽ പതിമൂന്നാം നൂറ്റാണ്ടിൻറെ മദ്ധ്യത്തോട് കൂടി ബൈബിൾ മുഴുവനായി അദ്ധ്യായങ്ങളായി വിഭജിച്ചത് കർദ്ദിനാൾ ഹ്യൂഗോ എന്ന ആളാണ്. ലാറ്റിൻ ഭാഷയിലാണ് അദ്ദേഹം അത് ചെയ്തത്. അദ്ദേഹം 1263-ൽ മരിച്ചു. എന്നാൽ പുതിയ നിയമ വാക്യവിഭജനം ചെയ്തത് 1551-ൽ റോബർട്ട് സ സ്റ്റീഫൻസ് എന്ന വ്യക്തിയാണ് അത് ചെയ്തത്. ഗ്രീക്കിലാണ് അദ്ദേഹം അത് ചെയ്തത്. എന്നാൽ വേദപുസ്തകം മുഴുവനായി വാക്യങ്ങളായി വിഭജിച്ച് പ്രിൻറ് ചെയ്തത് 1560-ൽ ജനീവ ബൈബിൾ ആണ്.

13.വേദപുസ്തകത്തിന് ബൈബിളിൽ പറയപ്പെടുന്ന പേരുകൾ

ന്യായപ്രമാണ പുസ്തകം (BOOK OF THE LAW)- Neh.8:3
യഹോവയുടെ ന്യായപ്രമാണം(LAW OF THE LORD) Ps.1:2
തിരുവെഴുത്ത് (SCRIPTURES) John.5:39
വിശുദ്ധരേഖ. (HOLY SCRIPTURES) Rom.1:2
ദൈവത്തിൻറെ വചനം (WORD OF GOD) Heb.1:12
ജീവൻറെ വചനം (WORD OF LIFE) Phil.2:16
യഹോവയുടെ പുസ്തകം (BOOK OF THE LORD) Ish.34:16
സത്യഗ്രന്ഥം(SCRIPTURE OF TRUTH) Dan.10:21

14.വേദപുസ്തകത്തിൻറെ പ്രത്യേകതകൾ

വേദപുസ്തകത്തിന് മറ്റ് മതഗ്രന്ഥങ്ങളെ അപേക്ഷിച്ചുള്ള പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം. നാം മുൻപ് പഠിച്ചുവല്ലോ ബൈബിൾ ദൈവത്തിൻറെ കല്പനയാൽ മനുഷ്യർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് എഴുതിയതാണെന്ന്. ആയതിനാൽ തന്നെ അതിന് ചില പ്രത്യേകതകളും ഉണ്ട്. അവ താഴെ പറയുന്നവയാണ്.
1. വേദപുസ്തക വചനം നിർമ്മലമാണ്(pure). സങ്കീ.19:8
2. വേദപുസ്തക വചനം തികവുള്ളതാണ്(perfect). സങ്കീ.19:7
3. വേദപുസ്തക വചനം വിശ്വാസ്യമാണ്(sure). സങ്കീ.111:7,8
4. വേദപുസ്തക വചനം സത്യമാണ്(truth).സങ്കീ.119:142,151,160, യോഹ.17:17
5. വേദപുസ്തക വചനം ജീവനും ചൈതന്യവുമുള്ളതാണ്(living and active).എബ്രാ.4:12
6. വേദപുസ്തക വചനം എന്നേക്കും നിലനിൽക്കുന്നു(enduring).യെശ.40:8

15.ദൈവവചനത്തിൻറെ  ശക്തി

1 MOVING POWER അവൻറെ വചനം അതിവേഗം ഓടുന്നു. (സങ്കീ.147:15, യെശ.55:11)
2 CREATIVE POWER ലോകം ദൈവത്തിൻറെ വചനത്താൽ നിർമ്മിക്കപ്പെട്ടു. (എബ്രാ.11:3)
3 DISCERNING POWER ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നു.(എബ്രാ.4:12)
4 HEALING POWER അവൻ തൻറെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി. (സങ്കീ.107:20)
5 BREAKING POWER എൻറെ വചനം ….പാറയെ തകർക്കുന്ന ചുറ്റിക പോലെ…അല്ലയോ (യിരെ.23:29)
6 DESTRUCTIVE POWER എൻറെ വചനം തീ പോലെ…(യിരെ.23:29), നിൻറെ വായിൽ എൻറെ വചനങ്ങളെ തീയും(യിരെ.5:14), അതേ വചനത്താൽ തീയ്ക്കായി..(2പത്രൊസ് 3:7)

