പാദം കഴുകൽ ശുശ്രൂഷ – Feet Washing

 1,265 total views

  1. എന്തുകൊണ്ട് പാദം കഴുകണം?
  2. പാദം കഴുകൽ ശുശ്രൂഷയുടെ വെളിപ്പാട് എന്താണ്?
  3. യേശുക്രിസ്തു കാൽ കഴുകിയതിലൂടെ വെളിപ്പെടുത്തിയ ചില തലങ്ങൾ
  4. പാദം കഴുകൽ ശുശ്രൂഷ പുതിയ നിയമ സഭയ്ക് അനിവാര്യമോ?
  5. പാദം കഴുകൽ ശുശ്രൂഷ-സഭ പരാജയമോ?
  6. പാദം കഴുകലിന് ആവശ്യമായിരിക്കുന്ന സാധന സാമഗ്രികൾ എന്തൊക്കെയാകുന്നു?
  7. പാദം കഴുകേണ്ടത് ആര്? എങ്ങനെ ആകുന്നു.?
  8. താഴെകാണും വിധം പാദം കഴുകൽ ക്രമീകരിക്കാവുന്നതാണ്.
  9. പാദം കഴുകേണ്ടത് എപ്പോൾ?
  10. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാൻമാർ ആരാണ് പാദം കഴുകേണ്ടത്?
  11. ആരാണ് പാദം കഴുകേണ്ടത്?
  12. യേശുക്രിസ്തു കാണിച്ചുതന്ന പാദം കഴുകൽ പഴയനിയമ പ്രവചനിവർത്തിയോ അതോ പുതിയ നിയമ സഭ അനുവർത്തിക്കേണ്ട മാത്യകയ്കോ?
  13. പാദം കഴുകൽ ചില ജഡ ചിന്തകൾ?
  14. ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍

1.എന്തുകൊണ്ട് പാദം കഴുകണം?

മനുഷ്യരുടെ സൽപ്രവർത്തികളിൽ ഒന്നാണ് വിശുദ്ധൻമാരുടെ കാൽ കഴുകുക എന്നുള്ളത്. (1തിമൊ.5:10) അതിഥികളുടെ കാൽകഴുകൽ, പ്രാചീനകാലം മുതലെ നിലനിന്നു വരുന്ന ഒരു ആചാരമാണ്. കിഴക്കൻ ദേശങ്ങളിൽ പാവപ്പെട്ട മനുഷ്യർ മിക്കപ്പോഴും നഗ്നപാദരായിരിക്കും. വള്ളി കെട്ടിയ പാദരക്ഷകൾ ധരിക്കുന്നവർ തന്നെ വളരെ കുറവായിരിക്കും. യേശുവും അപ്പോസ്തലന്മാരും വാർ ചെരുപ്പുകളായിരുന്നു ധരിച്ചിരുന്നത്. അപ്പോൾ ഇടയ്ക്കിടയ്ക്ക് കാൽ കഴുകേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയുള്ള പരിതസ്ഥിതിയിൽ, ക്ഷീണിച്ച് അവശനായി വരുന്ന അതിഥിക്ക്, ക്ഷീണം തീർക്കുവാൻ ഒരു പാത്രത്തിൽ വെള്ളം കൊടുക്കുന്ന പതിവുണ്ടായിരുന്നു. വിശിഷ്ടനായ അതിഥിയാണെങ്കിൽ, ആതിഥേയൻ തന്നെ വെള്ളം അതിഥിയുടെ പാദത്തില്‍ ഒഴിച്ചു കൊടുക്കുമായിരുന്നു. ഇപ്പോഴും ഈ അതിഥിമര്യാദ നിലനിൽക്കുന്നുണ്ട്.

ബൈബിളിൽ തന്നെ ഇതിന് ധാരാളം ഉദ്ദാഹരണങ്ങളുണ്ട്. അബ്രഹാം ഒരിക്കൽ കൂടാരത്തിന് പുറത്തിരിക്കുമ്പോൾ മൂന്നു യാത്രക്കാർ എത്തി ചേരുന്നു. അവരെ കണ്ടയുടനെ അബ്രാഹം അവരുടെയടുക്കൽ ഓടിയെത്തി ഉത്തമ ആതിഥ്യമര്യാദയനുസരിച്ച് അവരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു. “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.  അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ” (ഉൽപ്പത്തി18:3-4).
ഇതേപോലെ, ലോത്ത്,  രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു;  അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു: യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർപ്പിൻ; (ഉൽപ്പത്തി19:2).
ദാവീദിന്റെ സേവകർ അബീഗയിലിനടുത്തെത്തി, തങ്ങൾ അവളെ ദാവീദിന്റെ അഭീഷ്ടപ്രകാരം അദ്ദേഹത്തിന്റെ പത്നിയാക്കാൻ കൊണ്ടുപോകാനാണ് വന്നിരിക്കുന്നത് എന്ന് അറിയിച്ചപ്പോൾ, അവരെ പ്രണമിച്ചു കൊണ്ട് അവൾ പറഞ്ഞു: അവൾ എഴുന്നേറ്റു നിലംവരെ തല കുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നുപറഞ്ഞു.”(1ശമൂവേൽ25:41). വരുന്ന അതിഥിക്ക് കാൽ കഴുകാൻ വെള്ളം കൊടുക്കാത്തത് വലിയ അപമര്യാദയായി കണക്കാക്കപ്പെട്ടിരുന്നു. ഈ കാര്യത്തിൽ യേശു ഒരു മനുഷ്യനെ കുറ്റപ്പെടുത്തുന്നുണ്ട്. യേശുക്രിസ്തു പരീശനായ ഒരു മനുഷ്യൻറെ വീട്ടിൽ ക്ഷണിച്ചതിൻ പ്രകാരം ഭക്ഷണത്തിന് പോയി. എന്നാൽ പരീശൻ യേശുക്രിസ്തുവിൻറെ ആഗ്രഹത്തിനൊത്ത് യേശുവിൻറെ പാദം കഴുകിയിരുന്നില്ല. ആകയാൽ പരീശനായ ശീമോനോട് യേശു പറയുന്നു: ” ഞാൻ നിൻറെ വീട്ടിൽ വന്നു, നീ എൻറെ കാലിന്നു വെള്ളം തന്നില്ല;” (ലൂക്കോ7:44).
അപ്പൊസ്തലനായ പൗലോസ്   തിമൊഥെയോസിന് എഴുതിയ ലേഖനത്തിൽ ഉത്തമയായ ഒരു വിധവ ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട് (മറ്റ് അനവധി നിബന്ധനകൾക്കൊപ്പം ) “വിശുദ്ധന്മാരുടെ കാലുകൾ കഴുകിയിട്ടുള്ള വിധവയെ …”(ഉത്തമ വിധവയായി കണക്കാക്കാം) എന്നു പറയുന്നു (1 തിമോ 5:10).

  ഈ പറഞ്ഞിരിക്കുന്നതൊക്കെ ആചാരത്തിൻറെയോ, കേവലം ഒരു ചടങ്ങിൻറെയോ സൽപ്രവർത്തികളുടെ ഭാഗമായിരുന്നാൽ കൂടി യേശുക്രിസ്തു ദൃഷ്ടാന്തമായി കാണിച്ചു തന്ന പാദം കഴുകൽ ശുശ്രൂഷ അത് മറ്റൊരു തലത്തിൽ  ഈ പറയുന്ന നിലകളിൽ നിന്ന് വ്യത്യസ്ഥപ്പെട്ടിരിക്കുന്നു.

