622 total views
1.ജാതികളുടെ ഉത്ഭവം
2.ഇതിൽ നോഹയുടെ മകനായ യാഫെത്തിൻറെ പുത്രൻമാരും അവരുടെ വംശവും
3.ഇതിൽ നോഹയുടെ മകനായ ഹാമിൻറെ പുത്രൻമാരും അവരുടെ വംശവും
4.നോഹയുടെ മകനായ ശേമിൻറെ പുത്രൻമാരും അവരുടെ വംശവും.
5.ബാബിലോണ്(അസ്സീറിയ) (നിമ്രോദിൻറെ ദേശം).
6.ഫെലിസ്ത്യർ
7.കനാന്യർ
8.രേസെൻ എന്ന പട്ടണം.
9.പന്ത്രണ്ട്ഗോത്രങ്ങളുടെ ഉത്ഭവം
10.പ്രഭുക്കൻമാർ
11.യിശ്മായേല്യർ (അരാബ്യർ അഥവാ അറബികൾ )
12.അനാക്യർ
13.അമ്മോന്യരും മോവാബ്യരും
14.മിദ്യാന്യർ
15.ഏദോമ്യർ
16.ശമര്യർ
17.അമോര്യർ
ജലപ്രളയത്തിൻ ശേഷം നോഹയുടെ പുത്രൻമാരായ ശേം,ഹാം,യാഫെത്ത്, എന്നിവരിൽ നിന്നും ജനിച്ച മക്കളുടെ വംശങ്ങളെയാണ് ജാതികൾ എന്നുപറയുന്നത്,
2.ഇതിൽ നോഹയുടെ മകനായ യാഫെത്തിൻറെ പുത്രൻമാരും അവരുടെ വംശവും
1. ഗോമർ.(ജർമ്മനി) (ഗോമറിൻറെ പുത്രൻമാർ 1. അസ്കെനാസ്,2. രീഫത്ത്,3.തോഗർമ്മ (അർമ്മേനിയ)
2. മഗോഗ്(റഷ്യ)
3. മദായി(പേർസ്യ)
4.യാവാൻ(ഗ്രീസ്) (യാവാൻറെ പുത്രൻമാർ1.ഏലീശ, 2.തർശിശ്(സ്പെയിൻ), 3.കിത്തീം (സൈപ്രസ്), 4.ദോദാനീം
5. തൂബൽ (റഷ്യ)
6. മേശെക്ക്(റഷ്യ)
7. തീരാസ്(ഇറ്റലി)
3.ഇതിൽ നോഹയുടെ മകനായ ഹാമിൻറെ പുത്രൻമാരും അവരുടെ വംശവും
1. കൂശ്(എത്യോപ്യ)-(കൂശിൻറെ പുത്രൻമാർ 1.സെബാ, 2.ഹവീല, 3.സബ്താ, 4.രമാ, 5.സബ്തെക്ക, 6.നിമ്രോദ്)
2. മിസ്രയീം(ഈജിപ്റ്റ്)-)മിസ്രയീമ്യൻറെ പുത്രൻമാർ 1.ലൂദീം, 2.അനാമീം, 3.ലെഹാബീം, 4.നഫ്തൂഹീം, 5.പത്രൂസീം, 6.കസ്ളൂഹീം, 7.കഫ്തോരീം.)
3. പൂത്ത്(ആഫ്രിക്ക)
4.കനാൻ(കനാന്യർ)-കനാൻറെപുത്രൻമാർ 1.സീദോൻ(ഫോയ്നീക്ക), 2.ഹേത്ത് (ഹിത്യർ), 3.യെബൂസ്യൻ(യെബൂസ്യർ), 4.അമോര്യൻ(അമോര്യർ),
5.ഗിർഗ്ഗശ്യൻ(ഗർഗശ്ശ്യർ)
6.ഹിവ്യൻ (ഹിവ്യർ),
7.അർക്ക്യൻ ,
8.സീന്യൻ ,
9.അർവ്വാദ്യൻ ,
10.സെമാര്യൻ ,
11.ഹമാത്യൻ )
4.നോഹയുടെ മകനായ ശേമിൻറെ പുത്രൻമാരും അവരുടെ വംശവും.
1. ഏലാം
2. അശ്ശൂർ
3. അർപ്പക്ഷാദ്
4. ലൂദ്
5. അരാം.
5.ബാബിലോണ്(അസ്സീറിയ) (നിമ്രോദിൻറെ ദേശം).
നോഹയുടെ മകനായ ഹാമിൻറെ ആദ്യപുത്രനായ കൂശിൻറെ ആറാമത്തെയും അവസാനത്തെയും ആയ മകൻ നിമ്രോദ് സ്ഥാപിച്ച പട്ടണമാണ് ബാബിലോൺ, അസ്സീറിയ(ഉൽപ.10:8-10).ഈ സ്ഥലത്തെ നിമ്രോദിൻറെ ദേശം എന്നും പറയുന്നു(മീഖ.5:6).
മിസ്രയീമ്യൻറെ ഏഴ് മക്കളിൽ ആദ്യത്തെ ആറ് മക്കളും അവരുടെ വംശവുമാണ് ഫെലിസ്ത്യർ എന്ന് അറിയപ്പെടുന്നത്(ഉൽപ.10:13-14)
ജലപ്രളയത്തിൻ ശേഷം നോഹ ക്യഷി ചെയ്യുവാൻ തുടങ്ങി. താൻ നട്ടുണ്ടാക്കിയ മുന്തിരിത്തോട്ടത്തിൽ നിന്നുണ്ടാക്കിയ വീഞ്ഞുകുടിച്ചതിനാൽ ലഹരി പിടിച്ചു നോഹ തൻറെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. എന്നാൽ നോഹയുടെ പുത്രനുമായ ഹാം (കനാൻറെ പിതാവ്) തൻറെ അപ്പൻറെ നഗ്നത കണ്ടിട്ടു വെളിയിൽ ചെന്നു തൻറെ രണ്ട് സഹോദരൻമാരായ ശേമിനോടും യാഫെത്തിനോടും വിവരം അറിയിച്ചു. ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായ ചെന്നുപിതാവിൻറെ നഗ്നത മറച്ചു. അവരുടെ മുഖം തിരിഞ്ഞിരുന്നത് കൊണ്ട് അവർ പിതാവിൻറെ നഗ്നത കണ്ടില്ല. എന്നാൽ നോഹ ലഹരി വിട്ടുണർന്നപ്പോൾ തൻറെ ഇളയമകനായ ഹാം ചെയ്തതറിഞ്ഞു നോഹ ഹാമിൻറെ മകനായ കനാനെ ശപിച്ചു പറഞ്ഞു “അവൻ തൻറെ സഹോദരൻമാർക്ക് അധമ ദാസനായി തീരും”(ഉൽപ.9:19-26) ശാപഗ്രസ്തനായ കനാൻ 11 പുത്രൻമാരെ ജനിപ്പിച്ചു. അവർ യഥാക്രമം
1.സീദോൻ
2.ഹേത്ത്
3.യെബൂസ്യൻ
4.അമോര്യൻ
5.ഗിർഗ്ഗശ്യൻ
6.ഹിവ്യൻ
7.അർക്ക്യൻ,
8.സീന്യൻ,
9.അർവ്വാദ്യൻ ,
10.സെമാര്യൻ ,
11.ഹമാത്യൻ . ഇവരാകുന്നു കനാന്യ വംശങ്ങൾ (ഉൽപ.15:20 ആവർ .7:1).
