യിസ്രായേല്‍ രാജ്യവിഭജന ചരിത്രവും വിഭജനാന്തര രാജാക്കന്‍മാരും

 285 total views

1.യിസ്രായേല്‍ രാജ്യം വിഭജിക്കപ്പെടുവാനുള്ള കാരണം

2.ശലോമോന്‍റെ ദാസന് പത്ത് ഗോത്രത്തിന്‍റെ രാജത്വം പറിച്ചുകൊടുക്കുന്നു.

3.ഒരു ഗോത്രം ശലോമോന്‍റെ മകന് തന്നെ കൊടുക്കുന്നു.

4.യിസ്രായേല്‍ രാജ്യവിഭജനത്തിന് ദൈവം നിശ്ചയിച്ചിരുന്ന സമയം

5.ശലോമോന്‍റെ മരണശേഷം മകനായ രെഹബെയാമീം രാജാവാകുന്നു

6.യെരോബെയാം പത്ത് ഗോത്രം അടങ്ങിയ യിസ്രായേല്‍ ഗൃഹത്തിന് രാജാവാകുന്നു.

7.യെഹൂദാ രാജാക്കന്‍മാരുടെ പേരും യിസ്രായേല്‍ രാജാക്കന്‍മാരുടെ പേരും അവര്‍ ഭരിച്ചിരുന്ന കാലഘട്ടവും

1.യിസ്രായേല്‍ രാജ്യം വിഭജിക്കപ്പെടുവാനുള്ള കാരണം

ദാവീദിന് ശേഷം ദൈവത്താല്‍ യിസ്രയേലിന് നിയോഗിക്കപ്പെട്ട രാജാവായിരുന്നു ശലോമോന്‍. ശലോമോന്‍ രാജാവിന്‍റെ ഭരണകാലം യിസ്രായേലിന്‍റെ സുവർണ്ണകാലഘട്ടം എന്നറിയപ്പെട്ടിരുന്നുവെങ്കിലും യിസ്രയേലിന് പൊതുവേ അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ യിസ്രായേല്‍ ജനത്തിന് ശലോമോന്‍ പൊതുവേ സമ്മതനല്ലായിരുന്നു. ശലോമോന്‍ പൊതുവേ ആര്‍ഭാടപ്രിയനും സ്ത്രീലമ്പടനും ആയിരുന്നു. ഇത് ശലോമോനെ വിഗ്രഹാരാധയിലേക്ക് നയിച്ചു. തനിക്ക് രണ്ടു പ്രാവശ്യം പ്രത്യക്ഷനായ യഹോവയെ വിട്ടു അന്യദേവന്‍മാരെ സേവിക്കുകയും യഹോവയിങ്കല്‍ നിന്ന് തന്‍റെ ഹൃദയം തിരിക്കുകയും യഹോവ കല്പിച്ചത് ചെയ്യാതിരിക്കുകയും ചെയ്തതുകൊണ്ട് ദൈവം അവനോട് കോപിച്ചു ഇപ്രകാരം കല്പിച്ചു. “എന്‍റെ നിയമവും ഞാന്‍ നിന്നോട് കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്‍റെ മേല്‍ ഇരിക്കകൊണ്ട് ഞാന്‍ രാജത്വം നിങ്കല്‍ നിന്ന് നിശ്ചയമായി പറിച്ചു നിന്‍റെ ദാസന് കൊടുക്കും.എങ്കിലും നിന്‍റെ അപ്പനായ ദാവീദിന്‍ നിമിത്തം നിന്‍റെ ജീവകാലത്ത് അതു ചെയ്കയില്ല ; എന്നാല്‍ നിന്‍റെ കയ്യില്‍ നിന്നും അതിനെ പറിച്ചുകളയും. ഏങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്‍റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരുശലേമിന്‍നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്‍റെ മകന് കൊടുക്കും.”(1രാജ.11:13).

2.ശലോമോന്‍റെ ദാസന് പത്ത് ഗോത്രത്തിന്‍റെ രാജത്വം പറിച്ചുകൊടുക്കുന്നു.