16.മനുഷ്യനിൽ ദൈവവചനത്തിൻറെ കർത്തവ്യങ്ങൾ

1. പാപംചെയ്യാതിരിപ്പാൻ മനുഷ്യനെ സഹായിക്കുന്നു.(സങ്കീ.119:11)
2. മനുഷ്യനിൽ‍ദൈവത്തിൻറെ ഇഷ്ടം നിവർ‍ത്തിക്കുന്നു.(യെശ.55:11)
3. വചനത്തിൽ‍വിശ്വസിക്കുന്നവരെ വിശുദ്ധീകരിക്കുന്നു,(എഫെ.5:26)
4. മനുഷ്യനെസൌഖ്യമാക്കുന്നു.(സങ്കീ.107:20)
5. മനുഷ്യനെവീണ്ടും ജനിപ്പിക്കുന്നു.(1പത്രൊസ്.1:23)
6.പ്രാണനെയുംആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കും വരെ തുളച്ചുചെല്ലുന്നതും   ഹൃദയത്തിൽ‍ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു(എബ്രാ.4:12)
7. മനുഷ്യനെആശ്വസിപ്പിക്കുന്നു.(1തെസ്സ.4:18)
8. മനുഷ്യനെ പാപത്തിൽ‍ നിന്ന് സ്വതന്ത്രനാക്കുന്നു.(യോഹ.8:32)
9. മനുഷ്യനെ പ്രകാശിപ്പിക്കുന്നു.(സങ്കീ.119:130)
10. വിശ്വാസത്തെഉളവാക്കുന്നു.(റോമ.10:17)
11. ജ്‍ഞാനിയാക്കുന്നു.(2തിമൊ.3:14)
12. ക്രിസ്തുയേശുവിൽ‍വിശ്വാസിയെ തികഞ്ഞവരാക്കുന്നു.(2തിമൊ.3:16)
13. ഉപദേശം,ശാസന, ഗുണീകരണം, നീതിയിലെ അഭ്യാസം, എന്നിവയ്ക് ഉതകുന്നു. (2തിമൊ.3:17)
14. ഹൃദയത്തിന് സന്തോഷവും ആനന്ദവും പകരുന്നു .(യിരെ. 15:16)
17.ദൈവവചനത്തിൻറെ മറ്റ് പേരുകൾ

1. ദീപം(lamp) – സങ്കീ. 119:105
2. തീ(fire) – യിരെ. 5:14
3. ചുറ്റിക(hammer)- യിരെ.23:29
4. വിത്ത്(seed)- മത്തായി 13:18-23
5. വാൾ(sword)- എഫെ.6:17
6. മായമില്ലാത്ത പാൽ(pure milk)- 1പത്രൊ.2:2
7. കട്ടിയായുള്ള ആഹാരം(solid food)- എബ്രാ.5:12

18.ദൈവവചനത്തോടുള്ള മനുഷ്യൻറെ സമീപന രീതി

ദൈവവചനത്തെ ഭയക്കണം (stand in owe of) –സങ്കീ.119:161
ദൈവവചനത്തിൽ‍ വിറയ്ക്കണം(tremble at) യെശ.66:2,5)
വചനം വിശ്വസ്ഥതയോടെ പ്രസ്താവിക്കണം (speak boldly) യിരെ 55:11
തിരുവെഴുത്തുകളെ പരിശോധിക്കണം (search) അപ്പൊ.17:11
വചനം പൂർ‍ണ്ണധൈര്യത്തോടെ പ്രസ്താവിക്കണം (speak boldly) അപ്പൊ.4:29,31
വചനം പ്രസംഗിക്കണം (preach) അപ്പൊ.8:25, 2തിമൊ.4:2
ദൈവവചനം കൈകൊള്ളണം. (receive) അപ്പൊ.11:1
ദൈവവചനത്തെ പഠിപ്പിക്കണം (teach) അപ്പൊ.18:11, മത്താ.5:19
ദൈവവചനത്തെ മഹത്വപ്പെടുത്തണം (glorify) അപ്പൊ.13:48
വചനത്തെ അനുസരിക്കണം (obey) യോഹ.14:15, യാക്കോ. 1:22
സത്യവചനത്തെ യഥാർ‍ത്ഥമായി പ്രസംഗിക്കണം(handle accurately) 2തിമൊ.2:15, 2കൊരി.4:2, വെളി.22:19
ദൈവവചനം മൂലമുള്ള കഷ്ടതയെ തെരഞ്ഞെടുക്കുക.(suffer for) വെളി.1:9

19.ബൈബിളിലെ ദൈവവചനം ഏതൊക്കെ?