2.പാദം കഴുകൽ ശുശ്രൂഷയുടെ വെളിപ്പാട് എന്താണ്?

യേശുക്രിസ്തു ശിഷ്യൻമാരുടെ പാദം കഴുകുന്നതിന് മുൻപ് ഇങ്ങനെ പറഞ്ഞു. “ഞാൻ ചെയ്യുന്നത് നീ ഇപ്പോൾ അറിയുന്നില്ല. പിന്നെ അറിയും”(യോഹ.13:7) തുടർന്ന് യേശു ശിഷ്യൻമാരുടെ കാൽ കഴുകിയനന്തരം ഇപ്രകാരം ചോദിച്ചു, “ഞാൻ നിങ്ങൾക്ക് ചെയ്തത് ഇന്നത് എന്ന് അറിയുന്നുവോ”?(യോഹ.13:12).  ഇവിടെ നാം മനസിലാക്കുന്നു പാദം കഴുകൽ ശുശ്രൂഷ കേവലം ഒരു ശാരീകമായി അക്ഷരീക ശുദ്ധി വരുത്തുന്നു എന്നതിലുപരി ഇത് ഒരു വെളിപ്പാടിൻറെ ശുശ്രൂഷ കൂടി ആണ് എന്നുള്ളത്. ആ വെളിപ്പാടിൻറെ അറിവുകൾ ആണ് നാം ദൈവമാത്മാവിൽ ചിന്തിക്കുന്നത്.

  3.യേശുക്രിസ്തു കാൽ കഴുകിയതിലൂടെ വെളിപ്പെടുത്തിയ ചില തലങ്ങൾ

  1. യേശുക്രിസ്തു ശിഷ്യൻമാരുടെ കാൽ കഴുകിയതിലൂടെ തൻറെ ദാസത്വത്തെയും താഴ്മയെയും നമുക്ക് വെളിപ്പെടുത്തി തരുന്നു. ആ താഴ്മ എന്നു പറയുന്നത്, യേശുക്രിസ്തു ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു  വിചാരിക്കാതെ ദാസരൂപം എടുത്തു  മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു എന്നുള്ളതാണ്. അതായത് മാനവരാശിയുടെ രക്ഷയ്ക് വേണ്ടി സ്വർഗ്ഗത്തിലെ സകല മഹിമയും വെടിഞ്ഞ് താഴെ ഭൂമിയിലേക്ക് ഇറങ്ങി വന്ന് നമ്മെ രക്ഷിപ്പാൻ ദൈവത്തോട് കാണിച്ച അനസരണവും നമ്മോട് കാണിച്ച സ്നേഹത്തെയും ആണ് ആ താഴ്മയും ദാസത്വവും ആ കാലുകഴുകൽ ശുശ്രൂഷയിലൂടെ വെളിപ്പെടുത്തി കാണിക്കുന്നത്.
  2. യേശുക്രിസ്തു കാൽ കഴുകിയതിലൂടെ രണ്ടാമത് നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്, ഒരിക്കലായി യേശുക്രിസ്തു യാഗമായി തീർന്നു, അതിൽ വിശ്വസിക്കുന്നവനും ഒരിക്കലയായി വിശുദ്ധീകരി ക്കപ്പെട്ടിരിക്കുന്നു എങ്കിലും അനുദിന ജീവിതത്തിലൂടെ മനുഷ്യരിൽ ഉണ്ടാകാവുന്ന പാപങ്ങളെ ദിനം തോറും ഏറ്റ് പറഞ്ഞ് കഴുകൽ പ്രാപിക്കണം എന്നുള്ളതിനെ വെളിപ്പെടുത്തുന്നു.
  3. യേശുക്രിസ്തു കാൽ കഴുകിയതിലൂടെ മൂന്നാമത് വെളിപ്പെടുത്തിയത് താൻ സർവ്വശക്തനായ ദൈവമായിരിക്കെ നിങ്ങളുടെ പാദം കഴുകുവാൻ തക്കവണ്ണം നിങ്ങളുടെ മുമ്പിൽ താഴ്മ ഉള്ളവനായിരുന്നുവെങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ താഴ്മയും ശുശ്രൂഷാമനോഭാവവും ഉള്ളവർ ആയിരിക്കണം എന്നുള്ളതാണ് പഠിപ്പിച്ചത്.
  4. പാദം കഴുകൽ അത് യേശുക്രിസ്തുവിനോടുള്ള ഒരു പങ്കാണ്. അത് യേശുക്രിസ്തുവിൻറെ വിശുദ്ധിയെ പ്രാപിക്കുന്നതാണ്. അതായത് യേശുക്രിസ്തുവിൻറെ വിശുദ്ധിയുടെ പങ്കാളി ആയി മാറുകയാണ് പാദം കഴുകലിലൂടെ നാം പ്രാപിച്ചിരിക്കുന്നത്. യേശുക്രിസ്തു തൻറെ ശിഷ്യൻമാരുടെ കാലു കഴുകയതിനാൽ ഒരർത്ഥത്തിൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാ ദൈവമക്കളുടെയും കാലുകളെ കഴുകികൊണ്ട് തൻറെ വിശുദ്ധിയിൽ പങ്കാളിത്വം നൽകിയിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ഇന്നും യേശുക്രിസ്തു നമ്മുടെ അനുദിന ജീവിത ബലഹീനതകളെ കഴുകി വെടിപ്പാക്കുന്നത് നമ്മുടെ പാദം കഴുകി വെടുപ്പാക്കുന്നതിന് തുല്യമാണ്.
  5. തിരുവത്താഴം നമ്മെ ദൈവത്തോടു നിരപ്പിക്കുന്നുവെങ്കിൽ പാദം കഴുകൽ ശുശ്രൂഷ വിശ്വാസികളെ അന്യോന്യം നിരപ്പിക്കുകയും താഴ്മ ധരിപ്പിക്കുകയും ചെയ്യുന്നു.

      പാദം കഴുകൽ സഭയിലുള്ള എല്ലാവരെയും അപ്പോസ്തലൻമാർ തുടങ്ങി സാധാരണ വിശ്വാസികൾ വരെയും പണക്കാർ തുടങ്ങി പാവപ്പെട്ടവൻ വരെയും ഉന്നതാധികാരമുള്ള വ്യക്തികൾ തുടങ്ങി സാധാരണ പൌരൻമാർ വരെയും യജമാനൻമാർ തുടങ്ങി ദാസൻമാർ വരെയും ഒരേ നിലവാരത്തിൽ ആക്കുന്നു. ഇവരെ എല്ലാവരെയും ദൈവം ഒരു വാട്ടർ ലെവൽ ആക്കുന്നു. അതിൽ ആരും വലിയവർ ഇല്ല എല്ലാവരും ദൈവത്തിൻറെ മുന്നിലും സഭയിലും ഒരുപോലെയുള്ളവർ.   തമ്മിൽ എല്ലാവരും അന്യോന്യം ഒരുപോലെ താഴ്മയുള്ളവരും ശുശ്രൂഷാ മനോഭാവം ഉള്ളവരും ആയിരിക്കുന്നു എന്ന് വെളിപ്പെടുത്തുവാനുള്ള മഹനീയമായ ഒരു ശുശ്രൂഷ ആണ് പാദം കഴുകൽ ശുശ്രൂഷ. ഇത് ഒരു ചടങ്ങ് അല്ല മറിച്ച് ഒരു ശൂശ്രൂഷ ആണ്.