ദൈവം രാജത്വം ശലോമോനില്‍ നിന്നു പറിച്ചു ശലോമോന്‍റെ ദാസന് കൊടുക്കും എന്നരുളിയല്ലോ. ഇത് എങ്ങനെ നിവര്‍‍ത്തിച്ചു എന്ന്നോക്കാം. സെരേദയില്‍‍ നിന്നുള്ള എഫ്രയീമ്യയനായ നെബോത്തിന് യൊരോബെയാം എന്ന് പേരുള്ള ഒരുവന്‍ ശലോമോന് ദാസനായി ഉണ്ടായിരുന്നു. ഒരിക്കല്‍ യൊരോബെയാം യെരുശലേമില്‍ നിന്നു വരുമ്പോൾ ശീലോന്യനായ അഹിയാ എന്ന പ്രവാചകന്‍ വഴിയില്‍ വച്ചു അവനെ കണ്ടു; ഈ പ്രവാചകന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും ഒരു വയലില്‍ തനിച്ചായിരുന്നു. പ്രവാചകന്‍ താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി; യൊരോബായാമിനോട് പറഞ്ഞതെന്തന്നാല്‍: പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക. ഇതാ ഞാന്‍ രാജത്വം ശലോമോന്‍റെ കയ്യില്‍‍ നിന്നും പറിച്ചുകീറി പത്തു ഗോത്രം നിനക്കു തരുന്നു.(1രാജ.11:26,29-32).

ഈ വാര്‍ത്ത കേട്ട ശലോമോന്‍ രാജാവ് യൊരോബയാമിനെ കൊല്ലുവാന്‍ അന്വോഷിച്ചു. എന്നാല്‍ യൊരോബയാം മിസ്രയീമ്യയില്‍ ശീശക്ക് എന്ന മിസ്രയീം രാജാവിന്‍റെ അടുക്കല്‍ ഓടിപ്പോയി ശലോമോന്‍റെ മരണം വരെ പാര്‍ത്തു(1രാജ.11:40).

3.ഒരു ഗോത്രം ശലോമോന്‍റെ മകന് തന്നെ കൊടുക്കുന്നു.

രാജ്യ വിഭജനത്തോടുള്ള ബന്ധത്തില്‍ ദൈവം ശലോമോനോടിപ്രകാരം പറഞ്ഞു: പത്ത് ഗോത്രം ഞാന്‍ നിന്‍റെ കയ്യില്‍ നിന്ന് പറിച്ച്നിന്‍റെ ദാസന് കൊടുക്കുമ്പോൾ ഒരു ഗോത്രം മാത്രം നിന്‍റെ മകന് ശേഷിപ്പിച്ചിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ തിരഞ്ഞെടുത്തവനും എന്‍റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്‍റെ ദാസന്‍ ദാവീദിന്‍ നിമിത്തവും എന്‍റെ നാമം സ്ഥാപിക്കേണ്ടുന്നതിന് ഞാന്‍ തിരഞ്ഞെടുത്ത യെരുശലേം നഗരത്തില്‍ എന്‍റെ മുമ്പാകെ എന്‍റെ ദാസനായ ദാവീദിന്നു എന്നേയ്ക്കും ഒരു ദീപം ഉണ്ടായിരിക്കേണ്ടുന്നതിനും വേണ്ടി ഞാന്‍ നിന്‍റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.(1രാജ.11:13,34)

4.യിസ്രായേല്‍ രാജ്യവിഭജനത്തിന് ദൈവം നിശ്ചയിച്ചിരുന്ന സമയം

ദൈവം രാജ്യവിഭജനത്തോടുള്ള ബന്ധത്തില്‍‍‍ ശലോമോനോട് അരുളിച്ചെയ്തപ്പോളിപ്രകാരം പറഞ്ഞു: ഞാന്‍ രാജത്വം നിന്‍റെ പക്കല്‍ നിന്നു നിശ്ചയമായി പറിച്ചു നിന്‍റെ ദാസന്നു കൊടുക്കും. എന്നാല്‍ നിന്‍റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്‍റെ ജീവകാലത്തു അതു ചെയ്കയില്ല. എന്നാല്‍ നിന്‍റെ മകന്‍റെ കയ്യില്‍ നിന്നു അതിനെ പറിച്ചുകളയും.(1രാജ.11:12)

