565 total views
ദൈവം നേരുള്ളവൻ (GOD IS UPRIGHT)
“നേര്” എന്ന് വെച്ചാൽ ഇംഗ്ളീഷിൽ “upright” എന്നാകുന്നു. Yashar എന്ന ഹിബ്രൂവാക്കിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചിരിക്കുന്നത്.
സങ്കീർത്തനം 25:8,92:15, പറയുന്നു, “യഹോവ നല്ലവനും നേരുള്ളവനും നീതികേടില്ലാത്തവനും” ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു. നേരുള്ളവനെ നേർവ്വഴി കാണിക്കുവാൻ കഴിയുകയുള്ളൂ. ദൈവം നേരുള്ളവനായിരിക്കുന്നത് കൊണ്ട് ദൈവത്തിൻറെ വിധികളും നേരുള്ളതായിരിക്കുന്നു. ദൈവം അതാത് സമയത്ത് നേരോടെ വിധിക്കുകയും ന്യായപാലനം ചെയ്യുകയും ചെയ്യുന്ന ദൈവം ആണ് (സങ്കീ.75:2; സങ്കീ.67:4; സങ്കീ.9:7). മനുഷ്യനിലെ നേരിനെ കണ്ടാണ് ദൈവം വിധി കല്പിക്കുന്നത്(സങ്കീ.17:2). മനുഷ്യൻ നേര് സംസാരിച്ചാൽ അത് കണ്ട് ആനന്ദിക്കുവനാണ് ദൈവം(സദൃ.23:16). നേര് പറഞ്ഞാൽ രാജാക്കൻമാർപോലും സ്നേഹിക്കും(സദൃ.16:13).
ദൈവം നേരുള്ളവനായിരിക്കുന്നത് കൊണ്ട് തന്നെ ആരാധിക്കുന്നവരും നേരുള്ളവരായിരിക്കണം എന്ന് ദൈവം ആജ്ഞാപിക്കുന്നു.
ദൈവം നേരുള്ളവനായിരിക്കുന്നത് കൊണ്ട് തൻറെ സഭയും നേരുള്ളതായിരിക്കണം എന്നും തന്നെ സ്തുതിക്കുന്നവരും നേരുള്ളവരായിരിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു(സങ്കീർത്തനം 111:1, 33:1). നേരൊടെ പ്രാർത്ഥിക്കുന്നവൻറെ പ്രാർത്ഥനയിൽ മാത്രമേ ദൈവം പ്രസാദിക്കുന്നുള്ളു.(സദൃ.15:8) അങ്ങനെ നേരൊടെ ദൈവത്തെ സ്തുതിക്കുന്നവന് മാത്രമേ, ദൈവ മുഖം കാണുവാനും ദൈവസന്നിധിയിൽ വസിക്കുവാനും കഴിയുകയുള്ളൂ. വചനം ഇങ്ങനെ പറയുന്നു. “നേരുള്ളവർ അവൻറെ മുഖം കാണും” .(സങ്കീ.11:7). “നേരുള്ളവർ നിൻറെ സന്നിധിയിൽ വസിക്കും”.(സങ്കീ.140:13). “നീതിയായി നടന്ന് നേർ പറയുന്നവൻ ഉയരത്തിൽ വസിക്കും”(യെശ.33:15-16). നേരൊടെ ദൈവത്തെ സ്തുതിക്കുന്നവൻറെ ജീവിതത്തിൽ വരുന്ന എല്ലാ പ്രയാസവേളകളിലും പരിശോധനകളിലും, ഇരുളിൻറെ അനുഭവം നേരിട്ടാൽ പോലും അവൻറെ വെളിച്ചം മറഞ്ഞിരിക്കുകയില്ല. “നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു” (സങ്കീ.112:4). നേരുള്ളവരുടെ ഹ്യദയത്തെ ദൈവം ശോധന ചെയ്തു അവരുടെ പരമാർത്ഥതയിൽ(uprightness) പ്രസാദിക്കുന്നു.(1ദിന.29:17)
നേരൊടെ നടക്കുന്നവൻറെ കുടുബം അനുഗ്രഹിക്കപ്പെടുന്നു.
നേരായി നടക്കുന്നവൻ യഹോവാഭക്തൻ(സദൃ.14:2). അവൻറെ തലമുറ അനുഗ്രഹിക്കപ്പെടുന്നു(സങ്കീ.112:2). നേരുള്ളവൻറെ കുടുംബം ഒരിക്കലും ക്ഷീണിച്ചുപോകുന്നില്ല. “നീതിമാൻറെ (upright) കൂടാരം തഴയ്കും”(സദൃ.14:11). നേരുള്ളവൻറെ കുടുംബത്തിന് എതിരെ വരുന്ന എല്ലാ ശിഥിലതകളെയും ദൈവം ഇല്ലായ്മ ചെയ്യും. വചനം പറയുന്നു, “നേരുള്ളവന് വേണ്ടി ദൈവം ഉണർന്ന് വരും. അവൻറെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനമാക്കും” (ഇയ്യോബ്.8:6). ദരിദ്രനാണേൽ പോലും അവൻ നേരുള്ളവനെങ്കിൽ അവൻ ഉത്തമൻ. സദൃ.28:6 പറയുന്നു, “ പരമാർത്ഥതയിൽ(uprightness) നടക്കുന്ന ദരിദ്രൻ ഉത്തമൻ”.
നേരുള്ളവൻ തൻറെ വഴികളെ ശോധന ചെയ്യുന്നു. അവൻ തൻറെ അനുദിന ജീവിതത്തെ തിരിച്ചറിഞ്ഞ് അവൻറെ വഴികളുടെ കുറവുകളെ പരിഹരിക്കുന്നു. സദൃശ്യവാക്യം 21:29 പറയുന്നു “നേരുള്ളവനോ തൻറെ വഴി നന്നാക്കുന്നു”. അവൻ ദോഷം വിട്ട് അകന്ന് നടക്കുന്നതിനാൽ തന്നെ അവൻറെ വഴികളൊക്കെയും വിശാലമായിരിക്കുന്നു. അവൻറെ പ്രവർത്തികൾ ഒക്കെയും അവന് നിസാരമായി നിവർത്തിക്കപ്പെടുന്നു. വചനം പറഞിരിക്കുന്നത് ശ്രദ്ധിക്കുക, ദോഷം “അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി” (സദൃ.16:17).
നേരുള്ളവൻറ നീതിയും വാക്കുകളും അവന് എപ്പോഴും വിടുതലിന് കാരണമായി തീരുന്നു. അവരുടെ നിഷ്കളങ്കത്വം അവരെ എപ്പോഴും വഴിനടത്തും. നിർഭയത അവൻറെ ജീവിതത്തിൽ ഉണ്ടായിരിക്കും. നന്മകൾക്ക് മുടക്കം നേരിടുന്നതുമില്ല.(സദൃ.11:6) (സദൃ.12:6). (സദൃ.11:3). (സദൃ.10:9) . (സങ്കീ.84:11).
ദൈവത്തിൻറെ വഴികളും വചനങ്ങളും നേരുള്ളവന് ദുർഗ്ഗവും ഗുണകരവുമാണ്. വചനം പറയുന്നത് ശ്രദ്ധിച്ചാൽ അത് മനസിലാക്കുവാൻ കഴിയും. “യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം”(സദൃ.10:29). “നേരായി നടക്കുന്നവന്നു എൻറെ വചനങ്ങൾ ഗുണകരമല്ലയോ”.(മീഖ.2:7)
നേരൊടെ നടക്കുന്നവൻറെ പട്ടണം അനുഗ്രഹിക്കപ്പെടുന്നു.
നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു (സദൃ.11:11). നേരുള്ളവർ ദേശത്തു വസിക്കും(സദൃ.2:21). നേരുള്ളവനെ സാത്താന് ദേശത്ത് നിന്ന് ഓടിച്ചുകളവാൻ കഴിയുകയില്ല. മറിച്ച് നേരുള്ളവർ പുലർച്ചെക്കു അവരുടെമേൽ വാഴും(സങ്കീ.49:13).
എന്നാൽ സഭാപ്രസംഗി ഇങ്ങനെ കൂടി തൻറെ ലേഖനത്തിൽ പറയുന്നു. നേർ പ്രവർത്തിച്ചവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തിൽ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാൻ കണ്ടു(സഭാ. 8:10). ചില സാഹചര്യങ്ങളിൽ മനുഷ്യൻറെ നേരിനും താഴ്ചയ്ക്കും ഒന്നും അത്ര വേഗം അംഗീകാരം മനുഷ്യനിൽ നിന്ന് കിട്ടണമെന്നില്ല. യേശുക്രിസ്തുവിന് പോലും തൻറെ താഴ്ചയിൽ ന്യായം കിട്ടാതെ പോയി എന്ന് നാം വായിക്കുന്നുവല്ലോ.
മനുഷ്യൻറെ ആദിമ സൃഷ്ടി തന്നെ നേരുള്ളവനായിട്ടായിരുന്നു. ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു എങ്കിലും അവൻ ദൈവത്തെ വിട്ടുകളഞ്ഞു അവൻറെ മനസ് ഉപദേശിച്ച സൂത്രങ്ങളെ പിൻതുടർന്നു. നേര് നഷ്ടപ്പെട്ട അവൻറെ മനസ് അഹങ്കാരം കൊണ്ട നിറഞ്ഞു. (സഭാ. 7:29), (ഹബ.2:4).
എന്നാൽ “നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു. (യെശ.57:2).”