  1. നാം അന്യോന്യം പാദം കഴുകുമ്പോൾ ഒരു സത്യം കൂടി മനസിലാക്കണം. യേശുക്രിസ്തു പറഞ്ഞു ഈ എളിയ സഹോദരൻമാർക്ക് ചെയ്തത് എല്ലാം എനിക്കാണ് ചെയ്തത് എന്നുള്ളത്. അങ്ങനെ എങ്കിൽ ഒരു അർത്ഥത്തിൽ നാം സഹോദരൻറെ പാദം കഴുകുന്നത് യേശുക്രിസ്തുവിൻറെ പാദം കഴുകുന്നതിന് തുല്യമാണ്. അക്ഷരീകമായി നമുക്ക് യേശുക്രിസ്തുവിൻറെ പാദം കഴുകുവാൻ സാധ്യമല്ല. യേശുക്രിസ്തു ഒരിക്കൽ പരീശനായ ഒരു വ്യക്തിയുടെ വീട്ടിൽ ആഹാരം കഴിപ്പാൻ ക്ഷണിച്ചതിൻ പ്രകാരം ചെന്നു. യേശുക്രിസ്തു അവിടെ ഉണ്ട് എന്ന് അറിഞ്ഞ് പട്ടണത്തിലെ പാപിനിയായിരുന്ന ഒരു സ്ത്രീ ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു, യേശുവിൻറെ പുറകിൽ കാൽക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണിനീർകൊണ്ടു യേശുവിൻറെ  കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി. എന്നാൽ യേശുക്രിസ്തു ഈ സംഭവത്തെ എങ്ങനെ ആണ് വിലയിരുത്തിയത് എന്ന് നോക്കാം. യേശുക്രിസ്തു  സ്ത്രിയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: “ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.  നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.  നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി.  ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു”. ഇതിൽ നിന്ന് നാം മനസിലാക്കുക, എളിയ സഹോദരൻറെ പാദം നാം കഴുകുമ്പോൾ ഒരു പക്ഷേ നാം പാപിനിയായ സ്ത്രീയെ പോലെ വെൺകൽ ഭരണി പരിമളതൈലം ഒഴിച്ചു യേശുക്രിസ്തുവിൻറെ പാദം കഴുകുവാൻ പറ്റിയില്ലെങ്കിലും ആ ഓർമ്മകൾ എറ്റെടുത്ത് യേശുക്രിസ്തുവിൻറെ പാദം കഴുകുന്ന സന്തോഷത്തോടെയും ആനന്ദത്തോടും നമുക്ക് എളിയ സഹോദരൻറെ പാദം കഴുകികൂടെ? അതിനാൽ യേശുക്രിസ്തു നമുക്ക്  നീതിയെ പാലിച്ച നൽകുന്നു. അതായത്  നാം നമ്മുടെ പാപം ഇളച്ച് കിട്ടിയതിൽ അധിയായ സന്തോഷം പ്രകടിപ്പിക്കുന്നു എന്നുള്ളത്.
  2. പാദം കഴുകുന്നതിലൂടെ നാം സഹോദരൻറെ ബലഹീനതകളെ ചുമക്കുന്നു. നാം അവൻറെ ബലഹീനതയിൽ വിമർശിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല മറിച്ച് നാം അവൻറെ ബഹഹീനതകളെ കഴുകി കളയുവാൻ സഹായിക്കുന്നു. കൂടാതെ കുഷ്ഠരോഗികളുടെ കാൽപാദം, മറ്റു രോഗം നേരിടുന്നവരുടെ കാൽപാദം, അങ്ങനെ വിവിധതരത്തിൽ ഉള്ളവർ സഭയിൽ കണ്ടു എന്നു വന്നേക്കാം. എന്നാൽ ഇത്തരത്തിലുള്ള കാൽ കഴുകുന്നതിനാൽ നാം മററുള്ളവരുടെ മുറിവുകൾ കെട്ടുവാൻ തക്കവണ്ണം മാനസികമായി ഒരുക്കപ്പെടുകയും ചെയ്യുന്നു.

     എത്ര കുളിച്ചിരിക്കുന്നവൻ ആയാലും പുറത്ത് പോയി വൈകുന്നേരം വീട്ടിൽ വരുമ്പോൾ, എത്ര എ.സി. റൂമിൽ ഇരുന്നാലും അവൻറെ പാദം അഴുക്ക് പുരണ്ടിരിക്കും. ഇനി എത്ര സോക്സ് ഇട്ട് ഷൂ ഇട്ടാലും ആ സോക്സിൻറെയും വിയർപ്പിൻറെയും ഗന്ധം ഉണ്ടായിരിക്കും. അങ്ങനെ എങ്കിൽ ഷൂ ഇടാൻ പറ്റാത്തവർ ചെരുപ്പ് ഇടുമ്പോൾ എത്രമാത്രം. ചെരുപ്പ് ഇടുവാൻ പ്രാപ്തിയില്ലാത്തവൻറെ കാൽ എത്രമേൽ  അഴുക്ക് കാണും.  വിവിധ തരം കാലുകൾ നാം കഴുകപ്പെടേണ്ടതായി വരും. കുഷ്ഠരോഗികളുടെ കാൽപാദം, മറ്റു രോഗം നേരിടുന്നവരുടെ കാൽപാദം, അങ്ങനെ വിവിധതരത്തിൽ ഉള്ളവർ സഭയിൽ കണ്ടു എന്നു വന്നേക്കാം. എന്നാൽ ഇത്തരത്തിലുള്ള കാൽ കഴുകുന്നതിനാൽ നാം മററുള്ളവരുടെ മുറിവുകൾ കെട്ടുവാൻ തക്കവണ്ണം മാനസികമായി ഒരുക്കപ്പെടുകയും ചെയ്യുന്നു. ഈ വിധമുള്ള മലിനതകളെ നാം കഴുകുവാൻ സഹായിക്കുന്നത് നമ്മുടെ താഴ്മയെയും ശുശ്രൂഷമനോഭാവത്തെ കാണിക്കുന്നു. ഈ അഴുക്കുകൾ അവരവർക്ക് സ്വന്തമായി കഴുകാവുന്നതേ ഉള്ളൂ. എന്നാൽ നാം അത് കഴുകുവാൻ സഹായിക്കുന്നതിനാൽ ആണ് നമ്മുടെ ശുശ്രൂഷാമനോഭാവവും താഴ്മയും കാണിക്കുന്നത്. ഇത് ദൈവത്തിന് പ്രസാദം. ഇവിടെ നാം നമ്മുടെ സഹോദരൻറെ പാദം കഴുകുന്നതിലൂടെ ഒരു ആത്മീകാർത്ഥം കൂടി വിളിച്ചുപറയുന്നു: പാദം കഴുകുന്നതിലൂടെ നാം സഹോദരൻറെ ബലഹീനതകളെ ചുമക്കുന്നു. നാം അവൻറെ ബലഹീനതയിൽ വിമർശിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല മറിച്ച് നാം അവൻറെ ബലഹീനതകളെ കഴുകി കളയുവാൻ സഹായിക്കുന്നു എന്നുള്ള തത്വം. ആകയാൽ നാം മറ്റുള്ളവരുടെ വിവിധ തരത്തിലുള്ള പാദം കഴുകുന്നതിനാൽ മറ്റുള്ളവരുടെ മുറിവുകളെ കെട്ടുവാൻ തക്കവണ്ണം പ്രാപ്തരായി തീരുന്നു.  ഇത് യേശുക്രിസ്തു അരുളിച്ചെയ്ത അന്യോന്യം സ്നേഹിപ്പിൻ, എന്ന വചനത്തിന് നിവൃത്തി വരുത്തുന്നു.