5.ശലോമോന്‍റെ മരണശേഷം മകനായ രെഹബെയാമീം രാജാവാകുന്നു

ശലോമോന്‍ എല്ലാ യിസ്രായേലിനെയും നാല്പതു കൊല്ലം വാണിരുന്നു. തുടര്‍ന്ന് ശലോമോന്‍റെ മകനായ രെഹബെയാമീം രാജാവായി. എന്നാല്‍ രെഹബെയാമിനെ രാജാവാക്കുന്നിന് എല്ലാ യിസ്രായേലും ശെഖേമില്‍ കയറിവന്നു. യിസ്രയേല്‍ ജനം മിസ്രയീമ്യയിലായിരുന്ന യെരോബെയാമിനെ ആളയച്ചു വിളിപ്പിച്ചു. എല്ലാ യിസ്രായേലും യെരോബെയാമും വന്നു രെഹബെയാമിനോട് ഇപ്രകാരം സംസാരിച്ചു:നിന്‍റെ അപ്പനായ ശലോമോന്‍ യിസ്രായേലിന് കഠിനമായ നികുതിയും കഠിനമായ വേലയും ഞങ്ങളുടെ മേല്‍ ഭാരമായി വച്ചിരിക്കുന്നു. ആകയാല്‍ നീ അതിന്‍റെ ഭാരം കുറച്ചു തരികയാണെങ്കില്‍ ഞങ്ങള്‍ നിന്‍റെ രാജത്വം അംഗീകരിക്കുകയും നിന്നെ സേവിക്കുകയും ചെയ്യാം എന്നു പറഞ്ഞു. എന്നാല്‍ രെഹെബയാം യിസ്രായേലിന്‍റെ അപേക്ഷ കേട്ടില്ല. യഹോവ ശീലോന്യനായ അഹീയാവ് മുഖാന്തിരം നെബാത്തിന്‍റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവ്യത്തിയാകേണ്ടുന്നതിന് ഈ കാര്യം യഹോവയുടെ ഹിതത്താല്‍ സംഭവിച്ചു. രാജാവ് തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലെന്ന് എല്ലാ യിസ്രായേലും കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ദാവീദിങ്കല്‍ ഞങ്ങള്‍ക്ക് യാതൊരു ഓഹരിയോ, യിശ്ശായിങ്കല്‍ ഞങ്ങള്‍ക്ക് യാതൊരു അവകാശമോ ഇല്ലാത്തതിനാല്‍ ദാവീദേ നീ നിന്‍റെ ഗൃഹം നോക്കികൊള്‍ക എന്നു പറഞ്ഞു യിസ്രായേല്‍ അവിടെവച്ചു പിരിഞ്ഞു. അങ്ങനെ യെഹൂദ ഗോത്രമല്ലാതെ ആരും ദാവീദ്ഗൃഹത്തിന്‍റെ പക്ഷം ചേര്‍ന്നില്ല. ദൈവം ശലോമോനോട് ഇപ്രകാരം അരുളിച്ചെയ്തിരുന്നല്ലോ; എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്‍റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തെരഞ്ഞെടുത്ത യെരുശലേമിന്‍ നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍നിന്‍റെ മകന് കൊടുക്കും എന്ന് അരുളിച്ചെയ്ത വചനം ഇപ്രകാരം നിവര്ത്തിയായി.(1രാജ.12:1-20; 11:13)

6.യെരോബെയാം പത്ത് ഗോത്രം അടങ്ങിയ യിസ്രായേല്‍ ഗൃഹത്തിന് രാജാവാകുന്നു.