ബൈബിൾ മുഴുവനും ദൈവവചനമാണോ? ദൈവം സംസാരിച്ച വചനങ്ങൾ തന്നെയാണോ ബൈബിൾ മുഴുവനും?. എന്താണ് ദൈവവചനം? ദൈവത്തിൻറെ വചനം അത് ശുദ്ധിചെയ്തതും (സദൃ.30:5) ഊതികഴിച്ചതും (2ശമു.22:31)നിർ‍മ്മലവും, നിലത്ത് ഉലയിൽ‍ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധി ചെയ്ത വെള്ളി പോലെയും (സങ്കീ.12:6)ആകുന്നു. ആകയാൽ അതിനോടൊന്ന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. ബൈബിൾ‍ മുഴുവനും ദൈവവചനമാണോ? ദൈവം സംസാരിച്ചവചനങ്ങൾ‍ തന്നെയാണോ ബൈബിൾ‍ മുഴുവനും?. ബൈബിളിൽ‍ വ്യത്യസ്ഥ വചനങ്ങൾ ‍ഉണ്ട്.—സംഭവ ചരിത്രങ്ങളുണ്ട്—-ന്യായത്തിൻറെ വചനങ്ങൾ‍ ഉണ്ട്—നീതിയുടെവചനങ്ങൾ‍ ഉണ്ട്–അനുഗ്രഹവചനങ്ങൾ‍ ഉണ്ട്–പ്രവചന വചനങ്ങൾ‍ ഉണ്ട്–ജ്ഞാനത്തിൻറെവചനങ്ങൾ‍ ഉണ്ട്—പരിജ്ഞാനത്തിൻറെ വചനങ്ങൾ‍ ഉണ്ട്–ഉപമകൾ‍ ഉണ്ട്–പ്രബോധന വചനങ്ങൾ‍ഉണ്ട്–വിവേകത്തിൻറെ വചനങ്ങൾ‍ ഉണ്ട്–വിശ്വാസത്തിൻറെ വചനങ്ങൾ‍ഉണ്ട്–അപ്പൊസ്തലൻമാരുടെ സാക്ഷ്യ വചനങ്ങൾ‍ ഉണ്ട്–ഭക്തൻമാരുടെ സങ്കീർ‍ത്തനങ്ങൾ‍ഉണ്ട്–ഭക്തൻമാരുടെ പ്രാർ‍ത്ഥനകൾ‍ ഉണ്ട്–ഭക്തൻമാരെ ദൈവം നടത്തിയ വഴികൾ‍ഉണ്ട്–ഭക്തൻമാർ‍ ദൈവത്തിന് വേണ്ടി പ്രവർ‍ത്തിച്ച കാര്യങ്ങൾ‍ ഉണ്ട്—ദൈവം ഭക്തൻമാർ‍ക്ക് വേണ്ടി പ്രവർ‍ത്തിച്ച കാര്യങ്ങൾ‍ ഉണ്ട്–ദൂതൻമാരുടെ വചനങ്ങൾ‍ഉണ്ട്–മാനസാന്തര വചനം ഉണ്ട്– സുവിശേഷ വചനം ഉണ്ട്–രക്ഷാവചനമുണ്ട്–ന്യായവിധിയുടെ വചനങ്ങൾ‍ ഉണ്ട്–കൽപനകൾ‍ ഉണ്ട്–ഉപദേശവചനങ്ങൾ‍ഉണ്ട്—ബുദ്ധിയുപദേശം ഉണ്ട്–സദൃശ്യവാക്യം ഉണ്ട്–അലങ്കാര വചനങ്ങൾ‍ഉണ്ട്–സ്തുതി വചനം ഉണ്ട്–കൃപയുടെ വചനങ്ങൾ‍ ഉണ്ട്–ഈ വക വചനങ്ങൾ‍ എല്ലാം കൂടികൂടുന്നതാണ് ദൈവത്തിൻറെ വചനം. എന്നാൽ‍ ഇവ കൂടാതെ ബൈബിളിൽ‍ പിശാച് പറഞ്ഞ വചനങ്ങൾ‍ ഉണ്ട്–വെളിച്ചപ്പാടത്തികൾ‍പറഞ്ഞ വചനങ്ങൾ‍ ഉണ്ട്–കള്ളപ്രവചനങ്ങൾ‍ ഉണ്ട്–ദൈവത്തിന് ഹിതമല്ലാത്ത മാനുഷികജ്ഞാനങ്ങൾ‍ ഉണ്ട്–തർ‍ക്ക വാദങ്ങൾ‍ ഉണ്ട്–ഉപായ വാക്കുകൾ‍ഉണ്ട്–നിന്ദാവാക്കുകളും പരിഹാസ വാക്കുകളും ഉണ്ട്–പിറുപിറുപ്പിൻറെയുംപരീക്ഷണത്തിൻറെയും വാക്കുകൾ‍ ഉണ്ട്–നിരൂപണങ്ങൾ‍ ഉണ്ട്–എന്നാൽ‍ ഈ വകവാക്കുകൾ‍ ബൈബിളിൽ‍ ഉണ്ട് എങ്കിൽ‍ തന്നെയും ഇവ ദൈവവചനങ്ങൾ‍ അല്ല. എന്നാൽ‍ ഇവയെകൂടാതെ ഇന്നത്തെ നിലയിലുള്ള ബൈബിളും പൂർ‍ണ്ണമാകില്ലല്ലോ…