4.പാദം കഴുകൽ ശുശ്രൂഷ പുതിയ നിയമ സഭയ്ക് അനിവാര്യമോ?

പാദം കഴുകൽ ശുശ്രൂഷ പുതിയ നിയമ സഭയ്ക്ക് അനിവാര്യം എന്ന് തന്നെ പറയേണ്ടി വരും. കാരണം അതിന് താഴെ പറയുന്ന ചില കാരണങ്ങൾ ഉണ്ട്

  1. യേശുക്രിസ്തു തന്നെ ആമേൻ ആമേൻ എന്ന് പറഞ്ഞ് കല്പിച്ചിരിക്കുന്ന ഒരു കല്പന ആണ് പാദം കഴുകൽ. (യോഹ.13:16) യേശുക്രിസ്തു ആമേൻ ആമേൻ എന്ന് പറയണമെങ്കിൽ അത് നമുക്ക് തോന്നുന്നതുപോലെ നിസാരമായിട്ടോ ഉദാസീനമായിട്ടോ കാണേണ്ട ഒരു കല്പന അല്ല അത് എന്നാണ് നാം മനസിലാക്കേണ്ടത്.
  2. കർത്താവും ഗുരുവും ആയ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടത് ആകുന്നു (യോഹ.13:14). നോക്കൂ എത്ര വലിയ ആധികാരികതയോടെ കല്പിച്ചിരിക്കുന്ന ഒരു കല്പന ആണിത്. യേശുക്രിസ്തുവിനെ കർത്താവും ഗുരുവുമായി കാണുന്ന ഏതൊരു വിശ്വാസിയും ഈ പാദം കഴുകൽ ശുശ്രൂഷ അന്യോന്യം നിവർത്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
  3. യേശുക്രിസ്തു ഇത് സഭയ്ക്ക് ഏൽപ്പിച്ചിരിക്കുന്ന ഒരു ശുശ്രൂഷ ആണിത്. ഈ പാദം കഴുകൽ ശുശ്രൂഷ നിങ്ങൾ അന്യോന്യം നിവർത്തിക്കണം എന്നു പറഞ്ഞു പറഞ്ഞുവിടുകയല്ലായിരുന്നു. മറിച്ച് അത് എങ്ങനെ ചെയ്യണം എന്നുകൂടി യേശുക്രിസ്തു ഒരു ദൃഷ്ടാന്തം കാണിച്ചു തരികയും കൂടി ആയിരുന്നു.ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യണം(യോഹ.13:15) പത്രൊസും ഇങ്ങനെ സാക്ഷീകരിക്കുന്നു “നാം യേശു ക്രിസ്തുവിൻറെ കാൽച്ചുവട് പിന്തുടരുവാൻ ഒരു മാത്യക വെച്ചേച്ച് പോയിരിക്കുന്നു” (1പത്രൊ.2:21)
  4. ദൈവ സഭക്ക് ഈ ഒരു അറിവ് ഉണ്ടായിരിക്കണം എന്നു യേശുക്രിസ്തു പറഞ്ഞു. എന്താണ് ആ അറിവ്? യേശുക്രിസ്തുവിൻറെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവസഭയിൽ   ആയിരിക്കുന്ന അപ്പോസ്തലൻമാർ തുടങ്ങി സാധാരണ വിശ്വാസികൾ വരെയും പണക്കാർ തുടങ്ങി പാവപ്പെട്ടവൻവരെയും ഉന്നതാധികാരമുള്ള വ്യക്തികൾ തുടങ്ങി സാധാരണ പൌരൻമാർവരെയും യജമാനൻമാർ തുടങ്ങി ദാസൻമാർ വരെയും എല്ലാവരും ഒരു പോലെ ആണ് എന്നും അവിടെ വലിയവൻ എന്നോ ചെറിയവൻ എന്നോ യാതൊരു വ്യത്യാസം ഇല്ല എന്നും എല്ലാവരും കർത്താവായ യേശുക്രിസ്തുവിൻറെ കൃപയാൽ രക്ഷിക്കപ്പെട്ടവരാണ് എന്നും പ്രശംസിപ്പാൻ ആർക്കും ഒന്നും ഇല്ലെന്നും ഉള്ള ഒരു “അറിവ് ദൈവ സഭയക്ക് ഉണ്ടാകണം എന്നും യേശുക്രിസ്തു ആജ്ഞാപിക്കുന്നു. ആകയാൽ ദൈവത്തിൻറെയും മനുഷ്യരുടെ മുന്നിൽ നാം എല്ലാവരും ഒരു പോലെ കൃപയാൽ രക്ഷിക്കപ്പെട്ട പാപികൾ ആണ് എന്നും ആകയാൽ നാം അന്യോന്യം താഴ്മയുള്ളവരും അന്യോന്യം ശുശ്രൂഷ മനോഭാവം ഉള്ളവരും ആയിരിക്കണം എന്നു ആഗ്രഹിച്ചുകൊണ്ട് യേശുക്രിസ്തു ഏൽപ്പിച്ചു തന്നിരിക്കുന്ന ഒരു ശുശ്രൂഷ ആണ് വിശ്വാസികൾ പരസ്പരം ചെയ്യേണ്ട ഈ പാദം കഴുകൽ ശുശ്രൂഷ. പാദം കഴുകൽ ശുശ്രൂഷ വിശ്വാസികൾ തമ്മിലുള്ള ഏറ്റ കുറച്ചിലും വലിപ്പ ചെറിപ്പ വിത്യാസങ്ങളും, മാറ്റികളഞ്ഞ് ഒരു വാട്ടൽ ലെവലിൽ എല്ലാവരെയും ദൈവസഭയിൽ ഒന്നിപ്പിക്കുകയും നിരപ്പിക്കുകയും ചെയ്യുന്നു. ആകയാൽ പാദം കഴുകൽ ശുശ്രൂഷ ഒരു ചടങ്ങ് അല്ല മറിച്ച് അത് ഒരു മഹത്വമേറിയ ശുശ്രൂഷ ആണ്. യേശുക്രിസ്തു പറഞ്ഞു ഇത് നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാൻമാർ(യോഹ.13:17) അതേ പാദം കഴുകൽ ശുശ്രൂഷ ഒരു ഭാഗ്യാവസ്ഥ ആകുന്നു. യേശുക്രിസ്തുവിൻറെ ഒരു വാക്ക് ശ്രദ്ധിക്കുക, ഇത് നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാൻമാർ. നമ്മുടെ കർത്താവ് ആരെയും നിർബന്ധിച്ചു മറ്റൊരാളുടെ കാല് കഴുകിക്കുന്ന കർത്താവ് അല്ല. പക്ഷേ നീ ഇത് അറിഞ്ഞ് ചെയ്താൽ നിനക്ക് അതിൻറെ നൻമയും അനുഗ്രഹവും ഉണ്ടാകും എന്നാണ് യേശുക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്.

5.പാദം കഴുകൽ ശുശ്രൂഷ-സഭ പരാജയമോ?

എന്തുകൊണ്ട് തിരുവത്താഴ ശുശ്രൂഷ പോലൊരു പരിപാവനത കാലുകഴുകൽ ശുശ്രൂഷയ്ക് ലഭിക്കുന്നില്ല.

     യേശുക്രിസ്തു ശിഷ്യൻമാരോട് പറഞ്ഞു. നിങ്ങൾ ഒരു പക്ഷേ ഇപ്പോൾ അത് അറിഞ്ഞില്ലെങ്കിൽ തന്നെയും പിന്നെ നിങ്ങൾ അത് അറിയും.(യോഹ.13:7). നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാൻമാർ (യോഹ.13:17)

ഇവിടെ ചോദ്യം ഇതാണ്, യേശുക്രിസ്തു കാൽ കഴുകയതിൻറെ മർമ്മം കേവലം ഒരു അക്ഷരീകാർത്ഥത്തിൽ ഉപരി അപ്പൊസ്തലൻമാർക്ക് ഗ്രഹിക്കാൻ കഴിഞ്ഞില്ലേ? അഥവാ അവർ അറിഞ്ഞിരുന്നുവെങ്കിൽ യേശുക്രിസ്തു പറഞ്ഞതുപോലെ അന്യോന്യം വീണ്ടും അവർ കാൽ കഴുകൽ ശുശ്രൂഷ ചെയ്തിരുന്നില്ലേ? അവർ കാൽ കഴുകൽ ശുശ്രൂഷ ചെയ്തിരുന്നുവെങ്കിൽ പിന്നത്തേതിൽ അവരിൽ തന്നെ ഈ ശുശ്രൂഷ ഒതുക്കാതെ മറ്റ് ദൈവ സഭകൾക്ക് ഇത് പറഞ്ഞ് കൊടുത്തില്ലേ? എന്തുകൊണ്ട് യോഹന്നാൻറെ സുവിശേഷത്തിൽ 13-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന അന്യോന്യം ഉള്ള കാൽ കഴുകൽ ശുശ്രൂഷ പിന്നത്തേതിൽ അനുഷ്ഠിച്ചിരുന്നില്ല അഥവാ അതിന് മുൻതൂക്കം കൊടുത്ത് അപ്പൊസ്തലൻമാർ പഠിപ്പിച്ചിരുന്നില്ല.

      യേശുക്രിസ്തു നേരിട്ട് തിരുവത്താഴം കൊടുത്ത 11 അപ്പൊസ്തലൻമാർ തിരുവത്താഴത്തെ കുറിച്ച് എങ്ങും പറഞ്ഞിട്ടില്ല. എന്നാൽ പൌലൊസിന് മാത്രം അത് ഒരു ശുശ്രൂഷയായി ചെയ്യണം എന്ന് യേശുക്രിസ്തു വെളിപ്പെടുത്തി കൊടുത്തു. ഇവിടെ തിരുവത്താഴം യേശുക്രിസ്തുവിൻറെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങിയവർ അതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നു വച്ച് തിരുവത്താഴ ശുശ്രൂഷ സഭ ഉദാസീനമായി കാണുമോ?

     അടുത്തതായി ശ്രദ്ധിക്കൂ, യേശുക്രിസ്തു നേരിട്ട് കാൽ കഴുകി കൊടുത്തിട്ട് നിങ്ങളും ഇത് ചെയ്വിൻ എന്ന് പറഞ്ഞ കല്പന യാതൊരു ഗൌരവും കൊടുക്കാതെ ഇരുന്നത് കൊണ്ടാണോ വരും സഭകൾക്ക് അത് മനസിലാകാതിരുന്നത്. അങ്ങനെ എങ്കിൽ  അപ്പൊസ്തലൻമാർ അല്ലെ അതിൻറെ ഉത്തരവാദി. എന്നിട്ട് ആദിമ സഭ അത് ചെയ്തില്ല എന്ന് വച്ചോ, അപ്പോസ്തലൻമാർ തങ്ങളുടെ ലേഖനങ്ങളിൽ അങ്ങനെ ഒരു ശുശ്രൂഷയെ കുറിച്ചു എഴുതിയിരുന്നില്ല എന്ന കാരണത്താലോ ആധുനിക സഭ യേശുക്രിസ്തുവിൻറെ ഈ പ്രത്യക്ഷമായ കല്പനകളെ ലംഘിക്കണമോ?  ആദിമ സഭ അത് ചെയ്തില്ല എന്ന തത്വം ആണ് പറയുന്നതെങ്കിൽ പൌലൊസ് എന്ന ഏക വ്യക്തിക്ക് തിരുവത്താഴത്തെ കുറിച്ച് വെളിപ്പെട്ടില്ലായിരുന്നുവെങ്കിൽ സഭ എന്തു ചെയ്തേനെ? തിരുവത്താഴ ശുശ്രൂഷ നാം ചെയ്യില്ലായിരുന്നോ? ഒരു പക്ഷേ 1കൊരി.11 അദ്ധ്യായത്തിൽ പറയപ്പെടുന്ന തിരുവത്താഴ ശുശ്രൂഷയോടുള്ള ഭാഗം എഴുതിയിരുന്നില്ല എന്നുണ്ടായിരുന്നുവെങ്കിൽ  യോഹന്നാൻ സുവിശേഷത്തിൽ ആറാം അദ്ധ്യായം പ്രകാരം തിരുവത്താഴ ശുശ്രൂഷ സഭ ചെയ്യേണ്ടിവരുമായിരുന്നു.. ഇങ്ങനെ ഒരു തത്വം നാം അംഗീകരിക്കുന്നു എങ്കിൽ അപ്പൊസ്തലൻമാർ പാദം കഴുകൽ ശുശ്രൂഷയിൽ മൌനം ആയിരുന്നുവെങ്കിൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്ന കല്പനയെ നാം അംഗീകരിച്ച് ആ ശുശ്രൂഷ സഭ ഏറ്റെടുത്ത് ചെയ്യണം. മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം.

     പൊങ്ങച്ചം. തമ്മിലടി, കമ്മിറ്റി പ്രശ്നം, കുടിപ്പക,അതിര് തർക്കം, വലിയവൻ ആകാനുള്ള മോഹം, ശുശ്രൂഷയിൽ അസൂയ, കുടുംബാംഗങ്ങൾ തമ്മിലുള്ള വൈരം സഭയിലും സൂക്ഷിക്കുന്നവർ, എന്നീങ്ങനെ ഉള്ള സഭകൾക്ക് പാദം കഴുകൽ ശുശ്രൂഷ ചെയ്യുവാൻ പറ്റില്ല. അവർ ആ ശുശ്രൂഷയെ മറ്റ് ന്യായീകരണം പറഞ്ഞ് ഒഴിവാക്കും.  എന്നാൽ തിരുവത്താഴ ശുശ്രൂഷ യാതൊരു ഉളിപ്പും ഇല്ലാതെ എടുക്കുകയും ചെയ്യും. എന്നിട്ട് അന്യോന്യം ചുംബന സമയത്ത് ഇഷ്ടമില്ലാത്തവരെ കണ്ടാൽ ഒഴിഞ്ഞുമാറി പോവുകയും ചെയ്യും. ഇങ്ങനെ ഉള്ള സഭകൾക്ക് പാദം കഴുകലിൻറെ മാഹാത്മ്യമം തിരിച്ചറിയുവാനോ, അതിനെ പഠിപ്പിക്കുവാനോ കഴിയുന്നതല്ല.

           ദാസമനോഭാവം ഇല്ലാത്തവർക്കും തന്നെത്താൻ ഉയർത്തുവാനുള്ള ത്വര ഉള്ളവർക്കും, ശുശ്രൂഷ ചെയ്യുവാനുള്ള മനസ് ഇല്ലാത്തവർക്കും എല്ലാവർക്കും കീഴ്പ്പെടുവാനോ അനുസരിക്കാനോ മനസില്ലാത്തവർക്കും എല്ലാം വിമർശന ബുദ്ധിയോട് കാണുന്നവർക്കും ഈ പാദം കഴുകൽ ശുശ്രൂഷയുടെ മഹത്വം മനസിലാക്കുവാനോ, അതിൻറെ ശ്രേഷ്ഠത വിളിച്ചറിയിക്കാനോ കഴിയുന്നതല്ല. ഒരോ സഭയുടെയും ഇടയൻമാരാണ് വിശ്വാസികളെ ഇത് പഠിപ്പിക്കേണ്ടതും അനുസരിപ്പിക്കേണ്ടതും. നിങ്ങൾ ഇത് അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാൻമാർ എന്ന കർത്താവിൻറെ വാക്ക് അവർ മുഖവിലക്ക് എടുക്കുന്നില്ല. മറിച്ച് ദൈവകല്പനയെ തങ്ങളുടെ സ്വന്തം ന്യായീകരണം കൊണ്ടും വ്യാഖ്യാനം കൊണ്ടും വികലമാക്കുകയും ദുർബ്ബലപ്പെടുത്തുകയും അത്രെ ചെയ്യുന്നത്. ദൈവത്തിൻറെ വചനത്തെ ആചരിക്കുകയും അങ്ങനെ തന്നെ അതിനെ പഠിപ്പിക്കുകയും ചെയ്യുന്നവർ അത്രെ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടുന്നത്. ഇത് പഠിപ്പിക്കാത്ത സഭയും ചെയ്യാത്ത സഭയും ക്രിസ്തു എന്ന തലയോളം വളരുന്നതിൽ തളർന്നുപോകുന്നു.

6.പാദം കഴുകലിന് ആവശ്യമായിരിക്കുന്ന സാധന സാമഗ്രികൾ എന്തൊക്കെയാകുന്നു?

1.തുവർത്ത്

2.ഒരു പാത്രം(ബേസിൻ)

3.വെള്ളം

7.പാദം കഴുകേണ്ടത് ആര്? എങ്ങനെ ആകുന്നു.?

പാദം കഴുകൽ ശുശ്രൂഷ യേശുക്രിസ്തു ഒരു ദൃഷ്ടാന്തം (EXMPLE) കാണിച്ചു തന്നിരിക്കുന്നു(യോഹ.13:15). ദൃഷ്ടാന്തം എന്നു പറഞ്ഞാൽ അതിനർത്ഥം മാതൃക, നിദർശനം, അനുകരിക്കത്തക്ക നടപടി ക്രമം എന്ന അർത്ഥങ്ങളാണ് ഉള്ളത്. അതുകൊണ്ട് നാം എങ്ങനെ ആണ് പാദം കഴുകൽ ശുശ്രൂഷ ചെയ്യേണ്ടത് എന്ന് യേശുക്രിസ്തു തന്നെ നമുക്ക് അത് കാണിച്ചു തന്നിട്ടുണ്ട്. അവ എങ്ങനെ എന്നു നോക്കാം. ഒരാൾ എല്ലാവരുടെയും പാദം കഴകുക എന്നത് പ്രായോഗികത അല്ലാത്തതിനാൽ മറിച്ച് രണ്ട് പേർ തമ്മിൽ അന്യോന്യം കാൽ കഴുകുക എന്നുള്ളതാണ് അനുയോജ്യം. ശ്രദ്ധിക്കുക കാൽ കഴുകുവാൻ വ്യക്തികളെ തെരഞ്ഞെടുക്കുമ്പോൾ പോലും ദൈവം ഹൃദയങ്ങളെ ശോധന ചെയ്യുന്നു എന്നുള്ള തോന്നൽ ഉണ്ടാകണം. സഭയിലെ ഏറ്റവും എളിയവൻറെ കാൽ കഴുകുവാൻ ഉത്സാഹം കാണിക്കുക. കാരണം എളിയവന് ചെയ്തിടത്തോളം നിങ്ങൾ എനിക്ക് ആകുന്നു ചെയ്യുന്നത് എന്നുള്ള കർത്താവായ യേശുക്രിസ്തുവിൻറെ വാക്കുകൾ ഓർമ്മിക്കുക. പത്രൊസും പൌലൊസിനോട് ഇപ്രകാരം ഓർമിപ്പിച്ചിരിക്കുന്നു, എളിയവരെ ഓർത്തുകൊൾവിൻ (ഗലാ.2:10).

8.താഴെകാണും വിധം പാദം കഴുകൽ ക്രമീകരിക്കാവുന്നതാണ്.

  1. യേശുക്രിസ്തു തൻറെ വസ്ത്രം ഊരിവച്ചു. ഇത് ദൈവസഭയിൽ ഒരു പക്ഷേ ചെയ്യുവാൻ പ്രായോഗിക പരിമിതി നേരിടും എങ്കിലും യേശുക്രിസ്തു വസ്ത്രം ഊരിവച്ചു എന്ന വചനം നമുക്ക് കാണാതിരിക്കാൻ കഴിയുകയില്ല. ആകയാൽ യേശുക്രിസ്തു വസ്ത്രം ഊരി എന്നതിൻറെ ആത്മീകവശം നാം ഉൾകൊണ്ടു ആ മനോഭാവത്തിൽ ചെയ്യാവുന്നതാണ്.   യേശുക്രിസ്തു വസ്ത്രം ഊരി എന്നതിനാൽ താൻ ദാസമനോഭാവം ഉള്ളവനായിരുന്നു എന്നു മനസിലാക്കാം. വസ്ത്രം ഒരുവൻറെ ജീവിതത്തിലെ മാന്യതയെ കാണിക്കുന്നു. പദവികളെ പ്രതിനിദാനം ചെയ്യുന്നു. അധികാരത്തെ കാണിക്കുന്നു. വസ്ത്രം ഊരുന്നതിനാൽ ദരിദ്രനോടും അടിമകളോടും ദാസൻമാരോടും സമാനപ്പെടുന്നു. ഇങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ തൻറെ എല്ലാ മാന്യതെയെയും, അധികാരത്തെയും പദവികളെയും ഉപേക്ഷിക്കുകയും ദരിദ്രൻമാരോടും അടിമകളോടും ദാസൻമാരോടും സമാനപ്പെടുകയും ചെയ്യുന്നു എന്ന അർത്ഥത്തിൽ നാമും യേശുക്രിസ്തുവിൻറെ താഴ്മയെയും ശുശ്രൂഷമനോഭാവത്തെയും ഏറ്റെടുത്ത് വേണം അരയിൽ തുവർത്ത്  എടുത്ത് അരയിൽ ചുറ്റി ക്രിസ്തുവിശ്വാസികളുടെ കാൽ കഴുകുവാൻ.
  2. ആദ്യം അരയിൽ തുവർത്ത് ചുറ്റി കെട്ടുക.
  3. അനന്തരം സഹോദരന് മുന്നിൽ ശിരസ് നമിച്ച് നിലത്തോളം കുനിയുകയോ അവൻറെ കാൽചുവട്ടിൽ ഇരിക്കുകയോ ചെയ്തു കാൽ കഴുകി കൊടുക്കുക.
  4. അരയിൽ ചുറ്റിയിരിക്കുന്ന തുവർത്ത് കൊണ്ട് കാൽ തുവർത്തികൊടുക്കുക.
  5. തുടർന്ന് ആദ്യം കാൽ കഴുകി കൊടുത്ത ആൾക്ക് മറ്റെ ആൾ തിരിച്ചും ഇതേപടി നിവർത്തിക്കുക
  6. എന്നിട്ട് രണ്ടുപേരും തമ്മിൽ ആലിംഗനം ചെയ്തു ക്രിസ്തുവിൻറെ സ്നേഹം പങ്കിട്ടു ദൈവത്തെ മഹത്വപ്പെടുത്തുക.

9.പാദം കഴുകേണ്ടത് എപ്പോൾ?

    പാദം കഴുകേണ്ടത് എപ്പോൾ എന്ന് ചോദിച്ചാൽ അതിന് ഉചിതമായ സമയം തിരുവത്താഴ ശുശ്രൂഷക്ക് മുമ്പാണ് എന്ന് വചനാടിസ്ഥാനത്തിൽ നമുക്ക് നിരീക്ഷിക്കാവുന്നതാണ്. പാദം കഴുകൽ ഒരു ശുശ്രൂഷ എന്ന നിലയിൽ സഭയിൽ ചെയ്യാവുന്നതാകുന്നു. അത് യഹൂദൻമാരുടെ ആചാരം(customs) എന്ന നിലയിൽ നാം അനുവർത്തിക്കുകയല്ല മറിച്ച് ക്രിസ്തുയേശു ഏൽപ്പിച്ചു തന്ന കല്പന എന്ന നിലയിൽ ആണ് പുതിയ നിയമസഭ അത് ചെയ്യേണ്ടത്

10.ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാൻമാർ

യേശുക്രിസ്തു ഇപ്രകാരം പറയുന്നു. പാദം കഴുകൽ ശുശ്രൂഷയുടെ വെളിപ്പാട് ഏറ്റെടുത്ത് നിങ്ങൾ അത് ചെയ്യുന്നു എങ്കിൽ ഭാഗ്യവാൻമാർ(യോഹ.13:17). എന്താണ് ആ ഭാഗ്യാവസ്ഥ?.

      യോഹന്നാന്‍റെ സുവിശേഷത്തില്‍ (13:8) യേശു പത്രോസിന്‍റെ പാദം കഴുകാനായി അവന്‍റെ അടുത്തെത്തുമ്പോള്‍ പത്രോസ് യേശുവിനെ തടയുന്നു. അപ്പോള്‍ യേശു അവനോട് പറയുന്നു: “ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല.”

          നാം നമ്മുടെ കാൽ കഴുകുവാൻ എൻറെ സഹോദരന് ഏൽപ്പിച്ചുകൊടുക്കുന്നതുവഴി യേശുക്രിസ്തു നമ്മുടെ കാൽ കഴുകിയതിന് തുല്യമാകുന്നു. ഇത് യേശുക്രിസ്തുവിനോട് നാം പങ്കുള്ളവരായി മാറുവാൻ ഇടയാക്കുന്നു. കൂടാതെ സഹോദരനോട് നാം താഴ്മയും അവരോട് നാം ശുശ്രൂഷ മനോഭാവവും ഉള്ളവരായിതീരുന്നത് വഴി നാം ദൈവത്തിന് താഴ്ത്തി ഏൽപ്പിക്കുന്നു. അങ്ങനെ തന്നെ താഴ്ത്തുന്നവനെ ദൈവം ഉയർത്തുന്നു.

11.ആരാണ് പാദം കഴുകേണ്ടത്?

ആരാണ് പാദം കഴുകേണ്ടത് എന്നു ചോദിച്ചാൽ ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നവർ തമ്മിൽ തമ്മിൽ ആണു പാദം കഴുകേണ്ടത്. ഒരാൾ എല്ലാവരുടെയും പാദം കഴുകുക എന്നല്ല മറിച്ച് ഒരോരുത്തരും അന്യോന്യം കഴുകുക എന്നുള്ളതാണ്.

  1. കുളിച്ചിരിക്കുന്നവൻറെ കാലുകൾ കഴുകപ്പെടേണ്ടതാണ്. ആകയാൽ നാം ഇതിൽ നിന്ന് മനസിലാക്കുന്നു, ക്രിസ്തുയേശുവിൽ വിശ്വസിച്ച് പാപക്ഷമ പ്രാപിച്ച ഏതൊരു വ്യക്തിയുടെയും കാൽ കഴുകാവുന്നതാണ്. ആകയാൽ സഭയിലെ ശുശ്രൂഷകരും വിശ്വാസികളും തമ്മിൽ ആണ് കാൽ കഴുകേണ്ടത്.
  2. മാനസാന്തരമില്ലാതെ പാപിയായ ഒരു മനുഷ്യൻ സഭയിൽ ഉണ്ടെങ്കിൽ അവരുടെ കാൽ കഴുകേണ്ടതല്ല. കാരണം അവർക്ക് കാൽ അല്ല മുഴുവൻ കഴുകപ്പെടേണ്ടതായിട്ടുണ്ട്. ആകയാൽ അവർ ക്രിസ്തുയേശുവിൻറ രക്തത്താൽ കഴുകൽ പ്രാപിച്ച് വിശുദ്ധീകരണം പ്രാപിച്ച് രക്ഷ പ്രാപിച്ച് അനന്തരം മതിയാകും അവരുടെ കാൽ കഴുകേണ്ടത്. മാനസാന്തരമില്ലാത്തവർക്ക് പാദം കഴുകൽ ശുശ്രൂഷയുടെ മഹത്വം ഒരു പക്ഷേ തിരിച്ചറിയുവാൻ കഴിയാതെ ഇരിക്കുന്നു എങ്കിൽ അവർ ചെയ്യുന്നതിലും വലിയ അർത്ഥം ഉണ്ടാകണം എന്നില്ല. എന്തു ചെയ്താലും വിശ്വാസം ഇല്ലെങ്കിൽ ആത്മാവും വ്യാപരിക്കപ്പെടുകയില്ലല്ലോ.
  3. വിശുദ്ധൻറെ കാൽ ആണ് കഴുകപ്പെടേണ്ടത്.