നോഹയുടെ രണ്ടാമത്തെ പുത്രനായ ശേമിൻറെ പുത്രനായ അശ്ശൂർ പണിത പട്ടണമാണ് രേസെൻ എന്നറിയപ്പെടുന്ന സഥലം(ഉൽപ.10:11-12) നോഹയുടെ മൂന്നാമത്തെ പുത്രനായ അർപ്പക്ഷാദിൻറെ മകൻ ശാലഹ്, ശാലഹിൻറെ മകൻ ഏബെർ , ഏബെരിൻറെ പുത്രൻമാർ പേലെഗ്, യൊക്താൻ (ഉൽപ. 10:24). പേലെഗിൻറെ കാലത്തായിരുന്നു ഭൂവാസികൾ പിരഞ്ഞുപോയത്.(ഉൽപ.10:25, 11:1-9) പേലെഗിൻറെ മകൻ രെയൂ, .രെയൂവിൻറെ മകൻ ശെരൂഗ്, ശെരൂഗിൻറെ മകൻ നാഹോർ , നാഹോരിൻറെ മകൻ തേരഹ്, തേരഹിൻറെ മകൻ അബ്രാം(അബ്രഹാം).
9.പന്ത്രണ്ട്ഗോത്രങ്ങളുടെ ഉത്ഭവം
അബ്രഹാമിൻറെ പുത്രൻമാർ യിസ്ഹാക്ക്, യിശ്മായേൽ . അവരിൽ യിസ്ഹാക്കിൽ നിന്നും യാക്കോബും ഏശാവും ജനിക്കുന്നു. യാക്കോബിൽ നിന്നും 12 ഗോത്രപിതാക്കൻമാർ ജനിക്കുന്നു. അവർ 1)രൂബേൻ ,2) ശിമെയോൻ , 3)ലേവി, 4)യഹൂദ, 5)യിസ്സാഖാർ, 6)സെബുലൂൻ , 7)ദാൻ 8)നഫ്താലി, 9)ഗാദ്, 10)ആശേർ , 11)യോസേഫ്, 12)ബെന്യാമീൻ ഇവരത്രെ.
യാക്കോബിൻറെ മകനായ ഏശാവ് ജനിപ്പിച്ച പുത്രൻമാർ ആരെന്ന് വച്ചാൽ
1).എലിഫാസ്,
2),രേയൂവേൽ ,
3).യെശൂശ്,
4).യലാമ്,
5).കോരഹ്.(ഉൽപ.36:3;1ദിന.1:35).
ഇതിൽ എലിഫാസും രേയൂവേലും ജനിപ്പിച്ച മക്കളുമാരാണ് പ്രഭുക്കൻമാരായിട്ട് അറിയപ്പെട്ടിരുന്നത് അവർ യഥാക്രമം. ഏലിഫാസ് ഏഴ് പ്രഭുക്കൻമാരെ ജനിപ്പിച്ചു.
1).തേമാൻ പ്രഭു.
2).ഓമാർ പ്രഭു.
3).സെഫോ പ്രഭു,
4).ശെനസ് പ്രഭു,
5).കോരഹ് പ്രഭു,
6).ഗത്ഥാം പ്രഭു,
7).അമാലേക്ക് പ്രഭു. ഇവർ തന്നെ. രെയൂവേൽ ജനിപ്പിച്ച മറ്റു പ്രഭുക്കൻമാർ ആരെന്നാൽ
1).നഹത്ത് പ്രഭു,
2).സേരഹ് പ്രഭു,
3).ശമ്മാപ്രഭു,
4).മിസ്സാപ്രഭു, ഇവർ തന്നെ.
11.യിശ്മായേല്യർ (അരാബ്യർ അഥവാ അറബികൾ )
അബ്രഹാമിൻ ദാസിയായ ഹാഗാരിൽ ജനിച്ച പുത്രനായ യിശ്മായേൽ പന്ത്രണ്ട്പുത്രൻമാരെ ജനിപ്പിച്ചു. അവർ യഥാക്രമം,
1.നെബായോത്ത്,
2.കേദാർ ,
3.അദ്ബെയേൽ ,
4.മിബ്ശാം,
5.മിശ്മാ,
6.ദൂമാ,
7.മസ്സാ ,
8.ഹദദ്,
9.തേമാ,
10.യെരൂർ ,
11.നാഫീഷ്,
12.ശേദമാ,
ഇവരത്രെ യിശ്മായേല്യർ എന്നറിയപ്പെട്ടവർ . യിശ്മായേൽ 137-മത്തെ വയസിൽ മരിച്ചു. യിശ്മായേല്യർ ഹവീല തുടങ്ങി അശ്ശൂരിലേക്ക് പോകുന്ന വഴിയിൽ മിസ്രയീമീൻ കിഴക്കുള്ള ശൂർ വരെ അവർകൂടിയിരുന്നു. അവർ തൻറെ സഹോദരൻമാർക്ക് എതിരെ പാർത്തു.(ഉൽപ.25:17,18) പൊൻകുടുക്കൻ (Golden earring) ധരിക്കുന്നവരാണിവർ (ന്യായ.8:24). ഈ യിശ്മായേല്യരാണ് യോസേഫിനെ ഇരുപത് വെള്ളിക്കാശിൻ വാങ്ങി(ഉൽപ.37:28)മിസ്രയീമ്യലേക്ക് വിറ്റത്.(ഉൽപ.39:1). ന്യായാധിപൻമാരുടെ കാലത്ത് ഇവർ യിസ്രായേലിനെ പീഡിപ്പിച്ചു(ന്യായ.8:24). ഈ യിശ്മായേല്യരുടെ വംശങ്ങളാണ് അറബികൾ എന്ന് അറിയപ്പെടുന്ന (2ദിന.17:11) മുഹമ്മദീയരിൽ അധികം പേരും.