രെഹെബെയാമിന്‍റെ രാജത്വത്തിന് കീഴ്പ്പെടാതിരുന്ന യിസ്രായേല്‍ ജനം യെരോബെയാമിനെ സഭയിലേയ്ക്ക് വിളിപ്പിച്ചുതങ്ങളുടെ രാജാവാക്കി. ശീലോന്യനായ അഹീയ പ്രവാചകന്‍ തന്‍റെ പുതിയ അങ്കി പന്ത്രണ്ടായി കീറി പത്ത് ഖണ്ഡം രെഹെബെയാമിന്കൊടുത്തിട്ട് ഇപ്രകാരം പറഞ്ഞു: ഇതാ,ഞാന്‍ രാജത്വം ശലോമോന്‍റെ കയ്യില്‍ നിന്ന് പറിച്ചു കീറി, പത്ത് ഗോത്രം നിനക്ക് തരുന്നു. നീ അവരെ വാണു .യിസ്രായേലിന്‍റെ രാജാവായിരിക്ക എന്നു പറഞ്ഞ വചനത്തിന് ഇപ്രകാരം നിവൃത്തി സംഭവിച്ചു.(1രാജ.12:20; 11:29-31;37)

അങ്ങനെ രണ്ടു രാജ്യം ഉളവായി.ഒന്ന് യെഹൂദാ (ദാവീദിന്‍ ഗൃഹം), രണ്ട്,യിസ്രായേല്‍ (യിസ്രായേല്‍ ഗൃഹം). യെഹൂദ ഭരിച്ചിരുന്നവരെ യെഹൂദ രാജാക്കന്‍മാര്‍ എന്നും അവരുടെ പ്രവൃത്തികള്‍ എഴുതിയ പുസ്തകത്തെ യെഹൂദ രാജാക്കന്‍മാരുടെ വൃത്താന്തപുസ്തകം എന്നും യിസ്രായേല്‍ ഭരിച്ചിരുന്നവരെ യിസ്രയേല്‍ രാജാക്കന്‍മാര്‍ എന്നും അവരുടെ പ്രവൃത്തികള്‍ എഴുതിയപുസ്തകത്തെ യിസ്രായേല്‍ രാജാക്കന്‍മാരുടെ വൃത്താന്തപുസ്തകമെന്നും പറയുന്നു.

7.യെഹൂദാ രാജാക്കന്‍മാരുടെ പേരും യിസ്രായേല്‍ രാജാക്കന്‍മാരുടെ പേരും അവര്‍ ഭരിച്ചിരുന്ന കാലഘട്ടവും

യെഹൂദാ രാജാക്കന്‍മാന്‍ വാണിരുന്ന കാലഘട്ടം യിസ്രായേല്‍ രാജാക്കന്‍മാര്‍ വാണിരുന്ന കാലഘട്ടം
 1. രെഹബെയാം  931-914  1. യൊരോബെയാം  931-909
 2. അബീയാം  914-911  2. നാദാബ്  910-908
 3. ആസാ  911-870  3. ബയേശാ  909-885
 4.യഹോശാഫാത്ത്  873-848  4. ഏലാ  885-883
5. യെഹോരാം  853-845  5. സിമ്രി  885
 6. അഹസ്യാവ്  841  6. ഒമ്രി  885-873
 7. അഥല്യാ  841-835  7. ആഹാബ്  874-852
 8. യൊഹോവാശ്  835-795  8. അഹസ്യാവ്  853-851
 9. അമസ്യാവ്  796-767  9. യെഹോരാം  852-840
 10. ഉസ്സീയാവ്  792-740  10. യേഹൂ  841-813
 11. യോഥാം  750-736  11.യെഹോവാഹാസ്  814-797
 12.ആഹാസ്  735-719  12. യോവാശ്  798-782
 13. ഹിസ്കീയാവ്  716-687  13. യൊരോബെയാം  793-752
 14.മനശ്ശെ  697-642  14. സെഖര്യാവ്  753
 15. ആമോന്‍  643-641  15. ശല്ലും  752
 16. യോശീയാവ്  641-610  16. മെനഹേം  752-742
 17.യെഹോവാഹാസ്  609  17. പെക്കഹ്യാവ്  742-740
 18. യെഹോയാക്കീം  609-598  18. പേക്കഹ്  740-732
 19. യെഹോയാഖീന്‍  598  19. ഹോശേയ  732-721
 20.സിദെക്കീയാവ്  597-586

Author: JOHNSON G VARGHESE

Hi, I am Johnson G Varghese, Pastor and Bible Teacher @ Church of God in India, Living at Kerala,Kollam Dist.
0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments