
46 total views
അത്തി എന്ന വാക്ക് ആദ്യമായി എഴുതിയിരിക്കുന്നത് ഉല്പത്തിയുടെ പുസ്തകം മൂന്നാം അദ്ധ്യായം 7-ാം വാക്യം ആണ്. അവസാനമായി പറഞ്ഞിരിക്കുന്നത് വെളിപ്പാട് പുസ്തകത്തിലും ആകുന്നു. ദൈവം സൃഷ്ടിച്ച ഏദെൻ തോട്ടത്തിൽ ഉണ്ടായിരുന്ന വൃക്ഷങ്ങളുടെ പേരെടുത്ത് പറഞ്ഞിരിക്കുന്ന രണ്ട് വൃക്ഷങ്ങളിൽ ഒന്ന് അത്തി ആണ്. ആദ്യത്തേത് ജീവവ്യക്ഷവും. അത്തിയും കാട്ടത്തിയും ഉണ്ട്. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ വൃക്ഷമാണ് അത്തി. അത്തിയെ ഇംഗ്ലീഷില്‍ ഫിഗ് ട്രീ (Fig tree) എന്ന് വിളിക്കുന്നു. നഥനയേൽ അത്തിയുടെ കീഴിൽ ഇരുന്നപ്പോൾ യേശുക്രിസ്തു നഥനേലിനെ അത്തിയുടെ കീഴിൽ നിന്നാണ് കണ്ടെത്തിയതെങ്കിൽ (യോഹ.1:48),സക്കായിയെ കാട്ടത്തിയുടെ മുകളിൽ ഇരുന്നപ്പോഴാണ് യേശുക്രിസ്തു കണ്ടെത്തിയത്.(ലൂക്കോ.19:4,5)
അത്തിയുടെ ഇല
വേനൽ കാലത്തിൻറെ ആരംഭത്തിൽ അത്തി തളിർത്തു പൂക്കുവാൻ തുടങ്ങും. അത്തിയുടെ ഇലകൾ സാധാരണയായി 10 ഇഞ്ച് നീളത്തിലും 5 ഇഞ്ച് വീതിയിലും വരെ വളരാറുണ്ട്. അത്തി വൃക്ഷം. 25 മുതൽ 30 അടി വരെ പൊക്കത്തിൽ വളരുന്നതാണ് ഇത് . അത്തിയിൽ നല്ല കറകൾ ഉണ്ട്. ചെറിയൊരു പോറലോ, തട്ടോ ഉണ്ടായാൽ കറ പുറത്ത് വരും. ഇതു കളയാൻ എണ്ണ തേച്ചു കഴുകണം. അത്തിവൃക്ഷത്തിന്റെ സ്രവത്തിലെ അഥവാ കറയിൽ അടങ്ങിയിരിക്കുന്ന ഫ്യൂറോക്യുമറിനുകളാണ്(Furocoumarin) എന്ന രാസ വസ്തുവാണ് ചർമ്മവുമായി സമ്പർക്കം പുലർത്തുമ്പോൾ ഉണ്ടാക്കുന്ന അസ്വസ്ഥതയ്ക്കു പ്രധാന കാരണം. വേദന, ചൊറിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അത്തിവൃക്ഷത്തിന്റെ ഇലയും വേരിലെ സ്രവവും അസ്വസ്ഥതയ്ക്കു കാരണമാകുന്ന ഭാഗങ്ങളാണ്.
അരയാട
ഭൂമിയിൽ മനുഷ്യരുടെ ആദ്യവസ്ത്രം ഉടലെടുക്കുന്നത് അത്തിയുടെ ഇലയിൽ നിന്നാണ്. അരയാട എന്നാണ് ഈ വസ്ത്രത്തിൻറെ പേര് (ഉല്പ.3:7). എന്നാൽ ദൈവം മനുഷ്യർക്ക് നൽകിയ ആദ്യവസ്ത്രം തോൽ കൊണ്ടുള്ളതാണ്.(ഉൽപ്പത്തി 3:21). ക്ഹഗോറാ(എബ്രാ), എന്ന് വച്ചാൽ ഒരു അരക്കച്ചയോ, ബെൽറ്റോ പോലെ അരയിൽ കെട്ടാൻ ഉപയോഗിച്ച ഒന്ന്. മനുഷ്യനിർമ്മിതമായ ഇലകൊണ്ടു ഉണ്ടാക്കിയ മേലുടുപ്പ്. എന്നാൽ ദൈവം നിർമ്മിച്ച തോലുടുപ്പും മനുഷ്യൻ സ്വയം സൃഷ്ടിച്ച ഇലയുടെ മേലുടുപ്പും തമ്മിൽ ബന്ധപ്പെടുത്തി നോക്കിയാൽ ചൂട്, സംരക്ഷണം, സുഖം, ഈട് ഇവയുമായി യാതൊരു താരതമ്യവുമില്ല.
അത്തിയുടെ തണൽ
പാലസ്ഥീനിൽ ധാരാളമായി കാണുന്ന വൃക്ഷമാണ് അത്തി അതിനു ദീർഘ വൃത്താകൃതിയിലുള്ള ഇലകളും കൊമ്പുകളും ധാരാളം ഉള്ളതിനാൽ അതിന്റെ കീഴിൽ നല്ല തണുപ്പുണ്ട്. ഇതിന്റ തണൽ കൂടാരത്തിന്റെ തണലിനേക്കാൾ കുളിർമയും ഉന്മേഷവും പകരുന്നതായി പറയപ്പെടുന്നു .പുരാതന യിസ്രായേലിലെ കൃഷിപ്പണിക്കാർക്കു അവിടത്തെ മുന്തിരിത്തോപ്പുകളുടെ ഓരങ്ങളിൽ വളരുന്ന അത്തി വൃക്ഷങ്ങളുടെ തണലിൽ ഇരുന്നു ക്ഷീണം തീർക്കാൻ കഴിയുമായിരുന്നു അത്തിയുടെ ഇലകൾ സാധാരണയായി 10 ഇഞ്ച് നീളത്തിലും 5 ഇഞ്ച് വീതിയിലും വരെ വളരാറുണ്ട്..അത്തിയുടെ തണൽ നിർഭയവാസത്തെ കാണിക്കുന്നു (1രാജാ.4:25,മീഖ.4:4). പുതിയ നിയമത്തിൽ നഥനയേലിനെ യേശുക്രിസ്തു കണ്ടെത്തുന്നത് ഈ അത്തിയുടെ ചുവട്ടിൽ നിന്നാണ്.(യോഹ.1:48). ഒരു പക്ഷേ നഥനയേൽ ഈ അത്തിയുടെ തണലിൽ ആശ്രയിച്ചെന്നിരിക്കാം. വീതി കുറഞ്ഞ് നീണ്ട ഇലകളോട് കൂടിയ അത്തിയും വിടർത്തിയ കൈവിരലുകൾ പോലുള്ള ഇലകളുള്ള അത്തിയും ഉണ്ട്.
അത്തിയുടെ പഴം അഥവാ ഫലം
അത്തിപ്പഴം വളരെ മധുരവും, വിശേഷതയുമുള്ളതാണ്.(ന്യായ.9:11). കൈവിരലുകൾ പോലെ വിടർന്നിരിക്കുന്ന ഇലകളുള്ള അത്തിയുടെ പഴത്തിനാണ് മധുരം കൂടുതൽ ഉണ്ടാകുന്നത്. മധുരം കൂടുതൽ ഉള്ള ഈ അത്തിപ്പഴം ഉണ്ടാകുന്നത് ‘ഫിക്കസ് കാരിക്കേ’ എന്ന ഇനത്തിലാണ്. ഇതിൻറെ പഴം ഇലയുടെ ഇടുക്കിലാണ് ഉണ്ടാകുന്നത്. ഒരോ ഇലയിടുക്കുകളിലും ഒരു കായ വീതം ഉണ്ടാകും. പക്ഷിമൃഗാദികള്‍ക്ക് പ്രിയങ്കരമായ ഭക്ഷണമാണ് അത്തിപ്പഴം. ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്, ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു. അത്തിപ്പഴം പല നിറങ്ങളിലായി കാണപ്പെടുന്നു.( ബ്രൌൺ, മഞ്ഞ, പർപ്പിൾ അതേ രൂപത്തിലും നിറത്തിലും അധികം കാലം അതിന് നില്ക്കാൻ കഴിയാറില്ല എന്ന മാത്രമല്ല ഉണങ്ങിയ ചുളിവുള്ള തോലോടു കൂടിയ അത്തിപ്പഴമാണ് നമുക്കു ലഭിക്കാറുള്ളത്. അത്തിയുടെ പൂവ് പഴത്തിനകത്താണ് ഉണ്ടാകാറുള്ളത് അതുകൊണ്ട് അതിന്റെ പൂ പുറത്ത് കാണാൻ സാധിക്കില്ല. മോശെ കനാൻ ദേശം ഒറ്റുനോക്കുവാൻ അയച്ചവർ എസ്കോൽ താഴ്വരയോളം ചെന്നു അത്തിപ്പഴവും പറിച്ചുകൊണ്ടുവന്നു നാം വായിക്കുന്നു. (സംഖ്യ..13:23) നല്ല പോലെ പഴുത്ത കായ്ക്കൾ ആണ് കഴിക്കേണ്ടത്. ഇത് ഉണക്കി സൂക്ഷിക്കുകയും ചെയ്യാം. ഉണക്കി സൂക്ഷിക്കുന്നതിനാണ് മധുരവും രുചിയും കൂടുതൽ. മൂത്ത കായ്ക്കൾ കറിയുണ്ടാക്കാം എന്ന് പറയുന്നു. കായ്കൾ പഴുക്കുന്നതിന് മുൻപായി അഥായത് മൂത്ത് തുടങ്ങുന്നതിന് മുമ്പേ പറിച്ചെടുത്താൽ കറികളും ഉണ്ടാക്കാം. തൊലി കളഞ്ഞ് തോരനും ഉണ്ടാക്കാം. കായ്കൾക്കുള്ളിലെ പൂക്കളും പാചകം ചെയ്യുമ്പോൾ കളയാറില്ല. ഫ്രഷ് അത്തിപ്പഴത്തിനും ഉണങ്ങിയ അത്തിപ്പഴത്തിൻ്റെയും രുചി വ്യത്യസ്തമാണ്. ഫ്രൂട്ട് സലാഡിൽ ഇതിന്റെ ഫ്രഷ് ഫ്രൂട്ടും മറ്റു ഫ്രൂട്ടുകളോടൊപ്പം ചേർത്തു കഴിച്ചാൽ വളരെ രുചികരമാണ്. അതിൻറെ വിത്തുകൾ ഏതാണ്ട് നമ്മൾ പലതിനും ഉപയോഗിക്കാറുള്ള കസ്കസ് പോലെയോ അതിലും ചെറുതോ ആണ്. അത്തിപഴം മുഴുവന് ആ വിത്ത് കൊണ്ട് നിറഞ്ഞിരിക്കും. അതിനെ വേർതിരിച്ച് കളയേണ്ട ആവശ്യമില്ല. നന്നായി പരിശോധിച്ച് വേണം ഉണങ്ങിയവ കടയിൽ നിന്നു വാങ്ങാൻ. പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിയാത്തതു പോലെയുള്ള പുഴുക്കൾ കാണാൻ സാദ്ധ്യത ഉണ്ട്. ഈർപ്പം കുറവും തണുപ്പുള്ളതുമായ കാലാവസ്ഥ ഉള്ള വിദേശ രാജ്യങ്ങളിൽ ഉള്ള അത്തിപ്പഴത്തിൽ പുഴുക്കൾ കാണാൻ സാധ്യത കുറവാണ്. ഇന്ത്യയിൽ ഉള്ള അത്തിപ്പഴത്തിൽ ഒരു പക്ഷേ ഈർപ്പം കൂടുതലുള്ളതുകൊണ്ടാകാം പുഴുക്കൾ കണ്ടുവരുന്നത്.
തലക്കനി അഥവാ തലപ്പഴം
സാധാരണ അത്തിൽ വൃക്ഷത്തിൽ സ്വഭാവികമായി ഉണ്ടാകുന്ന ഫലത്തിന് മുന്നമേ തന്നെ ഒരു ഫലം അതിൽ ഉണ്ടാകും ഇങ്ങനെ ആദ്യം ഉണ്ടാകുന്ന ഫലത്തെ തലക്കനി അഥവാ തലപ്പഴം എന്നാണ് പറയുക. തലപ്പഴം സാധാരണയായി ഉണ്ടാകുന്ന അത്തിപഴത്തിന് മുമ്പേ തന്നെ പഴുത്തിരിക്കും. കാണുന്നവർക്ക് വളരെ ആഗ്രഹം ഉണ്ടാകും ഈ തലക്കനി പറിച്ചു തിന്നുവാൻ. അത്തിപ്പഴത്തിൻറെ ശരിയായ കാലത്തിന് മുമ്പെ തന്നെ ഇല പിരിയുമ്പോൾ തന്നെ ഈ തലപ്പഴം ഉണ്ടാകുന്നു എന്നുള്ളതാണ് ഇതിൻറെ സവിശേഷത. വേദപുസ്തകത്തിൽ ഈ തലക്കനി പോലെ ദൈവം യിസ്രായേലിൻറെ പിതാക്കൻമാരെ കണ്ടിരുന്നു. (യെശ.28:4, ഹോശേ.9:10.യിരെ.24:2). ഈ തലക്കനി നില്ക്കുമ്പോൾ തന്നെ രണ്ടമാതും തളിർത്തു കായ്ക്കും ആ കായ്ക്കൾ ഉള്ള കാലമാണ് “അത്തിപ്പഴക്കാലം”.
അത്തിപ്പഴക്കാലം
വിവിധ വർഗ്ഗത്തിൽ പെട്ട അത്തിവൃക്ഷങ്ങൾ ആകെ കൂടി ആണ്ടിൻറെ 10 മാസവും ഫലം പുറപ്പെടുവിക്കും. അവ മൂന്ന് തരത്തിലുണ്ട്
- തലക്കനി(ഉത്തമ.2:13,ഹോശേ.9:10). ജൂൺ അവസാനത്തോടെ ഫലം മൂത്തു പഴുക്കുന്നു. ഈ തരത്തിൽ പെട്ടവയാണ് വളരെ മനോഹരവും സ്വാദിഷ്ഠവുമായ പഴം.(യിരെ.24:1-9)
- വേനൽക്കാല കനി ജൂൺ മാസത്തിൽ തലക്കനി പഴുത്ത് പാകമാകുന്ന സമയത്ത് ഇവ കാണപ്പെടുവാൻ തുടങ്ങുകയും ആഗസ്റ്റ് മാസത്തോടെ പാകമാകുകയും ചെയ്യുന്നു. ഇത് ദീർഘനാളുകൾ നിലനില്കുന്നു,അവ സൂക്ഷിച്ചുവക്കുകയും ചെയ്യാം.
- ശീതകാല അത്തിപ്പഴം. വേനൽക്കാല കനികൾ ആഗസ്റ്റിൽ പാകമാകുമ്പോഴേക്കും ,ഇവ പ്രത്യക്ഷപ്പെടുവാൻ തുടങ്ങും. ഒക്ടോബർ അവസാനവും നവംബറിലുമായി ഈ ഫലങ്ങൾ പാകമാകുന്നു. ശീതകാലം കഠിനമല്ലെങ്കിൽ ഇവ വസന്തകാലം വരെയും പറിക്കുവാൻ കഴിയും.
അത്തിയട(PRESSED FIG CAKE)
ഉണക്കിയ അത്തിപ്പഴം അരച്ചു, ചില സുഗന്ധവ്യഞ്ജനങ്ങൾ ഒക്കെ ചേർത്തു അരെച്ചു ഉണ്ടാക്കുന്നതാണു രുചികരമായ അത്തിയട .(1ശമൂ25:18)). വിവേകിയും, സുന്ദരിയും ആയിരുന്ന അബീഗയിൽ ദാവീദിനു കൊടുത്തയച്ച സാധനങ്ങളിൽ 200 അത്തിയടയും ഉൾപ്പെട്ടിരുന്നു.
അത്തിപ്പഴക്കട്ട(Lump of figs)
പ്രകൃതിദത്തമായ ഒരു Antibiotic ആണു അത്തിപ്പഴം. അത്തിപ്പഴത്തിന്റെ പൾപ്പ് (Pulp) വേദനസംഹാരിയായും, നീരു മാറാനും ഒക്കെ പഴയകാലത്ത് ഉപയോഗിച്ചിരുന്നു. ഹിസ്കിയാ രാജാവിനു സൗഖ്യം വരേണ്ടതിനു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ വയ്ക്കുവാൻ യെശയ്യാ പ്രവാചകനിലൂടെ അരുളിചെയ്തു. (യെശ 38:21,2രാജ.20:7)
കാലനിർണ്ണയം കണക്കാക്കുന്നു.
അത്തിയുടെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു മനസ്സിലാക്കാം(മത്താ 24:28).
കാട്ടത്തി
കാട്ടത്തികൾ എണ്ണത്തിൽ പെരുപ്പമുള്ളതും താഴ്വീതികളിൽ വളരുന്നതുമാണ് (1രാജാ.10:27). യിസ്രായേലിനോടുള്ള ബന്ധത്തിൽ ദൈവം ഒരിക്കൽ അവരുടെ കാട്ടത്തി വൃക്ഷങ്ങളെ ആലിപ്പഴം കൊണ്ട് നശിപ്പിച്ചു(സങ്കീ.78:47). കാട്ടത്തിയിലും പഴം ഉണ്ടാകും. കാട്ടത്തിയുടെ തണ്ടുകളിലാണ് കായ്കൾ ഉണ്ടാകുന്നത്. ഇതിലെ കായ്കകൾ പഴുത്തുകിട്ടാൻ ബുദ്ധിമുട്ടാണ്. നല്ല പെരുങ്കാറ്റിൽ അത്തിയുടെ കായ് ഉതിർന്നു വീഴാറുണ്ട് എന്ന് ബൈബിൾ പറയുന്നു..(വെളി.6:13).അത് ഒരു പക്ഷേ ഈ കാട്ടത്തിയുടെ കായ്ക്കൾ ആയിരിക്കും പൊഴിഞ്ഞു വീഴുന്നത്. ഒരു പക്ഷേ ഇങ്ങനെ കാറ്റത്ത് പൊഴിഞ്ഞു വീഴുന്ന കാട്ടത്തി പഴം പെറുക്കുന്നവൻ ആയിരിക്കാം ഇടയനായ ആമോസ്.(ആമോ.7:14)വിശ്വാസത്തിൻറെ ശക്തിയെ പരീക്ഷിച്ചറിയാൻ കാട്ടത്തിയോട് കല്പിച്ചുനോക്കാൻ യേശുപറയുന്നു. (ലൂക്കോ.17:6). ഈ കാട്ടത്തിയുടെ മുകളിൽ നിന്നാണ് യേശുക്രിസ്തു സക്കായിയെ കണ്ടെത്തി രക്ഷിക്കുന്നത്(ലൂക്കോ.19:4).
ആത്മീക ബന്ധത്തിൽ അത്തിയുടെ സ്ഥാനം
1.അത്തിയുടെ തളിർപ്പ്-ഈറ്റുനോവിൻറെ ആരംഭം
യേശുക്രിസ്തുവിൻറെ വരവിനോടുള്ള ബന്ധത്തിൽ അത്തിയെ നോക്കി ഒരു ഉപമ പഠിപ്പാൻ യേശുക്രിസ്തു പറയുന്നു(മത്താ.24:32). യേശുക്രിസ്തുവിൻറെ വരവിൻറെ മുന്നോടിയായി ലോകത്തിൽ നടക്കുന്ന സംഭവങ്ങൾ അത്തിയുടെ തളിർപ്പ് വേനലിന് മുന്നോടിയായി പ്രത്യക്ഷപ്പെടുന്നത് പോലെ ആകുന്നു എന്ന് യേശു പഠിപ്പിക്കുന്നു. അതായത് അത്തിയുടെ തളിർപ്പ് ലോകാവസാനത്തിനും യേശുക്രിസ്തുവിൻറെ വരവിനും മുൻപ് നടക്കുന്ന സംഭവങ്ങളുടെ ഈറ്റുനോവിൻറെ ആരംഭം ആയി കാണുന്നു.
ദൈവം തൻറെ ന്യായവിധിയിൽ അത്തിവൃക്ഷത്തിൻറെ തളിർപ്പ് കെട്ടുപോയാലും പ്രവാചകനായ ഹബക്കൂക്ക് ഇപ്രകാരം പറയുന്നു. എൻറെ ആനന്ദം അത്തി വൃക്ഷത്തിൻറെ തളിർപ്പിനെ ആശ്രയിച്ചല്ല മറിച്ച് ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.(ഹബ.3:17,18)
2.ഫലം കൊടുക്കാത്ത അത്തി-മാനസാന്തരപ്പെടാത്തവരുടെ ന്യായവിധിയെ കാണിക്കുന്നു.
മുന്തിരത്തോട്ടത്തിൽ അത്തിവൃക്ഷം നട്ടിരിക്കുന്നതായി നാം യേശുക്രിസ്തുവിൻറെ ഉപമയിൽ കാണുന്നു.(ലൂക്കോ.13:6) സമയത്ത് ഫലം കൊടുക്കാത്ത ഒരു സ്വഭാവം ഈ അത്തിക്ക് ഉണ്ട് എന്ന് നാം അവിടെ വായിക്കുന്നു. മാനസാന്തരപ്പെടാത്ത മനുഷ്യരുടെ ന്യായവിധിയെ, ഫലം കൊടുക്കാത്ത അത്തി വൃക്ഷത്തെ വെട്ടിക്കളയുന്നതിനോട് യേശുക്രിസ്തു ഉപമിക്കുന്നു. യേശുക്രിസ്തുവിൽ വിശ്വസിച്ച് മാനസാന്തരപ്പെടാത്ത യെഹൂദനെയും ഈ അത്തി പ്രതിനിദാനം ചെയ്യുന്നു.
3.സ്വന്തം മഹത്വത്തെ അത്തി വൃക്ഷം തിരിച്ചറിയുന്നു.
ദൈവവും മനുഷ്യനും പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന പുഷ്ടി തിരിച്ച് അറിഞ്ഞ് സൂക്ഷിച്ച് രാജപദവി ഉപേക്ഷിച്ച വൃക്ഷമാണ് അത്തി വൃക്ഷം (ന്യായാധിപന്മാർ 9:11)
4.ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീഴും
യഹോവയുടെ കോപദിവസത്തിൽ. ഒന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീഴും എന്നുള്ളതാണ്.. ഇത് അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആയിരിക്കും എന്ന് വെളിപ്പാട് 6:13-ൽ പറയുന്നു.(Also read യെശ.34:4)
5.യിരെമ്യാവിൻറെ ദർശനത്തിലെ നല്ലതും ചീത്തയും ആയ അത്തിപ്പഴം
യഹൂദൻമാരെ ബാബേലിലേക്ക് പ്രവാസികളായി നെബൂഖദ് നേസർ രാജാവ് പിടിച്ചുകൊണ്ടുപോയി. അതിന് ശേഷം യിരെമ്യാവിനെ ദൈവം ഒരു ദർശനം കാണിച്ചു. അതിപ്രകാരം ആകുന്നു.
“യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിൻ മുമ്പിൽ വെച്ചിരിക്കുന്നതു കാണിച്ചു. ഒരു കൊട്ടയിൽ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയിൽ എത്രയും ആകാത്തതും തിന്മാൻ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു. യഹോവ എന്നോടു: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാൻ: അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാൻ വിചാരിക്കും. ഞാൻ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേൽവെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാൻ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല. ഞാൻ യഹോവ എന്നു എന്നെ അറിവാൻ തക്കഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായുമിരിക്കും; അവർ പൂർണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും. എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.”(യിരെ.24:2-8)
ഇവിടെ പ്രവാസത്തിൽ ആയിരിക്കുന്ന യെഹൂദ ബദ്ധൻമാരെ നല്ല അത്തിപ്പഴം പോലെയും എന്നാൽ ദൈവത്താൽ തൃജിക്കപ്പട്ടവരെ ചീത്തയുമായ അത്തിപ്പഴം പോലെ ആക്കും എന്നു പറയുന്നു.
6.അത്തിയും യിസ്രായേലും
ഈ അത്തി മരത്തെപ്പോലെ ഇസ്രായേൽ ജനതയ്‌ക്കും ഒരു കപടഭാവമാണുള്ളത്. ഈ ജനത്തിന് ദൈവവുമായി ഒരു ഉടമ്പടി ബന്ധമുണ്ട്. പുറമേ നോക്കിയാൽ നിയമം അനുസരിക്കുന്ന ഒരു കൂട്ടമാണെന്നേ തോന്നൂ. എന്നാൽ ഒരു ജനതയെന്ന നിലയിൽ അവർക്ക് വിശ്വാസമില്ലായിരുന്നു. നല്ല ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിലും അവർ പരാജയപ്പെട്ടു. ദൈവത്തിന്റെ സ്വന്തം പുത്രനെപ്പോലും ഉപേക്ഷിച്ചു. ഫലം തരാതിരുന്ന അത്തി മരം ഉണങ്ങിപ്പോകാൻ ഇടയാക്കിയതിലൂടെ ഫലശൂന്യരും വിശ്വാസമില്ലാത്തവരും ആയ ഇസ്രായേൽ ജനതയുടെ അവസാനം എന്തായിത്തീരുമെന്ന് യേശു കാണിക്കുകയായിരുന്നു.
അത്തിയുടെ ഔഷധഗുണങ്ങൾ
അന്നജം, മാംസ്യം, നാരുകള്‍, ഫോസ് ഫറസ്, മാഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് അത്തിപ്പഴം. കൊമ്പുകള്‍ നട്ടും വിത്തു മുളപ്പിച്ചും വേരില്‍ നിന്നും തൈകള്‍ ഉണ്ടാക്കാം. നാടന്‍ അത്തിയുടെ വേര്, തൊലി, കായ, ഇല എന്നിവ മരുന്നു നിർമ്മാണത്തിന് ഉപയോഗിച്ചു വരുന്നു. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്. ഇസ്രായേലിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ, ശ്രീലങ്ക, തുര്‍ക്കി , അമേരിക്ക, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. ഔഷധക്കൂട്ടില്‍ പ്രഥമ സ്ഥാനിയാണ് അത്തി. അത്തിയുടെ പഴം അധികനാൾ സൂക്ഷിച്ചു വക്കുവാൻ സാധ്യമല്ല. അതുകൊണ്ട് സംസ്ക്കരിച്ച് ഡ്രൈ ഫ്രൂട്ടാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അത്തിപ്പഴം സംസ്ക്കരിച്ച് ഉണ്ടാക്കുന്ന നിരവധി ഉൽപ്പനങ്ങളുമുണ്ട്. ജാം, കാന്‍ഡി, കൊണ്ടാട്ടം, വൈന്‍, ഹലുവ മുതലായവയ്ക്ക് വിപണിയിൽ നിരവധി ആവശ്യക്കാരുണ്ട്. പറിച്ചെടുത്ത അത്തിപ്പഴം ഞെട്ടും അടിഭാഗവും മുറിച്ചുകളഞ്ഞ് നാലു ഭാഗങ്ങളായി മുറിച്ചെടുക്കണം, ഒരുകിലോ മുറിച്ച കായ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ 80 ഗ്രാം ചുണ്ണാമ്പും 30 ഗ്രാം ഉപ്പും ഇട്ട് ഇളക്കി 24 മണിക്കൂര്‍ സൂക്ഷിക്കുക.അതിനുശേഷം നല്ല ശുദ്ധജലത്തില്‍ നാലു പ്രാവശ്യം കഴുകി വൃത്തിയാക്കി വൃത്തിയുള്ള തുണിയില്‍ കെട്ടി 5 മിനിട്ട് തിളച്ച വെള്ളത്തില്‍ മുക്കുക. തുടർന്ന് വെള്ളം വാര്‍ത്തുകളഞ്ഞ് ഉണങ്ങിയ തുണികൊണ്ട് തുടച്ച് ആവശ്യാനുസരണം മുറിച്ചെടുത്താണ് മറ്റ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കേണ്ടത്. അത്തിപ്പഴം പഞ്ചസാരയുമായി/ശർക്കര ( ബെല്ലം) ചേര്ത്തു കഴിച്ചാല്‍ രക്തശ്രാവം, ദന്തക്ഷയം, മലബന്ധം എന്നീ അസുഖങ്ങള്ക്ക് ശമനമുണ്ടാവും. മുലപ്പാലിനു തുല്യമായ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ അത്തിപ്പഴം കുഞ്ഞുങ്ങള്‍ക്ക് നല്‍കാം. നാല്‍പാമരങ്ങളുടെയും കല്ലാലിന്‍റെയും തൊലിയാണ് പഞ്ചവല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നത്. അത്തി, വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി ഉണ്ടാക്കുകയും ചെയ്യും ഇതിന്‍റെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴങ്ങള്‍ വെള്ളത്തിലിട്ട് രാത്രി പ്രസ്തുത വെള്ളവും പഴവും ചേര്‍ത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങള്‍ക്കും ഇത് ശമനോപാധിയാണ്