അർബ്ബാ എന്നുപറയുന്ന അതിമഹാനായ ഒരു വ്യക്തിയുടെ(യോശു.14:15) വംശമാണ് അനാക്യർ എന്നുവിളിക്കപ്പെടുന്ന വംശം. അർബ്ബായുടെ പുത്രനാണ് അനാക്ക്. അനാക്കിൻ ശേശായി, അഹീമാൻ , തൽമായി, എന്നീ മൂന്ന് പുത്രൻമാർ ഉണ്ടായിരുന്നു.(യോശു.15:14). ഇവർ പാർത്തിരുന്നത് ഹെബ്രോനിലാണ്. ഹെബ്രോൻറെ മുൻപേർ തന്നെ കിര്യത്ത്-അർബ്ബാ എന്നാണ്(യോശു.14:15). ഈ അനാക്യർ മല്ലൻമാരുടെ സന്തതികളും ബലവാൻമാരും അതികായകൻമാരുമാണ്. സാധാരണ മനുഷ്യർ ഇവരുടെ കാഴ്ചക്ക് ഒരു വെട്ടുക്കിളി പോലെയുള്ളൂ (സംഖ്യ.13:32,33).കാരണം ഇവർ വലിപ്പവും പൊക്കവും ഉള്ള മല്ലൻമാരായ ജാതിയാണ്(ആവർ .10:10-11) യോശുവ ഈ അനാക്യജാതിക്കാരെ യുദ്ധത്തിൽ തോൽപ്പിച്ചു ഹെബ്രോൻ പിടിച്ചെടുത്തുവെങ്കിലും (യോശു.10:36-39, 11:21) മുഴുവൻ പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ഗസ്സയിലും ഗത്തിലും അസ്തോദിലും അനാക്യർ ശേഷിച്ചു(യോശു.11:22). എന്നാൽ കാലേബ് പൂർണ്ണമായി അനാക്യരെ തോൽപ്പിച്ചു ഹെബ്രോൻ മല പിടിച്ചെടുത്തു(യോശു.14:12-15). 1ശമുവേൽ 17-മദ്ധ്യായം 4 മുതൽ 7 വരെയുള്ള ഭാഗങ്ങളിൽ പറയപ്പെടുന്ന ഗഥ്യനായ ഗോല്യാത്ത് എന്ന മല്ലൻ ഒരു പക്ഷേ യോശുവയ്ക്ക് പിടിച്ചെടുക്കുവാൻ കഴിയാത്ത ഗത്തിലെ അനാക്യമല്ലൻമാരിൽ ഒരുവനായിരിക്കാം.
ദൈവം സൊദോമിനെയും ഗോമോരയുടെയും മേൽ അതിൻറെ അക്യത്യം നിമിത്തം ആകാശത്ത് നിന്നും ഗന്ധവും തീയും വർഷിപ്പിച്ചു. ആ ദേശത്തിൻ ഉൻമൂലനാശം വരുത്തി(ഉൽപ.19:24). എന്നാൽ ദൈവം അബ്രഹാമിനെ ഓർത്തു ലോത്തിനെ ഉൻമൂലനാശത്തിൽ നിന്നും രക്ഷിച്ചു(ഉൽപ.19:29) അനന്തരം ലോത്തും തൻറെ രണ്ടു പുത്രിമാരുമായി സോവർ വിട്ടു ഒരു പർവ്വത ഗുഹയിൽ പാർത്തു. ലോത്തിൻറെ രണ്ട് പുത്രിമാരും കൂടിയാലോചിച്ച് തങ്ങൾക്ക് അപ്പനാൽ സന്തതികളെ ലഭിക്കേണ്ടുന്നതിൻ ലോത്തിനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടി ശയിക്കുകയും അപ്പനാൽ ഗർഭം ധരിക്കുകയും ചെയ്തു. മൂത്തവൾ പ്രസവിച്ച മകൻ മോവാബ് എന്ന് പേരിട്ടു. ഈ മോവാബിൻറെ വംശമാണ് മോവാബ്യർ(ഉൽപ.19:30-38) ഇവർ വസിക്കുന്ന ദേശമാണ് മോവാബ്യദേശം. ഇത് യോർദ്ദാന്നക്കരെ സ്ഥിതി ചെയ്യുന്നു(ആവർ.1:5). വളരെ ധിക്കാര മനോഭാവമുള്ളവരാണിവർ (സെഫ.2:8).മോവാബ്യരുടെ ദേവൻറെ പേർ കെമോശ് എന്നാകുന്നു.(1രാജ.11:7). ഇളയവൾ പ്രസവിച്ച മകൻ ബേൽ -അമ്മി എന്ന് പേരിട്ടു. അവൻറെ വംശമാണ് അമ്മോന്യർ (ഉൽപത്തി.19:38) അമ്മോന്യനും മോവാബ്യനും യഹോവയുടെ ആലയത്തിൽ പ്രവേശിക്കരുത് എന്ന് ദൈവം കർക്കശമായി കൽപിച്ചു. കാരണം യിസ്രായേൽ മക്കളുടെ മരുഭൂപ്രയാണ യാത്രയിൽ അവർ മോവബ് സമഭൂമിയിൽ എത്തിയപ്പോൾ മോവാബ് യിസ്രായേൽ മക്കളെ കണ്ട് പരിഭ്രമിച്ചു മിദ്യാൻ മൂപ്പൻമാരെ കണ്ട് അവരോട് കൂട്ട് കൂടി അന്നത്തെ മോവാബ് രാജാവായ ബാലാക്കിൻറെ സഹായത്താൽ പ്രശ്ന ദക്ഷിണയുമായി ബിലയാമിനെ കാണുകയും യിസ്രായേലിനെ യുദ്ധത്തിൽ തോൽപ്പിച്ചോടിക്കേണ്ടുന്നതിൻ വേണ്ടി അവരെ ശപിക്കേണം എന്നുപറയുകയും ചെയ്തു.(സംഖ്യ.22) എന്നാൽ ദൈവം മോവാബിനെയും അമ്മോന്യയും കുറിച്ചാഗ്രഹിച്ചിരുന്നത് യിസ്രായേൽ മക്കൾ മോവാബ് സമഭൂമിയിൽ എത്തിയപ്പോൾ അവർ അപ്പവും വെള്ളവും കൊണ്ട് വഴിയിൽ യിസ്രായേൽ മക്കളെ വന്ന് എതിരേൽക്കണമെന്നായിരുന്നു. എന്നാൽ മറിച്ചു അവരെ ശപിപ്പാൻ മെസൊപൊത്തമ്യയിലെ പെഥോരിൽ നിന്നു ബെയോരിൻറെ മകനായ ബിലെയാമിനെ യിസ്രായേൽ മക്കൾക്ക് വിരോധമായി കൂലിക്ക് വിളിപ്പിച്ചതു കൊണ്ട് തന്നെ ദൈവം മോശെയ്ക്ക് കൽപന കൊടുത്തു. അവരുടെ പത്താം തലമുറ പോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത് എന്ന്.(ആവർത്തനം.23:3-5). അമ്മോന്യനും മോവാബ്യനും യിസ്രായേൽ മക്കളിൽ ഉൾപ്പെട്ടവരല്ല. മോവാബ്യ സ്ത്രീയായ രുത്തിൻറെ വിശ്വസത്തിൻ ഈ ശാപത്തിൻമേൽ ജയം പ്രാപിക്കുവാൻ കഴിഞ്ഞു. എങ്ങനെയെന്നാൽ : ന്യായാധിപൻമാർ ന്യായപാലനം ചെയ്ത സമയത്ത് എലീമേലെക്ക് എന്ന ഒരു യഹൂദൻ ബേത്ത്ലഹേമിൽ നിന്നും തൻറെ ഭാര്യയും രണ്ട് പുത്രൻമാരുമായി മോവാബ് ദേശത്ത് പാർപ്പാൻ പോയി. എന്നാൽ എലീമേലെക്ക് അവിടെ വച്ച് മരണപ്പെട്ടതിൻ ശേഷം പുത്രൻമാർ മോവാബ് ദേശത്തിൽ നിന്നും മോവാബ്യ സ്ത്രീകളെ വിവാഹം കഴിച്ചു. അതിൽ ഒരുവൻറെ ഭാര്യയുടെ പേർ രൂത്ത് എന്നും മറ്റവളുടെ പേർ ഓർപ്പാ എന്നും ആകുന്നു. എന്നാൽ ഏലീമേലെക്കിൻറെ രണ്ടു പുത്രൻമാരും മരണപ്പെട്ടു അവരുടെ ഭാര്യമാരും അമ്മായിഅമ്മയായ നൊവൊമിയും ശേഷിച്ചു. നൊവൊമി തൻറെ രണ്ടു മരുമക്കളെയും മോവാബ് ദേശത്ത് അവരുടെ വീട്ടിൽ വിട്ടേച്ച് താൻ ബേത്ത്ലഹേമിലേക്ക് മടങ്ങിപ്പോകുവാൻ തീരുമാനിച്ചു. എന്നാൽ ഓർപ്പാ അമ്മായി അമ്മയെ ചുംബിച്ചു തൻറെ ജനത്തിൻറെയും തൻറെ ദേവൻറെയും അടുക്കലേക്ക് മടങ്ങിപ്പോയി. എന്നാൽ രുത്ത് അമ്മായിഅമ്മയായ നൊവോമിയെ വിട്ടുപിരിയാൻ മനസ്സില്ലാതെ ഇപ്രകാരം പറഞ്ഞു: നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിൻറെ ജനം എൻറെ ജനം; നിൻറെ ദൈവം എൻറെ ദൈവം. നീ മരിക്കുന്നേടത്ത് ഞാനും മരിച്ചു അടക്കപ്പെടും . മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരികയില്ല.(രുത്ത്. 1:17). രൂത്തിൻറെ നിർബന്ധത്താൽ നൊവൊമിയുമായി ബേത്ത്ലഹേമിൽ പോയ രൂത്തിനെ അമ്മായിയപ്പനായ ഏലീമേലെക്കിൻറെ കുടുംബത്തിലുള്ള ബോവസ് എന്നുപറയുന്ന ധനവാനായ ഒരു ചാർച്ചക്കാരൻ വിവാഹം കഴിക്കുകയും യഹോവ അവൾക്ക് ഗർഭം നൽകി ഒരു മകനെ പ്രസവിക്കുവാൻ സഹായിച്ചു. ആ മകൻറെ പേർ ആണ് ഓബേദ്. ഓബേദിൻറെ മകനാണ് യിശ്ശായി. യിശ്ശായിയുടെ മകനാണ് ദാവീദ്.(രൂത്ത്. 4:12-17) യേശുക്രിസ്തുവിൻറെ വംശാവലിപ്പട്ടികയിൽ മോവാബ് സ്ത്രീയായ രൂത്ത് സ്ഥാനം പിടിച്ചു(മത്തായി.1:5-6). അങ്ങനെ രൂത്ത് യേശുക്രിസ്തുവിൻറെ വൽയമ്മച്ചിയായി. നോക്കൂ,പിതാക്കൻമാർ ദൈവത്തിനും ദൈവജനത്തിനും ദ്രോഹം ചെയ്തു ശാപഗ്രസ്തരായി തീർന്നപ്പോൾ പിൻതലമുറയിലെ രൂത്ത് ദൈവത്തെയും ദൈവജനത്തെയും സേവിക്കുകയും അംഗീകരിക്കുകയും ചെയ്തതിനാൽ ശാപവിമുക്തരായി ദൈവാനുഗ്രഹം പ്രാപിപ്പാൻ ഇടയായിത്തീർന്നു. അമ്മോന്യരെ സംബന്ധിച്ചു പറയുകയാണെങ്കിൽ: അവർ അതിക്രൂരൻമാരാണ്. തങ്ങളുടെ അതിരുകളെ വിസ്താരമാക്കേണ്ടുന്നതിൻ ഗർഭിണികളെപ്പോലും പിളർന്നുകളയും.(ആമോസ്.1:13). ഇവർ ദൈവജനത്തെ നിന്ദിക്കുന്നവരും ദൈവജനത്തിൻ വിരോധമായി വമ്പുപറയുകയും അവരെ ശകാരിക്കുകയും ചെയ്യുന്നവരാണ്.(സെഫ. 2:8). ദൈവത്തിൻറെ വിശുദ്ധമന്ദിരം അശുദ്ധമായി തീർന്നപ്പോൾ അതിനെയും യിസ്രായേൽ ശൂന്യമായിത്തീർന്നപ്പോൾ അതിനെയും യഹൂദഗൃഹം പ്രവാസത്തിലേക്ക് പോയപ്പോൾ അവരെയും ചൊല്ലി നന്നായി എന്ന് ഈ അമ്മോന്യർ പറയുകയുണ്ടായി.(യെഹ.25:3-4). നെഹമ്യാവിൻറെ മതിൽ പണിക്ക് ഇവർ വളരെ തടസമായി നിലകൊണ്ടു.(നെഹ.4:3,7,8). ഇവരുടെ ദേവൻമാരുടെ പേരാണ് മിൽക്കോം അഥവാ മോലേക്ക്.(1രാജ.11:5,7,33). അമ്മോന്യ സ്ത്രീകളിൽ നിന്നുള്ള വിവാഹം യിസ്രായേൽ മക്കൾക്ക് വിലക്കാകുന്നു(എസ്രാ.9:1-3).ആസാഫ് 83-മത് സങ്കീർത്തനത്തിൽ അമ്മോന്യർക്കും മോവാബ്യർക്കും നാശം പ്രവചിക്കുന്നു.