12.യേശുക്രിസ്തു കാണിച്ചുതന്ന പാദം കഴുകൽ പഴയനിയമ പ്രവചനിവർത്തിയോ അതോ പുതിയ നിയമ സഭ അനുവർത്തിക്കേണ്ട മാത്യകയ്കോ?

യേശുക്രിസ്തു ആമേൻ ആമേൻ എന്നു പറഞ്ഞു കല്പിച്ചിരിക്കുന്ന ഒരു കല്പനയാണ് അന്യോന്യം നിവർത്തിക്കേണ്ട ഈ പാദം കഴുകൽ ശുശ്രൂഷ. യോഹന്നാൻറെ സുവിശേഷം 13-ാം അദ്ധ്യായത്തിൽ 38 വാക്യങ്ങൾ ഉള്ളതിൽ 15 വാക്യങ്ങളാണ് പാദം കഴുകലിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പാദം കഴുകൽ ശുശ്രൂഷ കേവലം അത് കാലിലെ അഴുക്ക് കഴുകി കളയുന്നു എന്നതിലുപരി അതിൻ മേൽ ഒരു ആത്മീക വെളിപ്പാടുള്ള ശുശ്രൂഷയായി കാണേണ്ടതാണ്. പാദം കഴുകലിനെ ഒരു ജഡീക ശുശ്രൂഷ ആയി കാണാതെ ആത്മീക ശുശ്രൂഷയുടെ ഭാഗമായി കാണണം. ജഡത്തിൽ ചിന്തിക്കുമ്പോൾ പലതരം വ്യാഖ്യാനങ്ങളും ഉപദേശങ്ങളും അതിൻറെ പിന്നിൽ ന്യായാ-അന്യായ വാദങ്ങൾ നിരത്തിൽ അതിനെ ഒഴിവാക്കാം. ആ ന്യായാ-അന്യായ വാദത്താൽ പാദം കഴുകൽ ശുശ്രൂഷയെ ഒഴിവാക്കുന്നവർക്ക് തൻറെ ശത്രുക്കളുടെ മുന്നിൽ താഴേണ്ട ഗതികേട് ഉണ്ടാകുന്നില്ല. അവർക്ക് ശുശ്രൂഷ ചെയ്യേണ്ടി വരുന്നുമില്ല. അങ്ങനെ ഉള്ളവർക്ക് പാദം കഴുകൽ ശുശ്രൂഷ ഒരു അനാവശ്യ ചടങ്ങും ആവശ്യമില്ലാത്ത കഠിനമായ ഒരു ഉപദേശവും ആയി തോന്നും. എന്നാൽ താഴ്മ ധരിച്ച് എല്ലാവരോടും നിരന്ന് മറ്റുള്ളവരോട് സേവന മനോഭാവത്തിൽ ജീവിപ്പാൻ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിക്കും പാദം കഴുകൽ ഒരു മഹത്വമേറിയ ശുശ്രൂഷ ആയിട്ടേ തോന്നുകയുള്ളൂ.

13.പാദം കഴുകൽ ചില ജഡ ചിന്തകൾ?

ദാസൻ അല്ലെയോ യജമാനൻറെ കാൽ കഴുകേണ്ടത്?  ഇനി കാൽ കഴുകിയാലും ദാസ്യമനോഭാവം ഇല്ലെങ്കിൽ കഴുകിയിട്ട് കാര്യമുണ്ടോ? യേശുക്രിസ്തു മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ,പൌലോസോ, സഭയോ ഇത് ചെയ്തതായിട്ട് കാണുന്നില്ലല്ലോ? നല്ലതുപോലെ സ്വന്തമായി കാൽ കഴുകി വരുന്ന ഒരാളുടെ കാലിൽ പൊടി ഇല്ലെങ്കിൽ പിന്നെ കഴുകുന്നത് പ്രഹസനം അല്ലെ? ഇഷ്ടമുള്ളവരുടെ കാൽ കഴുകാൻ ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കുന്നത് വഴി കാൽ കഴുകൽ ശുശ്രൂഷക്ക് പ്രസക്തി ഉണ്ടോ?

     നോക്കൂ ഇതെല്ലാം മനുഷ്യരിലെ ന്യായമായ ചോദ്യങ്ങൾ ആകാം. പക്ഷേ ദൈവം  നാം നമ്മുടെ മാനുഷിക വശത്തിൽ   തുടരാനല്ല ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആണ് ദൈവം തൻറെ പുത്രനായ  യേശുവിനെ ഈ ഭൂമിയിലേക്ക്  നാം എങ്ങനെ ജീവിക്കണം എന്നു കാണിച്ചു തരാൻ വേണ്ടി അയച്ചത്. അതുകൊണ്ട് പുത്രനായ യേശു ക്രിസ്തു പറയുന്നത് മനസിലാക്കി അതിൻറെ അർത്ഥം ഉൾകൊണ്ട് കൊണ്ട് മാനുഷിക ചിന്തകൾ വെടിഞ്ഞ് യേശുവിൻറെ ഇഷ്ടത്തിനായി ജീവിക്കുക.

14.ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍

യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷം വ്യക്തമായി പറയുന്നു- “ഈ കാര്യങ്ങള്‍ അറിഞ്ഞ് ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍” (John 13:17). ഇവിടെ യേശു നമ്മോട് രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെടുന്നു. ഒന്ന്‍- ഈ കാര്യങ്ങള്‍ അറിയുക; രണ്ട്- ഇതനുസരിച്ച് പ്രവര്‍ത്തിക്കുക. എങ്ങനെയാണ് അറിയുക? ദൈവത്തിന്‍റെ വചനങ്ങള്‍ തെറ്റു കൂടാതെ ആധികാരികമായി നമുക്ക് വ്യാഖ്യാനിച്ചു തരുന്നത് സഭയാണ്. അതുകൊണ്ട് ശരിയായ അറിവ് നമുക്ക് ലഭിക്കുന്നത് സഭയില്‍ നിന്നുമാണ്.  രണ്ടാമതായി, ക്രിസ്തു പറയുന്നു: ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍! അതുകൊണ്ട് നാം അനുഗ്രഹിക്കപ്പെടണമെങ്കില്‍ ക്രിസ്തു പറയുന്നത് അനുസരിക്കണം. അത് അനുസരിക്കാന്‍ കൃത്യമായി പഠിപ്പിക്കാന്‍ സഭയ്ക്കു മാത്രമേ സാധിക്കൂ എന്ന്‍ നാം അറിഞ്ഞിരിക്കണം.”.

Author: JOHNSON G VARGHESE

Hi, I am Johnson G Varghese, Pastor and Bible Teacher @ Church of God in India, Living at Kerala,Kollam Dist.
1 1 vote
Article Rating
Subscribe
Notify of
guest

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments