1,706 total views
എഴുതിയത് പാസ്റ്റർ ഷിബു ടി.ജോർജ്ജ്.(കുളത്തുപ്പുഴ ഷിബു)
M.A; M.Th; B.L.I.S
എമ്മവുസ്സിലേക്ക് യാത്ര ചെയ്തിരുന്ന രണ്ടു ശിഷ്യൻമാരോട് കർത്താവായ യേശുക്രിസ്തു പറഞ്ഞ വാക്കുകൾ ഓർക്കുക. “എന്നെപ്പറ്റി മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എഴുതിയിരിക്കുന്നതു നിവൃത്തിയാകേണമെന്നു ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരുന്നപ്പോൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ…”(ലൂക്കോസ്. 24:44). സങ്കീർത്തനങ്ങൾ അവിടുത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ടെന്ന് യേശുകർത്താവ് സമർത്ഥിക്കുന്നു. അവിടുത്തെ പീഡാസഹനങ്ങൾ തിരുലിഖിതങ്ങളിൽ മുൻകൂട്ടി പറയുന്നുണ്ട്. അതിനർത്ഥം സങ്കീർത്തനങ്ങൾക്ക് ഒരു ക്രിസ്തു തലമുണ്ട്. മനുഷ്യപുത്രൻറെ ജീവിതം അവയിൽ നിഴലിക്കുന്നു. അവ ദൈവപുത്രനായ യേശു കർത്താവിൽ പൂർത്തീകരിക്കപ്പെടുന്നു. ചുരുക്കത്തിൽ സങ്കീർത്തനങ്ങൾ ക്രിസ്ത്വാത്മകമാണ്. യേശുക്രിസ്തുവിൻറെ ആത്മാവ് സങ്കീർത്തനങ്ങളിൽ ധ്വനിക്കുന്നു.
സാഹിത്യരൂപം (Literary Form)
സങ്കീർത്തനങ്ങളെ കൃത്യമായി തരം തിരിക്കുക എളുപ്പമല്ല. സങ്കീർത്തനം മനുഷ്യ ജീവിതത്തിൻറെ വിവിധ ഭാവങ്ങളെ പ്രതിഫലിപ്പിക്കുന്നു. അതു എബ്രായ കവിതയാണ്. ഒറു കവിതയിൽ എഴുതുന്ന ആളിൻറെ എഴുതുന്ന സമയത്തുണ്ടായിരുന്ന വികാരമാണ് പ്രതിബിംബിക്കുക. അതു സന്തോഷമാകാം, സങ്കടമാകാം, നന്ദി പ്രകടനമാകും, സ്തുതി ആകാം. അതു മനസിലാക്കി വേണം ഒരോ കവിതയുടെയും സ്വഭാവത്തെ അളക്കാൻ. അല്ലാതെ സങ്കീർത്തനത്തിൻറെ തലക്കെട്ട് നോക്കി അതിൽ പറയുന്ന ആളിൻറെ ജീവചരിത്രത്തിലേക്ക് പോവുകയല്ല വേണ്ടത്. ഒരോ സങ്കീർത്തനത്തിലും എന്താണ് പ്രകടമായ വികാരം എന്നതിൻറെ അടിസ്ഥാനത്തിലാണ് തരം തിരിക്കുന്നത്. ഇങ്ങനെ തരം തിരിക്കുന്ന രീതിയനുസരിച്ച് ഓരോ സങ്കീർത്തനവും ഒരു സാഹിത്യരൂപ(Literary form) ത്തിൽ പെടുന്നു എന്നു കാണാം. ആ രീതി കണ്ടുപിടിച്ചത് ജർമ്മൻ പണ്ഡിതരാണ്. അവരുടെ ഭാഷയിൽ അതിന് ഷൊൻറെ(Genre)എന്നാണ് പറയുന്നത്. ഒരോ സങ്കീർത്തനത്തിനും ഇങ്ങനെ ഒരു സാഹിത്യരൂപം(ഷൊൻറെ) ഉണ്ട്. എങ്കിലും ചില സങ്കീർത്തനങ്ങൾ സമ്മിശ്ര സ്വഭാവമുള്ളവയാണ്. അതിനാൽ ചില സങ്കീർത്തനങ്ങളെ ഒരു ഗണത്തിൽ മാത്രം ഉൾപ്പെടുത്താൻ പ്രയാസമാണ്. ചിലവ ഭാഗീകമായി ഒരു ഗണത്തിലും ഭാഗീകമായി മറ്റൊരു ഗണത്തിലും പെടാവുന്നതാണ്. അങ്ങനെ വിവിധ ഗണത്തിൽ പെടാവുന്ന സങ്കീർത്തനങ്ങളെ ചുവടെ ഒരു വലയത്തിൽ നൽകിയിരിക്കുന്നു.
1. വിലാപം/ശോക ഗാനം. (Dirge/Elegy/Lament)
വിവിധ തരത്തിലുള്ള വിലാപ സങ്കീർത്തനങ്ങളുണ്ട്
(1). വ്യക്തിഗത വിലാപം (Individual Complaint/Personal Lament)
വ്യക്തി ജീവിതത്തിൽ വന്നു ഭവിക്കുന്ന പ്രശ്നങ്ങളാണ് ഇത്തരം സങ്കീർത്തനങ്ങളിലെ വിലാപത്തിന് കാരണം. ഞാൻ, എനിക്ക്, എൻറെ എന്നീ പദങ്ങൾക്ക് പ്രധാന്യം. ഉദാ. സങ്കീ. 3 മുതൽ 7 വരെ, 10,11,13,17,22,(25),26,27,28, (31),35,36,38,40:12-17,41,42,43,51,54,55,56,57,59,61,64,69,70,71,77,86,88,(89),102,109,120,(130),(139),140-143,144:1-11
(2). സമുഹ വിലാപം(Complaint of Community/Congregational Lament)
സമുഹത്തിന് വന്നു ഭവിക്കുന്ന ദുരന്തങ്ങളിൽ ജനം ഒരുമിച്ച് ദൈവസന്നിധിയിൽ ചെന്ന് വിലപിക്കുന്നു. വരൾച്ച, വൈദേശിക ആക്രമണം, പകർച്ചവ്യാധികൾ, തുടങ്ങിയ വിപത്തുകളാകാം കാരണം. ഞങ്ങൾ, ഞങ്ങളുടെ, തുടങ്ങിയ പദങ്ങൾക്ക് പ്രാധാന്യം. ഉദാ. സങ്കീ.12,(14),44,(53),60,74,79,80,83,85,89,38-51,90,94,108,123,(130),137,144:12-14
വിലാപ സങ്കീർത്തനങ്ങൾക്ക് അഭിസംബോധന,യാചന/പരാതി, സഹായഭ്യർത്ഥന, വിശ്വാസം ഉറപ്പിച്ചു പറയുക, സ്തുതി എന്നിങ്ങനെ പൊതുവായി ഒരു ഘടനയുണ്ട്. എന്നാൽ ഈ ഘടനയിലെ എല്ലാ ഭാഗങ്ങളും ഒരോ സങ്കീർത്തനത്തിലും കണ്ടെന്ന് വരില്ല. ഒരു സങ്കീർത്തനം ഇന്ന സാഹിത്യ രൂപം തന്നെ/മാത്രം ആണ് എന്ന് ഉറപ്പിച്ച് പറയാനും ആവില്ല. ‘അങ്ങനെ കരുതാം’ എന്നു വേണേൽ പറയാം.
മറ്റ് പ്രത്യേകതരം വിലാപങ്ങൾ
(1). അനുതാപ(പ്രായശ്ചിത്ത) സങ്കീർത്തനങ്ങൾ(Penitential Psalms)
ദൈവത്തോടൊ, മനുഷ്യരോടൊ, സമുഹത്തോടൊ പാപം ചെയ്തു എന്നു തിരിച്ചറിയുമ്പോൾ ആ കുറ്റബോധത്തിൽ നിന്നും ഉളവാകുന്ന വികാരമാണ് അനുതാപം അഥവാ പശ്ചാത്താപം. ഏഴ് അനുതാപ സങ്കീർത്തനങ്ങളാണ് ഉള്ളത്. 6,32,38,51,102,130,143
(2). പകയുടെ സങ്കീർത്തനങ്ങൾ (Psalms of Vindictiveness)
വ്യക്തിക്കോ, സമൂഹത്തിനോ ദോഷം ചെയ്തവർക്കെതിരെ ഉണ്ടാകുന്ന മാനുഷികമായ കോപത്തിലും ക്രോധത്തിൽ നിന്നും ഉരുവാകുന്ന ശാപ വചനങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങൾ. ഉദാ. 35,69,83,88,109,137,140.
(3). നിരപരാധിയുടെ പ്രാർത്ഥന (Prayer of an Innocent)
യാതൊരു തെറ്റും ചെയ്യാത്ത ആളെ അന്യായമായി കുറ്റം ആരോപിക്കുമ്പോൾ, സമുഹത്തിൽ നിന്നും ഒറ്റപ്പെടുത്തുമ്പോൾ , അദ്ദേഹത്തിന് ഉണ്ടാകുന്ന സങ്കടം. അത് പ്രകടിപ്പിക്കുന്ന സങ്കീർത്തനങ്ങൾ. ഉദാ.7,35,57,69. മറ്റ് ഇതര പ്രാർത്ഥനാ സങ്കീർത്തനങ്ങളെയും (Psalms of prayer) ഈ വിഭാഗത്തിൽ ഉൾപ്പെടുത്താം. ഉദാ.17,102, ധ്യാന സങ്കീർത്തനങ്ങൾ(meditation)90, 139.
ഇങ്ങനെ വ്യക്തിഗതവും സാമൂഹികവുമായ സങ്കടങ്ങളിൽ നിന്നും ഉണ്ടാകാവുന്ന പരാതി പാട്ടുകളെ എല്ലാം ഈ വിലാപ,ശോക ഗാന ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.