20.ബൈബിളിൽ മറഞ്ഞിരിക്കുന്ന ബൈബിൾ

വിശുദ്ധവേദപുസ്തകത്തിൽ‍മറഞ്ഞിരിക്കുന്ന ചില പുസ്തകങ്ങൾ‍ ഉണ്ട്. അവ ബൈബിളിലെ മറ്റ് പുസ്തകങ്ങളിലെ പോലെവേദപുസതകത്തിൽ‍ ഉൾ‍ക്കൊള്ളിച്ചിട്ടില്ല. എന്നാൽഅവയുടെ പേരുകൾ‍ ബൈബിളിൽ‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
1. ശലോമോൻറെവൃത്താന്തപുസ്തകം(ACTS OF SOLOMON) 1രാജ.11:41
2. നാഥാൻപ്രവാചകൻറെ വൃത്താന്തം(BOOK OF NATHAN THE PROPHET) 2ദിന.9:29
3. ശീമോന്യനായഅഫീയാവിൻറെ പുസ്തകം(PROPHESY OF AHIJAH) 2ദിന.9:29
4. ഇദ്ദോദർ‍ശകൻറെ ദർ‍ശനം (VISIONS OF IDDO) 2ദിന.9:29
5. ശെമയ്യാപ്രവാചകൻറെ വൃത്താന്തം(BOOK SHEMAIAH) 2ദിന.12:15
6. യിസ്രായേൽ‍രാജാക്കൻമാരുടെ പുസ്തകം(BOOK OF THE KINGS OF ISRAEL)2ദിന.20:34
7. യേഹൂവിൻറെവൃത്താന്തം(BOOK OF JEHU) 2ദിന.20:34

21.പഴയനിയമത്തിലെ പഴകീയ നിയമം

പഴയനിയമത്തെ കുറിച്ച് പലഅഭിപ്രായങ്ങളും ഉപദേശങ്ങളും നടന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ‍പഴയനിയമത്തെകുറിച്ച് പൊതുവെ ബൈബിളിൽ‍ ഉള്ള ഉപദേശം എന്തെന്ന് നോക്കാം. വിശ്വാസികൾ‍ക്ക് പഴയനിയമവുംന്യായപ്രമാണവും തമ്മിൽ‍ ഉള്ള വ്യത്യാസങ്ങൾ‍ ആകെ കണ്‍ഫ്യൂഷനാണ്. എന്താണ്പഴയനിയമവും ന്യായപ്രമാണവും തമ്മിലുള്ള വ്യത്യാസം. പഴയനിയമത്തെ പൊതുവേ ന്യായപ്രമാണംഎന്നാണ് ബൈബിൾ‍ പറയുന്നത്. എന്നാൽ‍ ഇവിടെ പഴയനിയമവും ന്യായപ്രമാണവും തമ്മിൽ‍പഠിക്കേണ്ടുന്നതിന് നാം അൽപസമയത്തേക്ക് തുടർ‍ന്നുള്ള നിലകളിൽ‍ ചിന്തിക്കാൻപോവുകയാണ്.
ബൈബിൾ‍ വിഭജനം. വേദപുസ്തകത്തെ പ്രധാനമായും രണ്ടായിതിരിക്കാം. അവ ക്രമത്തിൽ‍ പഴയനിയമം(OLD TESTAMENT), പുതിയനിയമം(NEW TESTAMENT)എന്നിങ്ങനെയാണ്. TESTAMENT എന്നുവച്ചാൽ‍ ഉടമ്പടി എന്നർ‍ത്ഥം.
പഴയനിയമത്തെ തന്നെ കർ‍ത്താവായയേശുക്രിസ്തു മൂന്നായി തരം തിരിച്ചിരിക്കുന്നു(ലൂക്കോസ്.24:44) അവ യഥാക്രമംന്യായപ്രമാണം,പ്രവാചകപുസ്തകം, സങ്കീർത്തനം എന്നിങ്ങനെയാണ്.
1. ന്യായപ്രമാണം:(TORAH-LAWS) ഇവ മോശെയാൽ‍ എഴുതപ്പെട്ടഉൽപത്തി, പുറപ്പാട്, ലേവ്യപുസ്തകം,സംഖ്യപുസ്തകം, ആവർ‍ത്തനപുസ്തകം എന്നീ അഞ്ച്പുസ്തകങ്ങളാണ്. ഇവയെ പഞ്ചഗ്രന്ഥ പുസ്തകം(PENTATEUCH–പെന്‍റ്ററ്റ്യൂക്ക്) എന്നുംവിളിക്കാം. ഇവ പഴയനിയമത്തിൻറെ അടിസ്ഥാനപുസ്തകങ്ങളായി നിലകൊള്ളുന്നു. എന്നാൽ‍ഇന്ന് യേശുക്രിസ്തുവിൻറെ പാപ പരിഹാരബലിയുടെ നിഴലായും ഇത് വേദപുസ്തകത്തിൽ‍ നിലകൊള്ളുന്നു.
2. പ്രവാചകപുസ്തകം: ഇവയിൽ‍ തന്നെ മൂന്ന് വിഭാഗങ്ങൾ‍ ഉണ്ട്. (1). ചരിത്ര പുസ്തകം, അവ തന്നെ യഥാക്രമം യോശുവ മുതൽ‍ എസ്ഥേർ‍ വരെയുള്ള 12പുസ്തകം. ഇവയെ ചരിത്രപുസ്തകം(Historical Books) എന്നു പറയുന്നു. കാരണംയിസ്രായേലിൻറെ ചരിത്രങ്ങൾ‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ‍ ആണ് ഇവ.
(2). വലിയ പ്രവാചകം പുസ്തകം: അവ യഥാക്രമം,യെശയ്യാവ്,യിരെമ്യാവ്, യെഹെസ്കേൽ‍, വിലാപങ്ങൾ‍,ദാനീയേൽ‍ എന്നീ അഞ്ച്പുസ്തകങ്ങളാണ്. അവയിൽ‍ യിരെമ്യാവ് തന്നെയാണ് വിലാപങ്ങളും‍ എഴുതിയത്.
3.ചെറിയ പ്രവാചകപുസ്തകം: അവ യഥാക്രമം ഹോശെയാ മുതൽ‍ മലാഖി വരെയുള്ള 12പുസ്തകങ്ങളാണ്.
3. സങ്കീർ‍ത്തനപുസ്തകം:അവയഥാക്രമം ഇയ്യോബ് മുതൽ‍ ഉത്തമഗീതം വരെയുള്ള 5 പുസ്തകങ്ങളാണ്. ഇവയെകാവ്യപുസ്തകങ്ങൾ‍ എന്നും വിളിക്കുന്നു. ന്യായപ്രമാണം എന്നു പറയുന്നത് മുകളിൽ‍ഒന്നാം വിഭാഗത്തിൽ പറഞ്ഞിരിക്കുന്ന മോശെമുഖാന്തരം യിസ്രായേൽ‍ ജനത്തിന് മരുഭൂമിയിൽ‍ ദൈവം തന്നെ ആരാധിക്കുന്നതിന് വേണ്ടികൊടുത്ത ന്യായപ്രമാണംITORAH-laws) ആണ് അവ പുറപ്പാടിൽ‍ തുടങ്ങി ആവർ‍ത്തനപുസ്തകത്തിൽ‍അവസാനിക്കുന്നു.
ഇനി പഴയനിയമത്തിൻറെ രണ്ടാം ഭാഗം എന്നുപറയുന്നത് മോശ എഴുതിയ പഞ്ചൈകപുസ്തകം (pentateuch-പെന്‍റ്റ്യൂക്ക്) ഒഴിച്ചുള്ള മുകളിൽരണ്ടാം വിഭാഗത്തിൽ‍ പറഞ്ഞിരിക്കുന്ന പ്രവാചകപുസ്തകങ്ങളും(Book of Proprecy) മൂന്നാംവിഭാഗത്തിൽ‍ പറഞ്ഞിരിക്കുന്ന സങ്കീർ‍ത്തനപുസ്തകങ്ങളും ആണ്.
ഇതിൽ‍ പഴയനിയമത്തിലെ ന്യായപ്രമാണ ഭാഗംയിസ്രായേൽ‍ ജനത്തിന് മരുഭുമിയിൽ‍ ആരാധിക്കുവാൻ ദൈവം കൊടുത്തക്രമം ആണ്.ബാക്കിയുള്ള പ്രവാചകപുസ്തകത്തിലും സങ്കീർ‍ത്തനപുസ്തകത്തിലും പുതിയ നിയമ പദ്ധതിയായയേശുവിൻറെ ജനനം, മരണം, ഉയിർ‍ത്തെഴുന്നേൽ‍പ്പ്, പരിശുദ്ധാത്മാവിൻറെ പകർ‍ച്ച,യേശുക്രിസ്തുവിൻറെ മഹത്വ പ്രത്യക്ഷത, പുതിയ ആകാശം പുതിയഭൂമി, സഹസ്രാബ്ദ വാഴ്ച, അന്ത്യന്യായിവിധി,പലിവിധ വിഷയങ്ങൾ‍, എന്നിവയും ഇവ കൂടാതെ പഴയനിയമത്തിൽ‍ തന്നെ നടക്കേണ്ടുന്നകാര്യങ്ങളും ഈ പറയപ്പെട്ട പുസ്തകങ്ങളിൽ‍ മുൻകൂട്ടി പ്രവചിച്ചിരിക്കുന്നു. വരുവാനുള്ളഈ രക്ഷയെകുറിച്ച്‍ പ്രവാചകൻമാർ‍ ഇങ്ങനെമുൻകൂട്ടി തന്നെ പ്രവചിച്ചിരുന്നുവെങ്കിലും അവർ‍ക്കത് പ്രാപിക്കാൻകഴിഞ്ഞിരുന്നില്ല മറിച്ച് അവർ‍ ദൈവം മോശെ മുഖാന്തരം കൊടുത്ത ന്യായപ്രമാണത്തിൻറെ കർ‍മ്മത്തിൻ കീഴിലായിരുന്നു.
ഇനി വിഷയത്തിലേക്ക് വരാം. കർ‍ത്താവായ യേശുക്രിസ്തുവിൻറെ ജനന-മരണത്തോട് കൂടെ പാപപരിഹാര യാഗത്തിൻറെ നിഴലായിരിക്കുന്നന്യായപ്രമാണം അതിൻറെ പൂർ‍ണ്ണ സ്വരുപത്തിലേക്ക് എത്തപ്പെട്ടു. ഇങ്ങനെയേശുക്രിസ്തുവിൻറെ പാപപരിഹാരയാഗത്തിലൂടെ ന്യായപ്രമാണത്തിൻറെ യാഗനിയമം കാലഹരണപ്പെട്ടു. അങ്ങനെ യേശുക്രിസ്തുവിൻറെമരണ പുനരുത്ഥാനത്തോടെ ന്യായപ്രമാണം നീങ്ങിപ്പോയി. ന്യായപ്രമാണം നീങ്ങിയതോടെ അതിനെശുശ്രൂഷിച്ചുകൊണ്ടിരുന്ന പൌരോഹിത്യവും നീങ്ങിപ്പോയി. എന്നാൽ‍ ചോദ്യം ഇതാണ്അങ്ങനെയെങ്കിൽ‍ പഴയനിയമമാണോ നീങ്ങിപ്പോയത് ന്യായപ്രമാണമാണോ നീങ്ങിപ്പോയത്.ഉത്തരമിതാണ് പഴയനിയമത്തിലെ മോശെ മുഖാന്തരം കൊടുത്ത ന്യായപ്രമാണമാണ് നീങ്ങിപ്പോയത്.പഴയ നിയമത്തിലുള്ള മറ്റ് പുസ്തകങ്ങളിൽ‍ പറഞ്ഞിരിക്കുന്ന പ്രവചനങ്ങളും ആലോചനകളുംഇപ്പോഴും നിൽ‍ക്കുന്നു അത് നിവർ‍ത്തിക്കപ്പെടുന്നു. അതിൽ‍ പഴയനിയമകാലഘട്ടത്തിൽ‍ സംഭവിക്കേണ്ടവ അന്നു നിവർ‍ത്തിച്ചു. പുതിയ നിയമത്തിൽ‍സംഭവിക്കേണ്ടവ അവ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു. അവ ആകാശവും ഭൂമിയുംഒഴിഞ്ഞുപോകും വരെ സകലവും നിവ്യത്തിയാകുവോളം പഴയനിയമത്തിൽ‍ നിന്ന് ഒരു വള്ളിഎങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല.(മത്തായി.5:18)
യേശുക്രിസ്തുവിൻറെ കാൽ‍വറി ക്രൂശിലെപാപപരിഹാര ബലിയോട് കൂടി മോശെ ന്യായപ്രമാണത്തിന് നീക്കം വന്നു. അത് അപൂർ‍ണ്ണമാക്കപ്പെട്ടു.ജീർണ്ണിച്ചുപോയി. പൂർ‍ണ്ണമായി രക്ഷിപ്പാൻ കഴിയാത്തതും ബലഹീനവുംമായി. ആന്യായപ്രമാണത്തിൽ‍ ആശ്രയിക്കുന്നവർ‍ ശാപത്തിൻ കീഴിലാക്കപ്പെട്ടു. അതായത് ന്യായപ്രമാണത്തിന് നീക്കം വന്നു എന്നുപറഞ്ഞാൽ‍ അതിൻറെ അർ‍ത്ഥം പഴയനിയമത്തിലെ പുറപ്പാട് മുതൽ‍ ആവർ‍ത്തനപുസ്തകംവരെയുള്ള മോശെയുടെ ന്യായപ്രമാണത്തിൽ‍ പറഞ്ഞിരിക്കുന്ന പഴയനിയമ യിസ്രായേലിന് പാപപരിഹാരത്തിന് കൽപിച്ചിരുന്ന വഴിപാടും യാഗങ്ങളും അത് അനുഷ്ഠിപ്പാൻനിയോഗിച്ചിരുന്ന പൌരോഹിത്യ ശുശ്രൂഷയുമാണ് നീങ്ങിപ്പോയിരിക്കുന്നത്.
അങ്ങനെ മോശെയുടെ ന്യായപ്രമാണത്തെ ദൈവംമനുഷ്യന് കൊടുത്തുവെങ്കിലും യേശുക്രിസ്തുവിൻറെ കാൽ‍വറിയാഗത്തിലൂടെന്യായപ്രമാണത്തെ ദൈവം തിരച്ചെടുത്തു.എന്നിട്ട് ദൈവം മനുഷ്യന് ഏറ്റവും നല്ലതും ശ്രേഷ്ഠവും തികവുള്ളതും പൂർ‍ണ്ണമായി രക്ഷിപ്പാൻ കഴിയുന്ന ദൈവപുത്രനായയേശുക്രിസ്തുവിനെയും അവൻറെ ദിവ്യവും രാജകീയവുമായ കൽപനകളെ നമ്മുടെ ഹൃദയങ്ങളിൽ‍പരിശുദ്ധാത്മാവിനാൽ‍ എഴുതിതരികയും ചെയ്തു. ദൈവത്തിന് മഹത്വം.

22.പഴയനിയമവും-പുതിയ നിയമവും താരതമ്യ പഠനം

1 പഴയനിയമം (2കൊരി.3:14) പുതിയനിയമം (2കൊരി.3:6)
2 ഒന്നാമത്തെ നിയമം (എബ്രാ.8:7) രണ്ടാമത്തെ നിയമം (എബ്രാ.8:7)
3 നിഴൽ(കൊലൊ.2:14,17) സ്വരൂപം(എബ്രാ.10:1)
4 മോശെയുടെ ന്യായപ്രമാണം(law of Moses)(അപ്പൊ.13:38,39) ക്രിസ്തുവിൻറെ ന്യായപ്രമാണം(law of christ)(ഗലാ.6:2)
5 മോശെ മുഖാന്തിരം ലഭിച്ചു.(യോഹ.1:17) യേശുക്രിസ്തുമുഖാന്തിരം ലഭിച്ചു.(എബ്രാ.8:6,9:15,യോഹ.1:17)
6 അഹരോന്യ പൌരോഹിത്യം (എബ്രാ.7:11) മല്കിസെദേക്കിൻറെ ക്രമപ്രകാരമുള്ള പൌരോഹിത്യം (എബ്രാ.5:5-10, 7:21)
7 ബലഹീന പൌരോഹിത്യം (എബ്രാ.7:28) തികവുള്ളതും മാറാത്തതുമായ പൌരോഹിത്യം (എബ്രാ.7:28, 7:24)
8 മനുഷ്യൻ നിർമ്മിച്ച കൂടാരത്തിൽ ശുശ്രൂഷിക്കുന്നു (എബ്രാ.9:2) ദൈവം നിർമ്മിച്ച സത്യകൂടാരത്തിൽ ശുശ്രൂഷിക്കുന്നു.(എബ്രാ.8:2)
9 പഴയനിയമ കൂടാരം കൈപ്പണി ആയിരുന്നു. (എബ്രാ.9:11) പുതിയനിയമ കൂടാരം ഈ സ്യഷ്ടിയിൽ ഉൾപ്പെടാത്തതും വലിപ്പവും തികവുമേറിയതും കർത്താവ് തന്നെ സ്ഥാപിക്കുകയും ചെയ്ത സത്യകൂടാരം (എബ്രാ.9:11, 8:2)
10 ന്യായപ്രമാണം പ്രവാ‍ചകൻമാരിൽ കൂടെ അരുളിചെയ്തു. (എബ്രാ.1:1) പുതിയനിയമം പുത്രൻ മുഖാന്തിരം അരുളിചെയ്തു.(എബ്രാ.1:1)
11 രക്ഷ തരുന്നില്ല (എബ്രാ.10:2-4) നിത്യമായ രക്ഷ (എബ്രാ.5:9, 10:10)
12 ചെലവുള്ള കർമ്മങ്ങൾ (എബ്രാ.5:1, 9:9) സൌജന്യദാനം (എഫെ.2:8, വെളിപ്പാട് 22:17)
13 അന്യരക്തം (എബ്രാ.9:25) സ്വന്തരക്തം (എബ്രാ.9:12)
14 പഴയനിയമ യാഗം മനസാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുന്നില്ല. (എബ്രാ.9:9) പുതിയനിയമ യാഗം പാപപരിഹാരം വരുത്തുകയും മനസാക്ഷിയെ ശുദ്ധീകരിക്കുകയും പൂർണ്ണസമാധാനം ഉളവാക്കുകയും ചെയ്യുന്നു.(എബ്രാ.9:26,14,9)
15 ന്യായപ്രമാണം കല്പലകയിൽ എഴുതി. (2കൊരി.3:6) പുതിയ നിയമം ഹൃദയം എന്ന മാംസപ്പലകയിൽ എഴുതി. (2കൊരി.3:3,എബ്രാ.8:10)
16 അക്ഷരത്തിൻറെ ശുശ്രൂഷകൻമാർ (2കൊരി.3:9) ആത്മാവിൻറെ ശുശ്രൂകൻമാർ (2കൊരി.3:6)
17 ശിക്ഷാവിധിയുടെ ശുശ്രൂഷ (2കൊരി.3:9) നീതിയുടെ ശുശ്രൂഷ (2കൊരി.3:9)
18 മരണ ശുശ്രൂഷ (2കൊരി.3:7) ആത്മാവിൻറെ ശുശ്രൂഷ (2കൊരി.3:8)
19 പഴയനിയമം പ്രവൃത്തിയാൽ (ഗലാ.3:10) പുതിയനിയമം വിശ്വാസത്താൽ (ഗലാ.3:1-14)
20 ന്യായപ്രമാണം-ബലഹീനം,നിഷ്പ്രയോജനം, നീക്കം, ജീർണ്ണം, കുറവ്, അപൂർണ്ണം, ശാപം, ജഢസംബന്ധമായവ, പഴയത്. (എബ്രാ.7:11,15,18,19 8:13, ഗലാ.3:13) പൂർണ്ണമായി രക്ഷിപ്പാൻ കഴിയുന്നതും കുറവില്ലാത്തതുമാകുന്നു. (എബ്രാ.7:25,8:7)
21 ക്രിസ്തുവിനോട് അവസാനിച്ചു. (റോമ.10:4) ക്രിസ്തുവിനോട് കൂടെ ആരംഭിച്ചു. (എബ്രാ.8:6, 10:9)

23.യേശുക്രിസ്തു – ദൈവവചനം

                                                                 യേശുക്രിസ്തുവിൻറെ പേരത്രെ ദൈവവചനം (His name is called The Word of God).
ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുന്നു. വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോട് കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി. ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു. ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.(യോഹ.1:1-4) വചനം ജഢമായി തീർന്നു(യോഹ.1:14). അതാകുന്നു ദൈവപുത്രനായ യേശുക്രിസ്തു. അവൻറെ പേരത്രെ ദൈവവചനം. (വെളിപ്പാട് 19:13)

24.ഉപസംഹാരം

ആദിമുതൽ പലവിധത്തിലുള്ള ആക്രമണങ്ങൾ ദൈവവചനത്തിന് നേരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ‘പാറമേൽ വീണവൻ” തകർക്കപ്പെട്ടുവെന്നുള്ളതിൽ കവിഞ്ഞ് ഒന്നും സംഭവിച്ചിട്ടില്ല. ഈ “കെടാത്ത ബീജം” എവിടെയൊക്കെ വീണിട്ടുണ്ടോ അവിടെയെല്ലാം സമ്യദ്ധിയായിട്ടുള്ള ജീവൻ ഉണ്ടായിട്ടുണ്ട്.