കെതൂറക്ക് അബ്രഹാമിൽ ജനിച്ച ആറ് മക്കളിൽ നാലാമത്തെ മകനാണ് മിദ്യാൻ (ഉൽപ.25:1-4). കെതൂറ അബ്രഹാമിൻറെ വെപ്പാട്ടിയായിരുന്നതിനാൽ അബ്രഹാം വാഗ്ദത്ത സന്തതിയായ യിസ്ഹാക്കിനോടൊപ്പം അവകാശം കൊടുക്കാതെ വെപ്പാട്ടിയുടെ മക്കൾക്ക് ദാനങ്ങളെ കൊടുത്തു. യിസ്ഹാക്കിൻറെ അടുക്കൽ നിന്നും കിഴക്കോട്ടേക്കുള്ള ദേശത്തേക്ക് അയച്ചു(ഉൽപ.25:5-7). അവർ അരബ്യയിലെ ഒരു മരുഭൂമിയിൽ പോയി പാർത്തു. ഇവർ പാർത്ത പട്ടണമാണ് മിദ്യാന്യദേശം(പുറ.2:15). മോവാബ്യരോടൊപ്പം ഇവരും യിസ്രായേൽ ജനത്തെ ശപിക്കേണ്ടുന്നതിൻ വേണ്ടി ബിലെയാമിനെ കൂലിക്ക് വിളിക്കേണ്ടുന്നതിൻ കൂട്ടുനിന്നു.(സംഖ്യ.22:4-7) മോശെ ഒരു മിസ്രയീമ്യനെ അടിച്ചുകൊന്നു മണലിൽ മറവ് ചെയ്തശേഷം (പുറ.2:12)ഓടിപ്പോയി പാർത്തത് മിദ്യാന്യദേശത്തിലാണ്(പുറ.2:15). മിദ്യാന്യദേശത്തിൽ വച്ചാണ് മോശെ സിപ്പോറയെ വിവാഹം കഴിക്കുന്നതും ഗേർശോം എന്ന മകൻ ജനനം കൊടുക്കുകയും ചെയ്തത്.(പുറ.2:21-22).
ഏശാവിൻറെ വംശപരമ്പരയാണ് ഏദോമ്യർ (ഉൽപ.36:9). ഏശാവിൻറെ മറുപേരാണ് ഏദോം. ഏദോം എന്നുവച്ചാൽ ചുവന്നവൻ എന്നർത്ഥം. ഏശാവിൻ ചുവന്നവൻ എന്നർത്ഥം വരുന്ന ഏദോം എന്ന പേർ വരുവാൻ കാരണം ഉൽപത്തി പുസ്തകം 25:30 പറയുന്നു: ഒരിക്കൽ യാക്കോബ് ഒരു പായസം വച്ചു.ഏശാവ് വെളിമ്പ്രദേശത്ത് നിന്നു വന്നു. അവൻ നന്നാ ക്ഷീണിച്ചിരുന്നു. ആ ചുവന്ന പായസം കുറെ എനിക്ക് തരണം,ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നുപറഞ്ഞു. അതുകൊണ്ട് അവന്ന് ഏദോം(ചുവന്നവൻ) എന്നുപേരായി. ഏദോമ്യർ വസിച്ചിരുന്ന ദേശത്തിൻറെ പേരാണ് സേയീർ ദേശം.(ഉൽപ.32:3). സേയീർദേശത്ത് ഏദോമ്യർ വസിച്ചിരുന്നതിനാൽ ഈ ദേശത്തിൻ ഏദോം എന്നറിയപ്പെടുന്നു. സേയീർ പ്രദേശം മുഴുവനും പാറപ്പിളർപ്പുകളും പർവ്വതങ്ങളും അടങ്ങിയ ദേശമാണ്. ഇവയുടെമേൽ ആണ് ഏദോമ്യരുടെ വാസം.(യിരെ.49:16,2ദിന.25:12). ഇവരുടെ സ്വഭാവം എന്നുപറയുന്നത് ഇവർ വിഗ്രഹാരാധികളും(2ദിന.25:14-20) ഹൃദയത്തിൽ അഹങ്കാരം നിറഞ്ഞവരും(യിരെ.49:16) പ്രശ്നം വെപ്പിലും ക്ഷുദ്രത്തിലും ശകുനത്തിലും വിശ്വസിക്കുന്നവരും(യിരെ.27:3,9),സിംഹം പോലെ ബലം ഉള്ളവരും(യെഹ.25:12) ആകുന്നു. ഗ്രീക്കുകാർ ഏദോമിൻ വിളിച്ചിരുന്നത് ഇദൂമ്യ എന്നാണ്.(ഇംഗ്ളീഷ് പരിഭാഷ: മർക്കോസ് 3:8) ഏശാവ് സെയീർ പർവ്വതം തെരഞ്ഞെടുക്കുവാനുള്ള കാരണം: തനിക്ക് ഭാര്യമാരും പുത്രൻമാരും പുത്രിമാരും വീട്ടിലുള്ളവരൊക്കെയും തൻറെ ആടുമാടുകളും സകലമ്യഗങ്ങളും കനാൻ ദേശത്ത് വച്ച് താൻ സമ്പാദിച്ച വളരെ സമ്പത്തുക്കളും ഉള്ളതിൻറെ കാരണത്താലാണ്.(ഉൽപ. 36:6). ഈ സമയത്ത് യാക്കോബ് പദ്ദൻ-അരാമിൽ ലാബാൻറെ അടുക്കൽ നിന്നും തൻറെ ഭാര്യമാരെയും പുത്രൻമാരെയും ഒട്ടകപ്പുറത്ത് കയറ്റി തൻറെ കന്നുകാലികളെ ഒക്കെയും താൻ പദ്ദൻ-അരാമിൽ വച്ചു സമ്പാദിച്ച സമ്പത്തും മൃഗങ്ങളും കൊണ്ട് കനാൻ ദേശത്തേക്ക് വന്നു.(ഉൽപ.31:17-18) ഇങ്ങനെ കനാൻ ദേശം ഏശാവിനും യാക്കോബിന്നും ഒന്നിച്ചു പാർപ്പാൻ വഹിയാതെവണ്ണം അവരുടെ സമ്പത്തും മൃഗങ്ങളും അധികമായിരുന്നു(ഉൽപ.36:7). ഈ കാരണത്താൽ ഏശാവ് യാക്കോബിൻറെ സമീപത്ത് നിന്നും ദൂരെ ഒരു ദേശമായ സേയീർ പർവ്വതത്തിൽ കുടിയേറി(ഉൽപ.36:6-8). ഈ ഏശാവിൻറെ വംശപരമ്പരയാണ് ഏദോമ്യർ. സേയീർ ദേശത്തെ ഏദോം എന്നറിയപ്പെടുന്നു. ഏദോമ്യർ അതിവേഗം വർദ്ധിച്ചുപെരുകയും അവരിൽ നിന്നും പ്രഭുക്കൻമാരും രാജാക്കൻമാരും ഉണ്ടാവുകയും ചെയ്തു.(ഉൽപ.36:15-19, 31-43). ദൈവത്തിൻറെ വാഗ്ദത്തം ഒരു പക്ഷേ ഏശാവിൻമേൽ ഉണ്ടായിരുന്നത് കൊണ്ടാകാം(ഉൽപ.25:23).ദൈവം മോശെയോട് ഇപ്രകാരം കൽപിച്ചിരുന്നു: സേയീരിൽ പാർക്കുന്ന നിൻറെ സഹോദരൻമാരോട് പടയെടുക്കരുത്. അവരുടെ ദേശത്ത് ഞാൻ ഞാൻ നിങ്ങൾക്ക് ഒരു കാൽവെപ്പാൻ പോലും ഇടം തരികയില്ല. സേയീർ പർവ്വതം ഞാൻ ഏശാവിൻ അവകാശമായി കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞു(ആവ.2:5). എങ്കിലും പലപ്പോഴും ഏദോമ്യർ യിസ്രായേലിനെ പീഡിപ്പിച്ചുവെങ്കിലും ശൌലും ദാവീദും തങ്ങളുടെ രാജവാഴ്ചയിൽ ഏദോമ്യരെ തോൽപ്പിച്ചു. പിന്നീട് അവർ യിസ്രായേലിൻറെ ആശ്രിതരായിരുന്നു. ബാബേൽകാർ വന്നു യെരുശലേം നശിപ്പിച്ചപ്പോൾ ഏദോമ്യർ അവരോട് ചേർന്നു യിസ്രായേലിനെ കൊള്ളയിട്ടു. ഇടിച്ചു കളവിൻ,അടിസ്ഥാനം വരെ ഇടിച്ചു കളവിൻ എന്ന് ഏദോമ്യർ പറഞ്ഞു(സങ്കി.139:7). ഇങ്ങനെ പറഞ്ഞ ഏദോമ്യർക്കായി യെരുശലേമിൻറെ നാൾ ഓർത്തു പ്രതികാരം ചെയ്യണമേ എന്നുപറഞ്ഞു പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ച സങ്കീർത്തനക്കാരൻറെ പ്രാർത്ഥനക്ക് (സങ്കീ.139:7) ഉത്തരമായി യെഹെസ്കേൽ പ്രവാചകനിൽ കൂടെ ദൈവം ഏദോമിൻമേലുള്ള തൻറെ ന്യായവിധിയെ പ്രസ്താവിച്ചിരിക്കുന്നു(യെഹ.25:12-14).
യിസ്രായേലിൻറെ രാജാവായിരുന്ന ഒമ്രി ശേമെർ എന്നുപറയുന്ന ആളിനോട് രണ്ട് താലന്ത് വെള്ളിയ്ക്ക് ഒരു മല വാങ്ങി പട്ടണം പണിതു. താൻ പണിത പട്ടണത്തിൻ ആ മലയുടെ ഉടമസ്ഥനായിരുന്ന ശേമെരിൻറെ പേരിൻ പ്രകാരം ശമര്യ എന്നുപേരിട്ടു(1രാജ.16:24). അന്ന് യിസ്രായേലിൻറെ തലസ്ഥാനമായിരുന്നു ശമര്യാപട്ടണം. യേശുക്രിസ്തുവിൻറെ കാലത്ത് പാലസ്തീനിലെ ഒരു ഡിസ്ട്രിക്ക്റ്റ് ആയിരുന്നു ശമര്യ. യിസ്രായേൽ മക്കളായിരുന്നു ശമര്യ പട്ടണത്തിൽ പാർത്തിരുന്നത് എന്നാൽ യിസ്രായേൽ ഭരിച്ചിരുന്ന രാജാവായിരുന്ന ഹോശേയുടെ കാലത്ത് താൻ അശ്ശൂർ രാജാവായിരുന്ന ശൽമനേസർക്ക് ആണ്ടുതോറുമുള്ള കപ്പം കൊടുക്കാതിരുന്നതിനാൽ യിസ്രായേൽ രാജാവായ ഹോശേയെ പിടിച്ചു ബന്ധിച്ചു കാരാഗ്യഹത്തിൽ ആക്കുകയും ശമര്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ട് പോയി പാർപ്പിക്കുകയും ചെയ്തു. ഇങ്ങനെ യിസ്രായേൽ ദേശം സ്വദേശം വിട്ടു പരദേശത്തേക്ക് പ്രവാസത്തിൻ പോയ സമയം അശ്ശൂർ രാജാവ് ബാബേൽ,കൂഥാ,അവ്വ,ഹമാത്ത്,സെഫർവ്വയീം എന്നിവിടങ്ങളിൽ നിന്നും ആളുകളെ വരുത്തി യിസ്രായേൽ മക്കൾക്ക് പകരം ശമര്യപട്ടണത്തിൽ പാർപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിൻറെ പട്ടണങ്ങിൽ പാർത്തു(2രാജ.17:1-6,23-26) ഇങ്ങനെ വന്നു പാർത്ത ആൾക്കാർ ദൈവത്തിൻറെ മാർഗ്ഗം അറിയാത്തവരായിരുന്നു. അവിടെ വന്നു പാർത്ത ഒരോ ജാതികളും അവരവരുടെ ദേവൻമാരെ ഉണ്ടാക്കി ആരാധന കഴിച്ചു. ബാബേൽകാർ അവരുടെ ദേവനായ സുക്കോത്ത്-ബെനോത്തിനെയും കൂഥക്കാർ അവരുടെ ദേവനായ നേർഗാലിനെയും അവ്വക്കാർ അവരുടെ ദേവൻമാരായ നിബ്ഹാസിനെയും തർത്തക്കിനെയും ഹമാത്തുകാർ അശീമയെയും സെഫർവ്വക്കാർ സെഫർവ്വയീം ദേവൻമാരായ അദ്രമേലെക്കിനെയും അനമേലെക്കിനെയും ഉണ്ടാക്കി വിഗ്രഹാരാധന കഴിച്ചുപോന്നു.(2രാജ.17:30-31) ശമര്യ നിവാസികൾ ദൈവത്തെ അറിയാത്ത വിഗ്രഹത്തെ ഭജിച്ചതിനാൽ ദൈവം ഒരിക്കൽ അവരുടെ ഇടയിൽ സിംഹത്തെ അയച്ചു അവരിൽ ചിലരെ കൊന്നു. ഈ വിവരം അശ്ശൂർ രാജാവ് അറിഞ്ഞപ്പോൾ താൻ യിസ്രായേലിൽ നിന്നും അശ്ശൂരിലേക്ക് ബദ്ധരാക്കി പിടിച്ചുകൊണ്ട് വന്ന യിസ്രായേൽ പുരോഹിതൻമാരിൽ ഒരാളെ തിരിച്ചു ശമര്യായിലേക്ക് അയച്ചു അവർക്ക് ദൈവത്തിൻറെ മാർഗ്ഗം ഉപദേശിച്ചുകൊടുക്കുവാൻ കൽപിച്ചു. പുരോഹിതൻ ദൈവത്തിൻറെ മാർഗ്ഗം ഉപദേശിച്ചുകൊടുത്തതിൻപ്രകാരം അവർ ദൈവത്തെ ഭജിച്ചുവെങ്കിലും അവർ തങ്ങളുടെ പണ്ടത്തെ മര്യാദ വിട്ടുകളയാതെ വിഗ്രഹങ്ങളെ കൂടി സേവിച്ചു. ദൈവത്തിൻറെ ന്യായപ്രമാണം ഉപദേശിച്ചുകൊടുത്തുവെങ്കിലും അവർ അനുസരിച്ചില്ല. ഇങ്ങനെ അവർ ദൈവത്തെ ഭജിക്കുകയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കുകയും ചെയ്തു. (2രാജ.17:25-41) ശമര്യക്കാർക്ക് ദൈവത്തിൻറെ മാർഗ്ഗം വ്യക്തമായിരുവെന്ന് യോഹന്നാൻറെ സുവിശേഷം 4-മദ്ധ്യായം 5 മുതൽ 42 വരെയുള്ള ഭാഗത്ത് യേശുവിനോട് സംഭാഷിക്കുന്ന ശമര്യ സ്ത്രീയുടെ സംസാരത്തിൽ നിന്നും നമുക്ക് മനസിലാക്കുവാൻ കഴിയുന്നു. ശമര്യാസ്ത്രീ യിസ്രായേലിൻറെ ചരിത്രം മനസിലാക്കിയിരുന്നുവെന്ന് 12-മത്തെ വാക്യത്തിൽ കൂടിയും യിസ്രായേലിൻറെ ദൈവത്തെ ആരാധിക്കേണ്ടത് യെരുശലേമിൽ ആണെന്നും മശിഹാ എന്നുവച്ചാൽ ക്രിസ്തുവരുമെന്നും ശമര്യാസ്ത്രീ ഗ്രഹിച്ചിരുന്നതിനാൽ നമുക്ക് ഇപ്രകാരം മനസിലാക്കുവാൻ കഴിയുന്നു യിസ്രായേലിൻറെ പുരോഹിതൻമാർ ശമര്യായിലെ ജനത്തെ ന്യായപ്രമാണം നല്ലത് പോലെ ഗ്രഹിപ്പിച്ചിരുന്നുവെന്ന്. ഇവയെല്ലാം ഗ്രഹിച്ചിരുന്നുവെങ്കിലും അവർ മലയിൽ വിഗ്രഹത്തെ തന്നെ ആരാധിച്ചിരുന്നു. ദൈവത്തെ കുറിച്ചു അവർക്ക് ലഭിച്ചിരുന്ന അറിവിനാൽ പലപ്പോഴും യിസ്രായേൽ മക്കളോട് ആത്മീകമായി അവർക്ക് സഖ്യം ഉണ്ടാക്കണം എന്നാഗ്രഹിച്ചു. എന്നാൽ വിഗ്രഹാരാധന വിട്ടുകളയാതുള്ള അവരുടെ ദൈവീക ആരാധന യിസ്രായേൽ മക്കൾ അംഗീകരിച്ചില്ല. കോരശിൻറെ ഭരണകാലത്ത് സെരുബ്ബാബേലിൻറെയും യേശുവായുടെയും നേത്യത്വത്തിൽ യഹോവക്ക് മന്ദിരം പണിയുവാൻ തുടങ്ങുമ്പോൾ ശമര്യക്കാർ യഹൂദൻമാരോടിപ്രകാരം പറഞ്ഞു: ഞങ്ങൾ നിങ്ങളോട് കൂടെ പണിയട്ടെ: നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അൻവോഷിക്കുകയും ഞങ്ങൾ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർ രാജാവായ എസർ -ഹദ്ദോൻറെ കാലം മുതൽ യാഗം കഴിക്കുകയും ചെയ്തുപോരുന്നു എന്നുപറഞ്ഞു. എന്നാൽ സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽ പിത്യഭവനത്തലവൻമാരും ഇപ്രകാരം പറഞ്ഞു: ഞങ്ങളുടെ ദൈവത്തിൻറെ ആലയം പണിയുന്നതിൽ നിങ്ങൾക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല, പാർസി രാജാവായ കോരെശ് രാജാവ് ഞങ്ങളോട് കൽപിച്ചിരുന്നത് പോലെ ഞങ്ങൾതന്നെ യിസ്രായേലിൻറെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം എന്നുപറഞ്ഞു. അവരെ ആലയം പണിക്ക് കൂട്ടിയില്ല.(എസ്രാ.4:1-3) യേശുക്രിസ്തു തൻറെ 12 അപ്പൊസ്തലൻമാരെ അയയ്ക്കുമ്പോൾ ഇപ്രകാരം കൽപിച്ചു: നിങ്ങൾ ശമര്യരുടെ പട്ടണത്തിൽ സുവിശേഷവുമായി പോകരുത്(മത്താ.10:3). എന്നാൽ പരിശുദ്ധാത്മാവിൻറെ ശക്തി നിങ്ങൾക്ക് ലഭിക്കുമ്പോൾ നിങ്ങൾ ശമര്യയിൽ പോകണം എന്നുകൽപിച്ചു(അപ്പൊ.1:8). കർത്താവിൻറെ കൽപനപ്രകാരം ശിഷ്യൻമാർ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചതിനുശേഷം,ഫിലിപ്പോസ് ശമര്യ പട്ടണത്തിൽ പോയി സുവിശേഷീകരിക്കുകയും പട്ടണം യേശുക്രിസ്തുവിനെ കൈകൊണ്ട് രക്ഷിക്കപ്പെടുകയും പട്ടണം മുഴുവൻ സന്തോഷം പ്രാപിക്കുവാൻ തക്കവണ്ണം ഇടയായിതീരുകയും ചെയ്തു(അപ്പൊ.8:4-8). ഇങ്ങനെ യഹൂദൻമാരോട് ചേർന്ന് അവർക്ക് യഹോവയുടെ മന്ദിരം പണിവാനുള്ള ആഗ്രഹം ദൈവം മാനിച്ച് ദൈവസഭയാകുന്ന യഹോവയുടെ മന്ദിരം പണിയിലേക്ക് യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം പ്രവേശനം സാധ്യമാക്കി. ശമര്യക്കാർ പൊതുവെ നന്ദിയുള്ളവരും(ലൂക്കോ.17:15-16) മനസ്സലിവും കരുണയും ഉളളവരാണ്(ലൂക്കോ.10:33,37). പലസ്ഥാനത്തും രക്ഷിക്കപ്പെട്ട് ദൈവീകാനുഗ്രഹവും അത്ഭുതങ്ങളും പ്രാപിച്ച ദൈവജനം നന്ദി കാണിക്കേണ്ട സ്ഥാനത്ത് നന്ദി കാണിക്കാതെ ഇരുന്നപ്പോൾ അന്യജാതിക്കാരായ ശമര്യക്കാർ നന്ദികാണിക്കുകയും (ലൂക്കോ.17:11-19) ദൈവം തെരഞ്ഞെടുത്ത ജനമെന്നും ദൈവത്തിൻറെ പുരോഹിതമാർ എന്നും പറഞ്ഞ് നടക്കുന്നവർ മറ്റുള്ള അശരണരും മുറിവേറ്റവരോടും കാണിക്കേണ്ട മനസ്സലിവും കരുണയും സഹായവും ചെയ്യാത്ത സ്ഥാനത്ത് മനസ്സലിവും കരുണയും സഹായവും ഈ അന്യജാതിക്കാരായ ശമര്യാക്കാർ കാണിച്ചിട്ടുണ്ട്(ലൂക്കോ.10:30-37). അതുകൊണ്ട് തന്നെ രക്ഷിക്കപ്പെട്ട ദൈവമക്കൾക്ക് പലപ്പോഴും ജാതീയ മനുഷ്യരുടെ നല്ല പ്രവർത്തികൾ കണ്ട് മാത്യകയാക്കുവാൻ യേശുക്രിസ്തു ബുദ്ധിയുപദേശിക്കുന്നു (ലൂക്കോ.10:37).
കനാൻറെ പതിനൊന്ന് മക്കളിൽ നാലാമത്തെ മകനാണ് അമോര്യർ . ഈ അമോര്യൻറെ വംശ പാരമ്പര്യമാണ് അമോര്യർ എന്നറിയപ്പെടുന്ന ജാതികൾ (ഉൽപ.10:15). കനാൻ പ്രദേശമാണ് ഇവരുടെ യഥാർത്ഥ ജനനസ്ഥലം(യെഹ,16:3). ദൈവം യിസ്രായേൽ ജനത്തിൻ വാഗ്ദത്തം ചെയ്ത കനാൻ ദേശത്ത് പാർക്കുന്ന ഏഴ് മഹാജാതികളിൽ ഒരു ജാതിയാണ് അമോര്യർ (ആവ.7:1). മലവാസികളാണിവർ. യോർദ്ദാൻറെ ഇരുകരകളിലുമായി ഇവർ വാണിരുന്നു. പൊതുവെ അക്രമികളാണിവർ (ഉൽപ.15:16) ഇവരുടെ ഉയരം ദേവദാരുക്കളുടെ ഉയരം പോലെയും അവരുടെ ശക്തി കരുവേലകങ്ങൾ പോലെയുമാണ്(ആമോ.2:9). വിഗ്രഹാരാധനയിലും ദേവൻമാരെ ഭജിച്ചും കഴിയുന്നവരാണ് (ന്യായ.6:10). യിസ്രായേലിൻറെ മരുഭുപ്രയാണമദ്ധ്യേ മോശെ തന്നെ അമോര്യ രാജാക്കൻമാരായ ഓഗിനെയും സീഹോനെയും സംഹരിച്ചു(ആവ.31:4). യോശുവയുടെ കാലത്ത് യോർദ്ദാൻറെ പടിഞ്ഞാറെ കരയിൽ അഞ്ചു രാജാക്കൻമാർ ഉണ്ടായിരുന്നു(യോശു.10:5). ഈ അഞ്ചു രാജാക്കൻമാരെയും യോശുവ വെട്ടികൊന്നു മരത്തിൻമേൽ തൂക്കി(യോശു.10:16-17). എങ്കിലും ചിലരെ യിസ്രായേൽ മക്കൾക്ക് നിർമ്മൂലമാക്കുവാൻ കഴിഞ്ഞില്ല. എന്നാൽ ശലോമോൻ തൻറെ ഭരണകാലത്ത് ദേശത്ത് ശേഷിച്ചിരുന്നവരായ അമോര്യരെ ഊഴിയവേലക്കാരാക്കി(1രാജ.9:21) യിസ്രായേലിൻറെ അവകാശത്തിൻമേൽ ശക്തമായിരുന്ന ഈ മഹാജാതിയെ ദൈവം മുഴുവനായി കനാൻ ദേശത്ത് നിന്നും തുടച്ചുമാറ്റി. ആമോസ്. 2:9 ഇപ്രകാരം പറയുന്നു: ഞാനോ അമോര്യനെ അവരുടെ മുമ്പിൽ നിന്നും നശിപ്പിച്ചു കളഞ്ഞു,അവൻറെ ഉയരം ദേവദാരുക്കളുടെ ഉയരം പോലെയായിരുന്നു,അവൻ കരുവേലകങ്ങൾ പോലെ ശക്തിയുള്ളവനായിരുന്നു,എങ്കിലും ഞാൻ മീതെ അവൻറെ ഫലവും താഴെ വേരും നശിപ്പിച്ചു കളഞ്ഞു. —end–